മസ്തകത്തിൽ മുറിവേറ്റ കാട്ടാനയ്ക്കായുള്ള രക്ഷാദൗത്യം വിഫലം
ചാലക്കുടി: അതിരപ്പിള്ളിയുടെ പ്ലാന്റേഷൻ കാടുകളിൽ മസ്തകത്തിൽ മുറിവേറ്റ നിലയിൽ കാണപ്പെട്ട കാട്ടാനയെ ചുറ്റിപ്പറ്റി കഴിഞ്ഞ മുപ്പത്തിയെട്ട് ദിവസമായി ഉടലെടുത്ത സംഭവ വികാസങ്ങൾക്ക് വേദനാജനകമായ പര്യവസാനം. മയക്കുവെടിവച്ച് പിടികൂടിയ കൊമ്പൻ കോടനാട്ടെ അഭയാരണ്യത്തിൽ ചികിത്സയിലിരിക്കെയാണ് ഇന്നലെ ചെരിഞ്ഞത്. വനംവകുപ്പിന്റെ ചരിത്രത്തിൽ ഒരു വന്യജീവിയുടെ ജീവൻരക്ഷയ്ക്കായി ഇത്രയേറെ മനുഷ്യ പ്രയത്‌നവും പണച്ചെലവ് ഏറിയതുമായ ഒരു ദൗത്യം മുമ്പുണ്ടായിട്ടില്ല. കാട്ടാനയ്ക്ക് മസ്തകത്തിൽ മുറിവേറ്റ വിവരം പുറത്തുവന്നതോടെ ചികിത്സ നൽകുന്നതിനായ് രണ്ടു വട്ടം മയക്കുവെടി, ഡ്രോൺ പറത്തി നിരീക്ഷണം, കുങ്കിയാനകളുടെ വരവ് അങ്ങനെ നീണ്ടു നാൽപ്പത് വയസ് പ്രായമായ കാട്ടുകൊമ്പന്റെ ജീവൻ നിലനിറുത്താനുള്ള ദൗത്യം.
കാട്ടുകൊമ്പന്റെ വരവും പോക്കും.......
ജനുവരി 14 :
പ്ലാന്റേഷൻ കോർപ്പറേഷന്റെ ഏഴാറ്റുമുഖം എലിച്ചാണി വനത്തിൽ മസ്തകത്തിൽ മുറിവേറ്റ നിലയിൽ കാട്ടാന പ്രത്യക്ഷപ്പെട്ടു. വെടിയേറ്റ മുറിവാണെന്ന് പ്രചാരണം.
ജനുവരി 15
മറ്റ് കാട്ടാനകളുമായുണ്ടായ ഏറ്റുമുട്ടലിൽ സംഭവിച്ച മുറിവാണെന്ന് വനംവകുപ്പിന്റെ വിശദീകരണം. പറമ്പിക്കുളം വനത്തിൽ നിന്നെത്തിയ ആനയെ രണ്ടുമാസത്തോളം പലയിടത്തും കണ്ടെന്നും ഉദ്യോഗസ്ഥരുടെ അറിയിപ്പ്.
ജനുവരി 16
ആനയുടെ മുറിവിൽ പുഴുവരിക്കുന്നെന്ന സാമൂഹിക-മാദ്ധ്യമ വാർത്ത പുറത്തുവരുന്നു. മുറിവ് വെടിയേറ്റതാണെന്ന കിംവദന്തിയെത്തുടർന്ന് സംസ്ഥാന വനംവകുപ്പ് മേധാവികളുടെ ഇടപെടൽ.
ജനുവരി 17
ആനയെ നിരീക്ഷിക്കാൻ ഉന്നതതല നിർദ്ദേശം.
ജനുവരി 21
ഡോ.ബിനോയ് സി.ബാബു സ്ഥലത്തെത്തി ആനയെ നിരീക്ഷിച്ചു. വെടിയേറ്റതല്ലെന്ന് സ്ഥിരീകരണം. വ്രണം ആഴത്തിലുള്ളതെന്നും ആന അവശനല്ലെന്നും വിലയിരുത്തൽ.
ജനുവരി 22
ചീഫ് വെറ്റിനറി സർജൻ ഡോ.അരുൺ സക്കറിയ സ്ഥലത്തെത്തി. മയക്കുവെടി വയ്ക്കാൻ ആദ്യശ്രമം. റബർ ബുള്ളറ്റിന്റെ ശബ്ദം കേട്ട ആന ഉൾക്കാട്ടിലേയ്ക്ക് ഭയന്നോടി. തുടർന്ന് ഡ്രോൺ ഉപയോഗിച്ച് ആകാശ നിരീക്ഷണം.
ജനുവരി 23
തുടർന്ന് നടത്തിയ പരിശോധനയിൽ ഓടിപ്പോയ ആനയെ കണ്ടെത്താനായില്ല
ജനുവരി 24
വെറ്റിലപ്പാറ 15ൽ ആനയെ മയക്കുവെടി വച്ചു. ഒന്നര മണിക്കൂർ ചികിത്സ പിന്നീട് വിട്ടയച്ചു.
ഫെബ്രുവരി 9
ആനയെ കണ്ടെത്തുമ്പോൾ വ്രണം കൂടുതൽ വ്യാസത്തിൽ.
ഫെബ്രുവരി 12
ആനയെ വീണ്ടും മയക്കുവെടി നൽകി കോടനാട് എത്തിക്കാൻ ആലോചന.
ഫെബ്രുവരി 14
ചീഫ് വൈൽഡ് ലൈഫ് ഗാർഡൻ സ്ഥലത്തെത്തി കാട്ടാനയെ കോടനാട് എത്തിക്കാൻ ഉത്തരവ് നൽകി.
ഫെബ്രുവരി 15
ആനക്കൂട് നിർമ്മാണത്തിന് തുടക്കം
ഫെബ്രുവരി 17
കോടനാട് അഭയാരണ്യ കേന്ദ്രത്തിൽ പുതിയ ആനക്കൂട് നിർമ്മാണം പൂർത്തിയായി. വെറ്റിലപ്പാറയിൽ രണ്ടാം ഘട്ട ദൗത്യത്തിന് കുങ്കിയാനകളെത്തി.
ഫെബ്രുവരി 19
വെറ്റിലപ്പാറ ചെക്ക് പോസ്റ്റിന് സമീപത്ത് എണ്ണപ്പന തോട്ടത്തിൽ വീണ്ടും ആനയ്ക്ക് മയക്കുവെടി. മൂന്ന് കുങ്കിയാനകളുടെ സഹായത്തോടെ അനിമൽ ആംബുലൻസിൽ കയറ്റി നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ കോടനാട്ടേയ്ക്ക് ചികിത്സാ യാത്ര.
ഫെബ്രുവരി 20
ആനക്കൂട്ടിൽ വിദഗ്ദ്ധ ചികിത്സ. ആന ഭക്ഷണം കഴിച്ചു. മരുന്നുകൾ നൽകി.
ഫെബ്രുവരി 21
ചികിത്സ പുരോഗമിക്കുന്നതിനിടെ ആനക്കൂട്ടിൽ കുഴഞ്ഞു വീണു. മരണം സ്ഥിരീകരിച്ചു. കാരണം ഹൃദയാഘാതം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |