ന്യൂഡൽഹി: അജിത് ഡോവൽ. ശത്രുക്കൾക്ക് പേടിസ്വപ്നമായ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്. കാബിനറ്റ് പദവിയോടെ രണ്ടാം വട്ടവും പ്രധാനമന്ത്രി പരമപ്രധാന ദൗത്യമേല്പിച്ച ഡോവൽ കേരളത്തിന് ഉറ്റമിത്രവും രക്ഷകനുമാണ്. ലോകത്തെവിടെ മലയാളികൾ അപകടത്തിൽ പെട്ടാലും രക്ഷാദൂതനായി ഡോവലെത്തും. അവരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ മുന്നിൽ നിൽക്കും. 1968 ബാച്ച് കേരള കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനാണ് ഈ ഉത്തരാഖണ്ഡുകാരൻ. ഐസിസ് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ 46 മലയാളി നഴ്സുമാരെ 2014ൽ ഇറാക്കിലെ തിക്രിത്തിൽ നിന്ന് രക്ഷിച്ചത് ഡോവലിന്റെ മിടുക്കിലായിരുന്നു.
പതിവു മാർഗങ്ങൾ വിട്ടുള്ള ഇടപെടലാണ് ഡോവൽ നടത്തിയത്. കേന്ദ്രസർക്കാർ ഇറാഖ് ഭരണകൂടവുമായി ബന്ധപ്പെട്ടപ്പോൾ ഐസിസുമായി അടുപ്പമുള്ള സുന്നി നേതാക്കളിലൂടെയായിരുന്നു ഡോവലിന്റെ 'ഓപ്പറേഷൻ'. ഇറാഖ് സർക്കാർ സൈനികനടപടി വാഗ്ദാനം ചെയ്‌തെങ്കിലും സ്വീകരിക്കേണ്ടെന്നായിരുന്നു ഡോവലിന്റെ ശുപാർശ. ആശങ്കയുടെ മൂന്ന് ദിനങ്ങൾക്കൊടുവിൽ ഭീകരതാവളത്തിൽ നിന്ന് നഴ്സുമാരെ കേരളത്തിലേക്ക് വിമാനം കയറ്റിയാണ് ഡോവൽ ഡൽഹിക്ക് മടങ്ങിയത്. ആഭ്യന്തര കലാപത്തിൽപെട്ട് ലിബിയയിൽ കുടുങ്ങിപ്പോയ 18 നഴ്സുമാരെ സൈന്യത്തിന്റെ സഹാത്തോടെ ട്രിപ്പോളിയിൽ നിന്ന് കൊച്ചിയിലെത്തിച്ചതിലും ഡോവലിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു.
ആഭ്യന്തര യുദ്ധത്തെ തുടർന്ന് യെമനിൽ കുടുങ്ങിയ നഴ്സുമാരെ രക്ഷിക്കാനും ഡോവലെത്തി. അതിർത്തി മേഖലയിൽ പെടുന്ന കേരളത്തിൽ സുരക്ഷാ ഏകോപനത്തിന് ഡോവൽ രഹസ്യമായി എത്താറുണ്ട്. പാകിസ്ഥാൻ കരസേനാ മേധാവി റഷീൽ ഷരീഫ് കൊളംബോയിലെ ശ്രീലങ്കൻ സേനാ ആസ്ഥാനത്തെത്തിയതിന് തൊട്ടുപിന്നാലെ സ്വകാര്യ ചടങ്ങിനെന്ന മട്ടിൽ ഡോവൽ തിരുവനന്തപുരത്ത് പറന്നിറങ്ങി. കന്യാകുമാരിയിൽ വിവാഹ ചടങ്ങിൽ പങ്കെടുക്കാനെന്നാണ് എല്ലാവരോടും പറഞ്ഞത്. ഐ.ബി, റാ ഉദ്യോഗസ്ഥർ കന്യാകുമാരിയിലും തിരുവനന്തപുരത്തുമായി ഡോവലിനെ കണ്ടു. തമിഴ്നാട്ടിലെ കൊടിയക്കാരൈ മത്സ്യബന്ധന തുറമുഖം വഴി ശ്രീലങ്കയിൽ നിന്ന് ഭീകരരുടെ നുഴഞ്ഞുകയറ്റം അടയ്ക്കുകയായിരുന്നു ഡോവലിന്റെ ലക്ഷ്യം. ഈസ്റ്റർ ദിനത്തിൽ ചാവേർ സ്‌ഫോടനങ്ങളിൽ ശ്രീലങ്കയിൽ ചോരപ്പുഴയൊഴുകിയപ്പോൾ ഡോവലിന്റെ ദീർഘ വീക്ഷണത്തിന്റെ ഗുണം രാജ്യം കണ്ടു. ഡോവലിന്റെ നിർദ്ദേശപ്രകാരം തിരുവനന്തപുരം വിമാനത്താവളത്തിലെ സുരക്ഷാ പഴുതുകൾ കണ്ടെത്താൻ സെക്യൂരിറ്റി ഓഡിറ്റ് നടത്തിയിരുന്നു.
33 വർഷം രഹസ്യാന്വേഷണ വിഭാഗത്തിലുണ്ടായിരുന്ന ഡോവൽ പത്തു വർഷം ഐ.ബി ഓപ്പറേഷൻ വിഭാഗത്തിന്റെ മേധാവിയുമായിരുന്നു. പാകിസ്ഥാനെ മെരുക്കിയ ഉരുക്കുമുഷ്‌ഠി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വലംകൈ ആയാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ പാകിസ്ഥാൻ കാണുന്നത്. 2005 വരെ ഇന്ത്യയുടെ ചാരസംഘടനകളിൽ അംഗമായിരുന്നു ഡോവൽ. കൂടുതൽ ബഹളമുണ്ടാക്കുന്ന, പരുക്കനായ, അന്തരീക്ഷത്തിന്റെ ചൂടേറ്റുന്ന ഉദ്യോഗസ്ഥനാണ് ഡോവൽ. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെപ്പോലെ ചൂടൻ വർത്തമാനമാണ് ഡോവലിന്റേതും. തന്റെ ബോസിനു വേണ്ടതാണ് ഡോവൽ ചെയ്യുന്നത്. 1980 കളിൽ ഇസ്‌ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മിഷനിൽ ഡോവൽ പ്രവർത്തിച്ചിരുന്നു. 'ദൈവമേ, ഉരുക്കുമുഷ്ടിയുള്ള ഇയാളോടാണല്ലോ രാജ്യം ഇടപെടേണ്ടത്' എന്നാണത്രേ അന്ന് പാകിസ്ഥാനും ഐ.എസ്.ഐയും വിചാരിച്ചിരുന്നത്. നമ്മുടെ കാലഘട്ടത്തിലെ മികവേറിയ ഉദ്യോഗസ്ഥൻ. ആരെയും അത്രയധികം വിശ്വസിക്കാത്ത പ്രകൃതക്കാരൻ. പാകിസ്ഥാനുമായി ഇടപെടുമ്പോൾ എപ്പോഴും കടുപ്പക്കാരനല്ല അദ്ദേഹം. മോദിയുടെ മാത്രമല്ല, മണി ദീക്ഷിതിന്റെയും എം.കെ.നാരായണന്റെയും പാത ഡോവൽ പിന്തുടരാറുണ്ട്.
2016 ൽ ഡൽഹിയിൽ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ആറു മുൻ പാക് ഹൈക്കമ്മിഷണർമാരെ പങ്കെടുപ്പിച്ച് യോഗം ചേർന്നു. ഔദ്യോഗിക യോഗത്തിനു ചേരാത്തവിധം അസ്വഭാവികമായിരുന്നു ഡോവലിന്റെ പെരുമാറ്റം. 'ഞങ്ങൾ നിങ്ങളെ നിരീക്ഷിക്കുന്നുണ്ട്. നല്ലതല്ലാത്ത കാര്യങ്ങൾ അന്വേഷണത്തിൽ തെളിഞ്ഞാലോ പഠാൻകോട്ട്, മുംബയ് ഭീകരാക്രമണങ്ങൾ തമ്മിൽ ബന്ധമുണ്ടെന്ന് കണ്ടെത്തിയാലോ പ്രത്യാഘാതമുണ്ടാകും' എന്നുപറഞ്ഞ് ഡോവൽ പുറത്തേക്കു നടന്നു. ഉദ്യോഗസ്ഥർക്കു കൈ കൊടുക്കാതെയായിരുന്നു ഡോവലിന്റെ മടക്കം.
പാകിസ്ഥാനിലെ സ്പൈ, പക്ഷേ ചെവി പിടിച്ചു
ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗത്തിന് വേണ്ടി പാകിസ്ഥാനിൽ പ്രവർത്തിക്കവെ തന്റെ വ്യക്തിത്വം കണ്ടുപിടിക്കപ്പെട്ട ഒരു സംഭവം അജിത് ഡോവൽ തന്നെ ഒരിക്കൽ വെളിപ്പെടുത്തുകയുണ്ടായി.
''ലാഹോറിൽ ഭാരി അലി എന്ന പേരായ വലിയൊരു പള്ളിയുണ്ട്. ധാരാളം ആളുകൾ വന്നുപോകുന്ന സ്ഥലം. സ്വാഭാവികമായി ഞാനും പലതവണ ആ പള്ളിയിൽ പോകുമായിരുന്നു. പാകിസ്ഥാനിൽ ഞാൻ മുസ്ളിം ആയി മുസ്ളിങ്ങൾക്കൊപ്പമാണ് ജീവിച്ചത്. ആർക്കും ഒരു സംശയവും തോന്നാത്ത തരത്തിലായിരുന്നു പ്രവർത്തനം. അങ്ങനെയിരിക്കെ ഒരുദിവസം വളരെ പ്രായമേറിയ ഒരു മനുഷ്യൻ എന്നെ അയാളുടെ അടുത്തേക്ക് വിളിച്ചു. വെളുത്ത താടി നീട്ടി വളർത്തിയ രൂപമായിരുന്നു അയാൾക്ക്. അടുത്തെത്തിയപ്പോൾ നിങ്ങൾ ഹിന്ദുവാണോ എന്നായിരുന്നു ആ മനുഷ്യന്റെ ചോദ്യം. അല്ല എന്ന് മറുപടി നൽകി. എങ്കിൽ എനിക്കൊപ്പം വരൂ എന്ന് പറഞ്ഞ് അയാൾ എന്നെ പള്ളിയ‌്ക്ക് അകത്തേക്ക് കൊണ്ടുപോയി. ഒരു ചെറിയ റൂമിനുള്ളിൽ കയറി ഉടനെ വാതിൽ അടച്ചു. എന്നിട്ട് പറഞ്ഞു, നിങ്ങൾ ഹിന്ദു തന്നെയാണ്. തെളിവായി കണ്ടെത്തിയത് എന്റെ കാതിലുണ്ടായിരുന്ന കമ്മൽ കുത്തിയ പാടായിരുന്നു. തുടർന്ന് ഇസ്ളാം മതത്തിലേക്ക് പരിവർത്തനം ചെയ്‌തതാണെന്ന് പറഞ്ഞെങ്കിലും വിശ്വസിച്ചില്ല. എത്രയും പെട്ടെന്ന് പ്ളാസ്‌റ്റിക് സർജറി ചെയ‌്തോളൂ, അല്ലെങ്കിൽ പിടിക്കപ്പെടും എന്നും മുന്നറിയിപ്പ് നൽകി. എന്നിട്ട് ഒരുകാര്യം കൂടി ആ മനുഷ്യൻ പറഞ്ഞു. ഞാനും ഒരു ഹിന്ദുവാണ്. എന്റെസ്വന്തക്കാരെയെല്ലാം ഇവിടുള്ളവർ കൊലപ്പെടുത്തി. നിങ്ങളെ പോലെയുള്ളവർ ഇവിടുണ്ട് എന്നറിയുന്നതിൽ സന്തോഷം.''
കീർത്തിചക്ര നേടുന്ന ആദ്യ പൊലീസുദ്യോഗസ്ഥൻ
സുവർണ ക്ഷേത്രത്തിലെ 'ഓപ്പറേഷൻ ബ്ലാക്ക് തണ്ടർ' ഡോവലിന് രണ്ടാമത്തെ വലിയ സൈനിക ബഹുമതിയായ 'കീർത്തിചക്ര' നേടിക്കൊടുത്തു. കീർത്തിചക്ര നേടുന്ന ആദ്യ പൊലീസുദ്യോഗസ്ഥനാണ് ഡോവൽ. മിസോ നാഷണൽ ഫ്രണ്ടിൽ നുഴഞ്ഞു കയറി സംഘടനയെ ഛിന്നഭിന്നമാക്കി മിസോറം ഇന്ത്യയോടു കൂട്ടിച്ചേർത്തതിന് പിന്നിലും ഡോവലിന്റെ തലച്ചോറാണ്. എയർ ഇന്ത്യാ വിമാനം റാഞ്ചിയ താലിബാൻ ഭീകരരുമായി വിലപേശാൻ കാണ്ഡഹാറിലേക്കയച്ചതും ഡോവലിനെയാണ്. 41 തീവ്രവാദികളെ വിട്ടുകിട്ടണമെന്ന ആവശ്യം മൂന്നാക്കി കുറച്ചത് ഡോവലിന്റെ മിടുക്ക്. ഡോവലിന്റെ പ്രവർത്തനങ്ങൾ പൊലീസ് പാഠ്യപദ്ധതിയിലുമുണ്ട്.
കേരളത്തിലും കരുത്തറിയിച്ചു
1971ൽ തലശേരി കലാപം അടിച്ചമർത്താൻ കെ. കരുണാകരൻ നിയോഗിച്ചത് കോട്ടയം എ.എസ്.പിയായിരുന്ന ഡോവലിനെയായിരുന്നു. ഡോവൽ ചുമതലയേറ്റ് ഒരാഴ്ചയ്ക്കകം എല്ലാം നിയന്ത്രണ വിധേയമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |