ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ന് ഇന്ത്യയ്ക്ക് ആദ്യ മത്സരം, എതിരാളികൾ ബംഗ്ളാദേശ്
2.30 pm മുതൽ സ്റ്റാർ സ്പോർട്സിലും ജിയോ ഹോട്ട്സ്റ്റാറിലും
ദുബായ് : ഒന്നരപ്പതിറ്റാണ്ടിന് ശേഷം ചാമ്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് കിരീടത്തിൽ മുത്തമിടാനുള്ള ഇന്ത്യയുടെ പോരാട്ടത്തിന് ഇന്ന് തുടക്കമാകുന്നു. ടൂർണമെന്റിന്റെ ആതിഥേയർ പാകിസ്ഥാനാണെങ്കിലും ഇന്ത്യയുടെ മത്സരങ്ങൾക്ക് വേദിയാകുന്നത് യു.എ.ഇയാണ്. ദുബായ്‌യിൽ ഇന്ത്യൻ സമയം 2.30 ന് തുടങ്ങുന്ന ആദ്യ അങ്കത്തിൽ രോഹിത് ശർമ്മയ്ക്കും സംഘത്തിനും എതിരാളികളാകുന്നത് ബംഗ്ളാദേശാണ്.
സ്വന്തം മണ്ണിൽ നടന്ന ഏകദിന പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും ഇംഗ്ളണ്ടിനെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. സെഞ്ച്വറിയിലൂടെ നായകൻ രോഹിത് ശർമ്മ ഫോം വീണ്ടെടുത്തതും ശുഭ്മാൻ ഗിൽ മികച്ചഫോമിൽ തുടരുന്നതും ഇന്ത്യയ്ക്ക് ആവേശം പകരുന്നു. വിരാട് കൊഹ്‌ലിയുടെ പരിചയ സമ്പത്തും റിഷഭ് പന്തിന് പകരം വിക്കറ്റ് കീപ്പറായി കളത്തിലിറങ്ങുന്ന കെ.എൽ രാഹുലിന്റെയും ശ്രേയസ് അയ്യരുടെയും നങ്കൂരമിടാനുള്ള കഴിവും ഹാർദിക് പാണ്ഡ്യയുടെ ഫിനിഷിംഗ് കപ്പാസിറ്റിയുമാണ് ബാറ്റിംഗിൽ ഇന്ത്യയുടെ കരുത്ത്. ആൾറൗണ്ടർമാരായ ഹാർദിക് പാണ്ഡ്യ,രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ എന്നിവരെ കൃത്യമായി ഉപയോഗപ്പെടുത്തുന്നതിലൂടെ ടീം ലൈനപ്പിന് കൂടുതൽ ആഴവും വൈവിദ്ധ്യവും നൽകാനായിരിക്കും കോച്ച് ഗംഭീറും ക്യാപ്ടൻ രോഹിതും ശ്രമിക്കുക. പേസർമാരായി ഷമിയും അർഷ്ദീപും ഹർഷിതുമുള്ളതിൽ ടീമിന്റെ ആവശ്യത്തിന് അനുസരിച്ചാകും പ്ളേയിംഗ് ഇലവനിലേക്കുള്ള സെലക്ഷൻ. കുൽദീപും വരുൺ ചക്രവർത്തിയുമാണ് സ്പെഷ്യലിസ്റ്റ് സ്പിന്നർമാർ.
വിൻഡീസിനെതിരെ പരമ്പരയിലെ മൂന്ന് മത്സരങ്ങളും തോറ്റശേഷമാണ് ബംഗ്ളാദേശ് ഇന്ത്യയ്ക്ക് എതിരെ ഇറങ്ങുന്നത്. നഹീദ് റാണ, ടാസ്കിൻ അഹമ്മദ് , മുസ്താഫിസുർ എന്നിവരടങ്ങിയ ബൗളിംഗ് നിരയാണ് ഇന്ത്യയ്ക്ക് വെല്ലുവിളിയാകാനിട. മഹ്മൂദള്ള,ഷാന്റോ,മുഷ്ഫിഖുർ,മെഹ്ദി ഹസൻ തുടങ്ങിയ പരിചയ സമ്പന്നരായ താരങ്ങൾ ബംഗ്ളാനിരയിലുണ്ട്.
ബംഗ്ളാദേശിന് പുറമേ ന്യൂസിലാൻഡും പാകിസ്ഥാനും കൂടി അടങ്ങുന്ന ഗ്രൂപ്പ് എയിലാണ് ഇന്ത്യ.
2018 ഏഷ്യാകപ്പിൽ ഇതേവേദിയിൽ ബംഗ്ളാദേശിനെ ഇന്ത്യ തോൽപ്പിച്ചിട്ടുണ്ട്.
യു.എ.ഇയിൽ വച്ച് ബംഗ്ളാദേശിനെ നേരിട്ട മൂന്ന് തവണയും വിജയം ഇന്ത്യയ്ക്കായിരുന്നു.
ടീമുകൾ ഇവരിൽ നിന്ന്
ഇന്ത്യ : രോഹിത് ശർമ്മ (ക്യാപ്ടൻ), ശുഭ്മാൻ ഗിൽ (വൈസ് ക്യാപ്ടൻ),വിരാട് കൊഹ്‌ലി,ശ്രേയസ് അയ്യർ,രവീന്ദ്ര ജഡേജ, കെ.എൽ രാഹുൽ,അക്ഷർ പട്ടേൽ, ഹാർദിക് പാണ്ഡ്യ,അർഷ്ദീപ് സിംഗ്,ഹർഷിത് റാണ,കുൽദീപ് യാദവ്,മുഹമ്മദ് ഷമി, വരുൺ ചക്രവർത്തി, വാഷിംഗ്ടൺ സുന്ദർ, റിഷഭ് പന്ത്.
ബംഗ്ളാദേശ് : നജ്മുൽ ഹൊസൈൻ ഷാന്റോ (ക്യാപ്ടൻ),ജാക്കർ അലി, മഹ്മൂദുള്ള,മെഹ്ദി ഹസൻ മിറാസ്, മുഷ്ഫിഖുർ റഹിം, മുസ്താഫിസുർ റഹ്മാൻ, നഹീദ് റാണ, നസൂം അഹമ്മദ്,പർവേസ്,റിഷാദ് ഹൊസൈൻ,സൗമ്യ സർക്കാർ, തൻസീദ്,തൻസീം, ടാസ്കിൻ,തൗഹീദ്.
3-2
ഇന്ത്യയും ബംഗ്ളാദേശും തമ്മിൽ അവസാനമായി കളിച്ച അഞ്ച് ഏകദിന മത്സരങ്ങളിൽ മൂന്നെണ്ണത്തിലും വിജയിച്ചത് ബംഗ്ളാദേശ്. 2023 ഏകദിന ലോകകപ്പിൽ അവസാനമായി ഏറ്റുമുട്ടിയപ്പോൾ ജയിച്ചത് ഇന്ത്യ.
32-8
ഇന്ത്യയും ബംഗ്ളാദേശും തമ്മിൽ ഇതുവരെ 41 ഏകദിനമത്സരങ്ങളിൽ ഏറ്റുമുട്ടിയിട്ടുണ്ട്. അതിൽ 32 എണ്ണത്തിലും ജയിച്ചത് ഇന്ത്യയാണ്. ബംഗ്ളാദേശിന് എട്ടു ജയങ്ങൾ. ഒരു മത്സരം ഫലമില്ലാതെ ഉപേക്ഷിച്ചു.
സമ്മർദ്ദങ്ങളില്ലാതെയാണ് ഞങ്ങൾ കളിക്കുന്നത്. ബാറ്റിംഗിലും ബൗളിംഗിലും ആഴത്തിലുള്ള ലൈനപ്പാണ് ഇന്ത്യൻ ടീമിന്. മൂന്ന് സ്പിന്നർമാരെ കളിപ്പിക്കണമോ എന്നത് പിച്ച് വിലയിരുത്തിയശേഷം തീരുമാനിക്കും.
നഹീദ് റാണയും ടാസ്കിൻ അഹമ്മദും നയിക്കുന്ന ഞങ്ങളുടെ ഫാസ്റ്റ് ബൗളിംഗ് യൂണിറ്റ് ചാമ്പ്യൻസ് ട്രോഫിയിലെ ഏത് മത്സരത്തിലും ജയിക്കാനുള്ള ആത്മവിശ്വാസം നൽകും. എതിരാളികൾ ആരെന്നത് ഒരു പ്രശ്നമല്ല.
- നജ്മുൽ ഹൊസൈൻ ഷാന്റോ, ബംഗ്ളാദേശ് ക്യാപ്ടൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |