കോഴിക്കോട്: കാടിറങ്ങിയ വന്യമൃഗങ്ങൾ കൃഷിയിടം കൈയടക്കിയതോടെ ജില്ലയിലെ കർഷകർക്കുണ്ടായത് 70,05500 രൂപയുടെ കൃഷിനാശം. 54.56 ഹെക്ടർ ഭൂമിയിലെ കാർഷിക വിളകളാണ് 2023 ഏപ്രിൽ മുതൽ ഇന്നലെ വരെയുള്ള കാലയളവിൽ വന്യമൃഗങ്ങൾ ഇല്ലാതാക്കിയത്. വാഴ, ചേമ്പ്, ചേന, മരച്ചീനി, തെങ്ങ്, കവുങ്ങ്, ജാതി, കൊക്കോ, റബർ തുടങ്ങിയ വിളകളാണ് നശിപ്പിച്ചത്. കുരങ്ങൻ, കാട്ടാന, കാട്ടുപന്നി, മുള്ളൻ പന്നി തുടങ്ങിയ ജീവികളുടെ ശല്യമാണ് രൂക്ഷം. വേനൽ കടുത്തതോടെ ശല്യം കൂടിയതായി കർഷകർ പറയുന്നു. വാഴകൃഷി നശിപ്പിക്കുന്നതിൽ പ്രധാനി കുരങ്ങനാണ്. കാട്ടുപന്നികളാവട്ടെ കൂട്ടമായെത്തി കാർഷികവിളകൾ ഇളക്കിമറിച്ചിടുകയാണ്. മലയോര മേഖലകളായ മുക്കം, തിരുവമ്പാടി, കൂടരഞ്ഞി, വിലങ്ങാട്, പന്നിയേരി കുറ്റല്ലൂർ, പാലൂർ, ചക്കിട്ടപ്പാറ, ചെമ്പനോട പന്നിക്കോട്ടൂർ, ചെങ്കോട്ടക്കൊല്ലി, കൂവപൊയിൽ, മുതുകാട്, വട്ടക്കയം നാദാപുരം തുടങ്ങിയ ഇടങ്ങളിലെല്ലാം മൃഗങ്ങൾ വ്യാപകമായി കൃഷി നശിപ്പിക്കുകയാണ്. മൃഗങ്ങളുടെ ശല്യം രൂക്ഷമായ പ്രദേശങ്ങളിൽ വേലികളടക്കം സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഫലമില്ലെന്നാണ് കർഷകർ പറയുന്നത്. കർഷകർക്കുള്ള നഷ്ടപരിഹാരം അടക്കമുള്ള നടപടിക്രമങ്ങൾ അനന്തമായി നീളുന്നതും തിരിച്ചടിയാണ്. വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായതോടെ കൃഷി ഉപേക്ഷിക്കുകയാണ് പലരും. വിളനാശത്തിന് പുറമെ വന്യജീവി ആക്രമണത്തിൽ മരണം, പരിക്ക്, വീട് നാശം, കന്നുകാലി നാശം, മറ്റ് സ്വത്തുക്കളുടെ നാശം എന്നിവ സംഭവിച്ചവരും നിരവധിയാണ്. വന്യജീവികളുടെ അക്രമം അവസാനിപ്പിക്കാൻ വനവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നും യഥാസമയം കാടും മരങ്ങളും വെട്ടിമാറ്റി ബാറ്ററിയും ഇൻവെർട്ടറും പുനസ്ഥാപിച്ച് സോളാർ ഫെൻസിംഗ് പ്രവർത്തനം കാര്യക്ഷമമാക്കുകയും ഫെൻസിംഗില്ലാത്ത വനാതിർത്തികളിൽ അവ സ്ഥാപിക്കുകയും ചെയ്യണമെന്നാണ് മലയോര ജനതയുടെ ആവശ്യം.
കൃഷിനാശം തടയാൻ കൃഷി വകുപ്പ്
കൃഷിനാശം തടയാൻ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ വനം വകുപ്പുമായി സഹകരിച്ച് നടപ്പിലാക്കുന്ന സമഗ്ര കർമപദ്ധതി ജില്ലയിൽ അന്തിമഘട്ടത്തിലാണ്. വനൃജീവികൾ കൃഷിയിടത്തിലിറങ്ങുന്നത് മൂലം നിരവധി കർഷകരാണ് കൃഷി ഉപേക്ഷിക്കുന്നത്. ഇത് തടയുകയാണ് ലക്ഷ്യം. രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി 1.25 കോടി ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി കൂടരഞ്ഞി, തിരുവമ്പാടി പഞ്ചായത്തുകളിൽ വനാതിർത്തിയോട് ചേർന്ന് 16 കി.മീറ്ററിൽ സോളാർ ഫെൻസിംഗ് സ്ഥാപിച്ചു. ഇതോടൊപ്പം വേനൽക്കാലത്ത് മൃഗങ്ങൾ വെള്ളവും തീറ്റയും തേടി കൃഷിയിടങ്ങളിൽ എത്താതിരിക്കാൻ കാടിനുള്ളിൽ കുളങ്ങൾ നിർമ്മിക്കാനും നിലവിലുള്ള ജലസ്രോതസുകൾ ശക്തിപ്പെടുത്താനും വനംവകുപ്പും തീരുമാനിച്ചിട്ടുണ്ട്. വന്യജീവി പ്രതിരോധ നിയന്ത്രണ മാർഗങ്ങൾ ചർച്ചചെയ്യുകയും കർഷകർക്ക് ബോധവത്കരണം നൽകിയിട്ടുണ്ടെന്നും കൃഷി വകുപ്പ് അധികൃതർ വ്യക്തമാക്കി.
വർഷം-കൃഷി നാശം-ഏക്കർ
2023 ഏപ്രിൽ മുതൽ 2024 മാർച്ച്- 3993550 -44.978
2024 ഏപ്രിൽ മുതൽ ഇന്നലെ വരെ- 3011950- 9.585
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |