കൊച്ചി: പകുതിവില തട്ടിപ്പിൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത ആയിരത്തിലേറെ കേസുകൾ ഉടൻ ക്രൈംബ്രാഞ്ചിന് കൈമാറും. നിലവിൽ 34 കേസ് മാത്രമേ കൈമാറിയിട്ടുള്ളൂ.
അതേസമയം, മുഖ്യപ്രതി തൊടുപുഴ സ്വദേശി അനന്തുകൃഷ്ണൻ സ്‌കൂട്ടർ ഷോറൂമുകളിൽ നിന്നും കമ്മിഷൻ ഇനത്തിൽ പണം കൈക്കലാക്കിയെന്ന് ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചു. ഓരോ സ്‌കൂട്ടറിനും 5000 രൂപ വീതമാണ് കൈപ്പറ്റിയത്. ഇങ്ങനെ മാത്രം ഏഴ് കോടി രൂപയിലധികം അനന്തു സ്വന്തമാക്കി. രാഷ്ട്രീയ പാർട്ടികൾക്കും മറ്റും ഈ തുകയിൽ നിന്നാണ് പണം നൽകിയത്.
കസ്റ്റഡി കാലാവധി പൂർത്തിയായതിനാൽ അനന്തുകൃഷ്ണനെ ഇന്നലെ മൂവാറ്റുപുഴ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. വൈകിട്ടാണ് ഇയാളെ കോടതിയിൽ ഹാജരാക്കിയത്. എല്ലാ കാര്യങ്ങളും ക്രൈംബ്രാഞ്ചിനോട് പറഞ്ഞിട്ടുണ്ടെന്ന് കോടതിയിൽ എത്തിക്കവേ അനന്തുകൃഷ്ണൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ചോദ്യം ചെയ്യലിന് ഇ.ഡി
പകുതിവില തട്ടിപ്പിൽ കൂടുതൽ കേന്ദ്രങ്ങളിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ് നടത്തും. പ്രതികളുമായി ബന്ധമുള്ളവരെ ചോദ്യം ചെയ്യും. റിമാൻഡിൽ കഴിയുന്ന മുഖ്യപ്രതി അനന്തുകൃഷ്‌ണനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനും ഇ.ഡി നടപടി സ്വീകരിക്കും.
സായിഗ്രാമം ഗ്ളോബൽ ട്രസ്റ്റ് ചെയർമാൻ കെ.എൻ. ആനന്ദകുമാർ, അഡ്വ. ലാലി വിൻസെന്റ് തുടങ്ങിയവരെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ലാലി വിൻസെന്റിനെ ഇ.ഡി അറിയിച്ചിട്ടുണ്ട്. അനന്തുകൃഷ്‌ണനുമായി ബന്ധമുള്ള വിവിധ ഓഫീസുകളിൽ വരുംദിവസങ്ങിൽ പരിശോധന നടത്തും. കൂടുതൽ പരാതിക്കാരുടെ മൊഴിയെടുക്കാനും ആരംഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |