തിരുവനന്തപുരം: ചില്ലറ വാദപ്രതിവാദങ്ങളുണ്ടായെങ്കിലും എം.എൻ സ്മാരകത്തിൽ ഇന്നലെ ചേർന്ന എൽ.ഡി.എഫ് യോഗത്തിന് ഹൃദ്യമായ ഒരു സൗഹൃദത്തിന്റെ പകിട്ട് കൂടി ഉണ്ടായിരുന്നു. സി.പി.ഐ ആസ്ഥാനം മോടിപിടിപ്പിച്ച ശേഷം ആദ്യമായാണ് ഇവിടം എൽ.ഡി.എഫ് യോഗത്തിന് വേദിയാവുന്നത്. എ.കെ.ജി സെന്ററിലാണ് എപ്പോഴും യോഗം നടക്കാറുള്ളത്. രാഷ്ട്രീയ കൂട്ടാളികളെ തങ്ങളുടെ മന്ദിരത്തിന്റെ പുതുമോടി കാണാൻ സി.പി.ഐ ക്ഷണിച്ചപ്പോൾ ഏവരും സസന്തോഷം അത് സ്വീകരിച്ചു.
സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, അസിസ്റ്റന്റ് സെക്രട്ടറി ഇ.ചന്ദ്രശേഖരൻ, മന്ത്രി കെ.രാജൻ എന്നിവർ അതിഥികളെ സ്വീകരിക്കാൻ നേരത്തേ എത്തി. പിന്നാലെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും എൽ.ഡി.എഫ് കൺവീനർ ടി.പി.രാമകൃഷ്ണനും എത്തി.
3.30 ഓടെ മുഖ്യമന്ത്രി എത്തി. ബിനോയ് വിശ്വം ഹസ്തദാനം ചെയ്ത് സ്വീകരിച്ചു. മന്ത്രി കെ.രാജനും ഇ.ചന്ദ്രശേഖരനും ഒപ്പമുണ്ടായിരുന്നു. ലിഫ്റ്റിൽ ഒന്നാം നിലയിലെത്തിയ മുഖ്യമന്ത്രി നേരെ പോയത് കോൺഫറൻസ് ഹാളിലേക്ക്. മന്ത്രിമാരായ എ.കെ.ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി , കെ.ബി.ഗണേശ് കുമാർ എന്നിവരും മറ്റ് ഘടകക്ഷി നേതാക്കളും ഇതിനിടെ എത്തിച്ചേർന്നു.
യോഗത്തിന്റെ ദൃശ്യങ്ങൾ പകർത്താൻ മാദ്ധ്യമപ്പടയും നേരത്തെ എത്തി. യോഗശേഷം കാത്തുനിന്ന മാദ്ധ്യമപ്രവർത്തകരെ എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണനാണ് വാർത്താസമ്മേളനം എ.കെ.ജി സെന്ററിലെന്ന കാര്യം അറിയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |