കാസർകോട്: രഞ്ജി ട്രോഫിയിൽ അസ്ഹറുദ്ദീന്റെ മികവിൽ ചരിത്രത്തിൽ ആദ്യമായി കേരളം ഫൈനലിൽ എത്തിയതിന്റെ ആവേശത്തിലായിരുന്നു കാസർകോട് ഇന്നലെ .ക്രിക്കറ്റ് ആവേശം കൊടുമുടിയിൽ എത്തിയ ദിനമെന്ന് തന്നെ പറയാം.ബാറ്റിംഗ് പ്രകടനം മാത്രമല്ല, രണ്ട് കിടിലൻ സ്റ്റമ്പിംഗുകളിലൂടെ ഗുജറാത്തിനെ പ്രതിരോധത്തിലാക്കിയതും അസ്ഹറിന്റെ വിക്കറ്റ് കീപ്പിംഗ് സ്കില്ലാണ്.
എല്ലാവരോടും നന്ദി പറയുന്നു. നമ്മുടെ ടീം നന്നായി എഫേർട്ട് എടുത്തിരുന്നു. അതാണ് ഈ വിജയത്തിന്റെ പിറകിലുള്ളത്. കേരള ക്രിക്കറ്റ് അസോസിയേഷനും നന്ദി പറയുന്നു. മത്സരത്തിന് ശേഷം ഹൈദരാബാദിൽ കേരള താരങ്ങൾ കേക്ക് മുറിച്ച് ആഹ്ലാദം പങ്കിടുന്നതിനിടയിൽ അസ്ഹറുദ്ദീൻ നാട്ടുകാരോടും വീട്ടുകാരോടും പ്രതികരിച്ചു.ആർപ്പുവിളികളും മധുര പലഹാര വിതരണവുമായാണ് നാട്ടുകാർ അസ്ഹറുദ്ദീന്റെ ക്രിക്കറ്റ് വിസ്മയം വീക്ഷിച്ചത്.
കാസർകോട് തളങ്കര സ്വദേശിയായ അസ്ഹറുദ്ദീൻ്റെയും കേരള ടീമിന്റെയും നേട്ടത്തിൽ അഭിമാനിക്കുകയാണ് നാടും നാട്ടുകാരും. അസ്ഹറുദ്ദീന്റെ ക്രിക്കറ്റിലെ വളർച്ചയ്ക്ക് ഓരോ ഘട്ടത്തിലും നാട് ആഘോഷിച്ചിട്ടുണ്ട്. പത്താം വയസ്സിൽ തളങ്കര ടാസ് ക്ലബ്ബിൽ ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയ അസ്ഹറുദ്ദീൻ, 11-ാം വയസ്സിലാണ് അണ്ടർ 13 ജില്ലാ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് ജില്ലാ ടീം ക്യാപ്റ്റനായി. അണ്ടർ 15 ടീമിലും ക്യാപ്റ്റനായി. കേരള ക്രിക്കറ്റ് അസോസിയേഷന്റെ അക്കാഡമിയിൽ ചേർന്നു. അണ്ടർ 19 കേരള ടീമിൽ ചേർന്ന അദ്ദേഹം തമിഴ്‌നാടിനെതിരെ ആദ്യ പന്തിൽ തന്നെ സിക്സർ നേടി അരങ്ങേറ്റം കുറിച്ചു. രണ്ട് വർഷത്തിന് ശേഷം, അണ്ടർ 23 ടീമിലേക്കും തുടർന്ന് സീനിയർ ടീമിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. 2015-16 സീസണിലാണ് ആദ്യമായി രഞ്ജി ട്രോഫി കളിക്കുന്നത്. തുടർന്ന് ടീമിലെ സ്ഥിര സാന്നിധ്യമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |