തടി കുറയ്ക്കാനും ശരീരം ഫിറ്റായി നിലനിർത്താനും ജിമ്മിൽ പോവുകയും വ്യായാമം ചെയ്യുകയും ചെയ്യുന്ന ചെറുപ്പക്കാരുടെ എണ്ണം അനുദിനം വർദ്ധിക്കുകയാണ്. രൂപത്തിന്റെ പേരിൽ പരിഹസിക്കപ്പെട്ട് അതിൽ മനംനൊന്ത് വർക്കൗട്ട് തുടങ്ങിയവരുമുണ്ട്. ഇന്റർനെറ്റ് ഉപയോഗം വ്യാപകമായതോടെ ബോഡി ഷെയിമിംഗ് പ്രവണതകളും വർദ്ധിച്ചിരിക്കുകയാണ്. മറ്റുള്ളവരുടെ ശരീരത്തെ പരിഹസിക്കുകയും വിമർശിക്കുകയും ചെയ്യുന്നത് സമൂഹത്തിൽ വ്യാപകമാവുന്ന കാഴ്‌ചയാണ് ഇന്നുള്ളത്. ഇതിനിടെ ഒട്ടനവധി പേർക്ക് ആശ്വാസം പകർന്ന ഒരു വീഡിയോ സമൂഹമാദ്ധ്യമങ്ങളിലടക്കം വൈറലാവുകയാണ്.
ഒട്ടേറെ സ്ത്രീകൾ പരാതിപ്പെടുന്ന ഒന്നാണ് അടിവയർ കുറയ്ക്കാൻ പറ്റുന്നില്ല എന്നത്. ശരീരം മെലിഞ്ഞിരുന്നാലും വയർ കുറയ്ക്കാൻ പാടുപെടുന്നവർ അനവധിയാണ്. ഇത്തരമൊരനുഭവവുമായി ബന്ധപ്പെട്ട് ഒരു യുവതി പങ്കുവച്ച വീഡിയോ ഏറെ വൈറലായിരുന്നു. ജിംഷാർക്കിലെ അത്‌ലീറ്റ് ആയ ലിലി തന്റെ വയർ ചാടിയിരിക്കുന്നതിനെക്കുറിച്ച് ജിമ്മിലെ മറ്റൊരു യുവാവുമായി സംസാരിക്കുന്നതും ഇതിൽ യുവാവിന്റെ മറുപടിയുമാണ് വൈറലായത്.
തന്റെ വയർ എപ്പോഴും വീർത്തതുപോലെ കാണുന്നുവെന്നാണ് ലിലി യുവാവിനോട് പറയുന്നത്. എന്നാൽ വയർ വീർത്തിരിക്കുന്നത് കൊഴുപ്പ് മൂലമല്ലെന്നും അത് ഗർഭാശയമാണെന്നുമാണ് യുവാവ് മറുപടി നൽകുന്നത്. കുടലുകൾക്ക് മുന്നിലായാണ് ഗർഭാശയമുള്ളതെന്നും ഇതുമൂലമാണ് അടിവയർ വീർത്തതുപോലെ കാണപ്പെടുന്നതും യുവാവ് പറയുന്നു. ആഹാരം കഴിക്കുമ്പോൾ കുടൽ ഗർഭാശയത്തെ കൂടുതലായി മുന്നോട്ട് തള്ളുന്നു. ഇത് മനുഷ്യശരീരത്തിലെ ഏറ്റവും സുന്ദരമായ കാര്യമാണ്. അതിൽ നാണക്കേട് തോന്നേണ്ടതില്ല. മറിച്ച് അഭിമാനിക്കുകയാണ് വേണ്ടത്. വയർ വീർത്തിരിക്കുന്നതല്ലെന്നും അതൊരു അനുഗ്രഹമാണെന്നും യുവാവ് പറയുന്നു. ഈ വീഡിയോ ഏറെ വൈറലായിരുന്നു. ഇപ്പോഴിതാ ഈ വീഡിയോയിൽ പറയുന്ന കാര്യങ്ങളിലെ സത്യാവസ്ഥ വിവരിക്കുകയാണ് എംഡി ഗൈനക്കോളജിസ്റ്റ് സർജനായ ഡോ. കാരെൻ ടാംഗ്.
യുവാവിന്റെ പിന്തുണയിൽ സന്തോഷിക്കുന്നു, എന്നാൽ അദ്ദേഹം പറഞ്ഞത് ശരിയല്ല. സ്ത്രീ ശരീരത്തിനുള്ളിൽ ഗർഭാശയത്തിന്റെ സ്ഥാനം ഗൂഗിളിൽ തിരഞ്ഞാൽ, മൂത്രാശയത്തിനും മലാശയത്തിനും ഇടയിലുള്ള പെൽവിക് മേഖലയിലാണെന്ന് കൃത്യമായി മനസിലാക്കാൻ സാധിക്കും. അത് നിങ്ങളുടെ കുടലിന്റെ മുന്നിലായല്ല ഉള്ളത്.
സാധാരണ വലിപ്പമുള്ള ഗർഭപാത്രം ചെറുതാണ്. മാത്രമല്ല ഗർഭപാത്രം കുടലുകളാൽ മുകളിലേക്കും മുന്നോട്ടും തള്ളപ്പെടുന്നില്ല. വയറിന്റെ അടിഭാഗം വീർത്തിരിക്കുന്നത് ഒന്നുങ്കിൽ കൊഴുപ്പോ കുടൽ തന്നെ വീർക്കുന്നതോ ആകാം. ഗുരുത്വാകർഷണം വസ്തുക്കളെ താഴേക്ക് വലിക്കുന്നതിനാൽ, പുരുഷന്മാർക്കും സ്ത്രീകൾക്കും അടിവയറ്റിലാണ് കൂടുതൽ വീർത്തിരിക്കുന്നതായി കാണപ്പെടുന്നത്. എന്നാൽ ഒരു സ്ത്രീക്ക് ഗർഭപാത്രം വലുതായി കാണപ്പെടുകയാണെങ്കിൽ അത് വിവിധ ആരോഗ്യപ്രശ്‌നങ്ങളുടെ ലക്ഷണമാകാമെന്നും ഡോക്‌ടറെ സന്ദർശിക്കേണ്ടതുണ്ടെന്നും ഡോക്‌ടർ ടാംഗ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |