കോഴിക്കോട്: സംരംഭകർക്ക് ആവശ്യമായ ബാലപാഠങ്ങൾ നൽകാൻ സാധിച്ചാൽ കാർഷിക മേഖലയിൽ കൂടുതൽ സംരംഭങ്ങൾ ഉണ്ടാകുമെന്ന് കൃഷി മന്ത്രി പി പ്രസാദ്.ചെലവൂർ ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനത്തിൽ നടക്കുന്ന 'റൈസ് ആപ്പ് ' സംരംഭക മേളയോടനുബന്ധിച്ച് നടന്ന പ്രദർശന വിപണനമേളയുടെ സമാപനചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
സംരംഭകരെ സഹായിക്കുന്നതിനായി കൃഷി വകുപ്പ് നിരവധി പദ്ധതികളാണ് നടപ്പിലാക്കുന്നത്. കാർഷിക മേഖലയിൽ നിന്നുള്ള സംരംഭങ്ങൾ മികച്ച രീതിയിൽ അവതരിപ്പിച്ചാൽ മാത്രമേ അത് അംഗീകരിക്കപ്പെടുകയുള്ളൂ. കൃഷിയുമായി ബന്ധപ്പെട്ട സംരംഭം തുടങ്ങുമ്പോൾ അതിനാവശ്യമായ ഒരു പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുക എന്നതാണ് ആദ്യഘട്ടം. ഇങ്ങനെ സംരംഭകരെ പിന്തുണയ്ക്കുന്നതിനായി നടപ്പിലാക്കിയ ഡി.പി.ആർ ക്ലിനിക് വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുകയും ഇത്തരത്തിൽസംരംഭകരെ വാർത്തെടുക്കാൻ സാധിച്ചിട്ടുമുണ്ടെന്നും മന്ത്രി പറഞ്ഞു.
ഐ.സി.എ.ആർ ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം ഡയറക്ടർ ആർ.ദിനേഷ് അദ്ധ്യക്ഷത വഹിച്ചു.ചെറുകിട സംരംഭകരുടെ ഉത്പന്നങ്ങൾ പൊതുജനങ്ങളിലേക്ക് നേരിട്ടെത്തിക്കാൻ അവസരമൊരുക്കുകയും സംരംഭക പ്രവണത പ്രോത്സാഹിപ്പിക്കാനും ലക്ഷ്യംവെച്ചാണ് ഗവേഷണ സ്ഥാപനത്തിലെ അഗ്രിബിസിനസ് ഇൻക്യൂബേറ്ററിന്റെ നേതൃത്വത്തിൽ മേള സംഘടിപ്പിക്കുന്നത്. മേളയിൽ പങ്കെടുത്ത സംരംഭകരെ മന്ത്രി സന്ദർശിക്കുകയും അവരുടെ ഉത്പന്നങ്ങളെക്കുറിച്ച് ചോദിച്ചറിയുകയും ചെയ്തു. ക്രോപ്പ് ഇംപ്രൂവ്മെന്റ് ആൻഡ് ബയോ ടെക്നോളജി എച്ച്ഒ.ഡി ടി.ഇ.ഷീജ സ്വാഗതവും സീനിയർ സൈന്റിസ്റ്റ് വി.കെ സജേഷ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |