ന്യൂഡൽഹി: പാകിസ്ഥാൻ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ്, ജമാത്ത് ഉൽ - മുമിനത്ത് എന്ന വനിതാ സംഘടന സൃഷ്ടിക്കുന്നതായി റിപ്പോർട്ട്. ഇതിനുവേണ്ടിയുള്ള പണം സമാഹരിക്കുന്നതിനും റിക്രൂട്ട്‌മെന്റ് നടത്തുന്നതിനുമായി അൽ - മുമിനത്ത് എന്ന പേരിൽ ഒരു ഓൺലൈൻ ജിഹാദി പരിശീലന കോഴ്‌സ് ആരംഭിച്ചുവെന്നാണ് എൻഡിടിവി റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. 500 പാകിസ്ഥാൻ രൂപയാണ് കോഴ്‌സിനുള്ള ഫീസായി വാങ്ങുന്നത്.
ജെയ്‌ഷെ മുഹമ്മദ് സ്ഥാപകൻ മസൂദ് അസറിന്റെയും മറ്റ് ജെയ്‌ഷെ നേതാക്കളുടെയും കുടുംബാംഗങ്ങളായ സ്‌ത്രീകളാണ് ഓൺലൈൻ പരിശീലനം നൽകുന്നത്. ജിഹാദിനെയും ഇസ്ലാമിനെയും കുറിച്ചും കടമകളെക്കുറിച്ചുമാണ് ഓൺലൈൻ പരിശീലനം നൽകുന്നത്. ദിവസവും 40 മിനിട്ടാണ് ക്ലാസുകൾ. അസറിന്റെ സഹോദരിമാരായ സാദിയ അസറും സമൈറ അസറുമാണ് പ്രധാന ക്ലാസുകൾ നടത്തുന്നത്. വനിതാ സംഘടനയുടെ പൂർണ ചുമതല സാദിയയ്‌ക്കാണ് നൽകിയിരിക്കുന്നതെന്നാണ് വിവരം.
മേയ് മാസത്തിൽ നടന്ന ഓപ്പറേഷൻ സിന്ദൂറിൽ സാദിയയുടെ ഭർത്താവ് യൂസഫ് അസർ കൊല്ലപ്പെട്ടിരുന്നു. ഏപ്രിൽ മാസത്തിൽ ജമ്മു കാശ്‌മീരിലെ പഹൽഗാമിൽ നടന്ന തീവ്രവാദികൾ നടത്തിയ ക്രൂരതയ്‌ക്ക് മറുപടിയായിരുന്നു ഓപ്പറേഷൻ സിന്ദൂർ. പഹൽഗാം ആക്രമണം നടത്തിയ പ്രതികളിൽ ഒരാളായ ഉമർ ഫാറൂഖിന്റെ ഭാര്യ അഫ്രീർ ഫാറൂഖും വനിതാ സംഘടനയുടെ ഭാഗമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |