വിഴിഞ്ഞം- നാവായിക്കുളം വളർച്ചാ ഇടനാഴിയും യാഥാർത്ഥ്യമാകും
വിഴിഞ്ഞത്ത് ലോജിസ്റ്റിക് ടൗൺഷിപ്പ്, കാട്ടാക്കടയിൽ ഗ്രീൻ ആൻഡ് സ്മാർട്ട് ഇൻഡസ്ട്രി ഹബ്
തിരുവനന്തപുരം: വിഴിഞ്ഞം - നാവായിക്കുളം ഔട്ടർ റിംഗ് റോഡിന് 5,000 കോടി അനുവദിച്ചിട്ടുണ്ടെന്ന കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ പ്രഖ്യാപനം പദ്ധതിക്ക് പുതുജീവനേകും. ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. ഭൂമിയേറ്റെടുക്കൽ വിഭാഗം നഷ്ടപരിഹാര വിതരണത്തിനുള്ള നടപടികൾ ഉടൻ പുനരാരംഭിക്കും.
വിഴിഞ്ഞം- നാവായിക്കുളം വളർച്ചാ ഇടനാഴിയുടെ (ഔട്ടർ ഏരിയ ഗ്രോത്ത് കോറിഡോർ) പ്രാരംഭ പ്രവർത്തനങ്ങളും ആരംഭിക്കും. ഇതിനായി ലാൻഡ് പൂളിംഗിലൂടെ ഭൂമിയേറ്റെടുക്കും. 63 കിലോമീറ്റർ നീളത്തിലാണ് ഔട്ടർ റിംഗ് റോഡ് നിർമ്മിക്കുന്നത്. ഇരുവശങ്ങളിലും അഞ്ച് കിലോമീറ്റർ ചുറ്റളവിലെ തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളിൽ ടൗൺഷിപ്പുകളും ഹബ്ബുകളും ഉയരും. വിഴിഞ്ഞത്ത് ലോജിസ്റ്റിക് ടൗൺഷിപ്പും കോവളത്ത് ഹെൽത്ത് ടൂറിസം ഹബ്ബും കാട്ടാക്കടയിൽ ഗ്രീൻ ആൻഡ് സ്മാർട്ട് ഇൻഡസ്ട്രി ഹബ്ബും കിളിമാനൂരിലും കല്ലമ്പലത്തും അഗ്രോ ആൻഡ് ഫുഡ് പ്രൊസസിംഗ് ഹബ്ബും ഉൾപ്പെടെ 49 വില്ലേജുകളെ അടിമുടി മാറ്റുന്നതാണ് വിഴിഞ്ഞം- നാവായിക്കുളം വളർച്ചാഇടനാഴി. വ്യവസായ വകുപ്പിന്റെയും തദ്ദേശവകുപ്പിന്റെയും പിന്തുണയോടെ ക്യാപ്പിറ്റൽ റീജിയണൽ ഡെവലപ്‌മെന്റ് പ്രോജക്ട്- 2ന്റെ (സി.ആർ.ഡി.പി 2) നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. വെള്ളയമ്പലത്തെ ക്യാപ്പിറ്റൽ റീജിയണൽ ഡെവലപ്‌മെന്റ് പ്രോജക്ട്- 2 ഓഫീസിൽ ഇതിന്റെ ത്രീഡി മാതൃകയും തയ്യാറാക്കിയിട്ടുണ്ട്.
അനുമതി ഉടൻ
ഔട്ടർ റിംഗ് റോഡിന് ഫണ്ട് അനുവദിക്കുന്നതുവരെ നഷ്ടപരിഹാര നടപടികൾ നിറുത്തിവയ്ക്കണമെന്ന് ദേശീയപാത അതോറിട്ടി നിർദ്ദേശം നൽകിയിരുന്നു. പദ്ധതിക്ക് പബ്ലിക് പ്രൈവറ്റ് പാർട്ട്ണർഷിപ് അപ്രൈസൽ കമ്മിറ്റിയുടെ (പി.പി.പി.എ.സി) അംഗീകാരം ഇതുവരെ ലഭിച്ചിട്ടില്ല. പി.പി.പി.എ.സിയുടെയും കേന്ദ്രമന്ത്രിസഭയുടെയും അനുമതി ലഭിച്ച ശേഷമേ ഫണ്ട് അനുവദിക്കാനാകൂവെന്ന നിലപാടിലാണ് ദേശീയപാത അതോറിട്ടി. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ പ്രഖ്യാപനം അനുമതി ഉടൻ ലഭിക്കുന്നതിന് കാരണമാകുമെന്നാണ് ദേശീയപാത അതോറിട്ടി അധികൃതർ നൽകുന്ന സൂചന.
2022 ഡിസംബറിലും 2024 ജനുവരിയിലും കേരളത്തിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടന വേളയിൽ കേന്ദ്രമന്ത്രി ഔട്ടർറിംഗ് റോഡ് വികസനം സംബന്ധിച്ച് പ്രഖ്യാപനം നടത്തിയിരുന്നു. പദ്ധതിക്കായി ഏറ്റെടുക്കുന്നതിൽ കെട്ടിടങ്ങളോ മറ്റു നിർമ്മിതികളോ ഇല്ലാത്ത 136 ഭൂവുടമകളുടെ വിവരങ്ങൾ നഷ്ടപരിഹാര വിതരണത്തിനു കൈമാറിയെങ്കിലും ദേശീയപാത അതോറിട്ടി നടപടി നിറുത്തിവയ്ക്കാൻ നിർദ്ദേശം നൽകുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |