കൊച്ചി: പ്രളയശേഷം സംസ്ഥാനത്തെ അണക്കെട്ടുകളിൽ അടിഞ്ഞ മണ്ണ് നീക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിച്ചിട്ടുള്ള നടപടിക്രമങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാരസമിതിയും ഇറിഗേഷൻ ചീഫ് എൻജിനിയറുടെ നേതൃത്വത്തിലുള്ള സാങ്കേതിക സമിതിയും ഇതിനുള്ള ചട്ടക്കൂടു തയ്യാറാക്കി പ്രവർത്തിക്കുന്നുണ്ടെന്ന് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ അദ്ധ്യക്ഷനായ ഡിവിഷൻബെഞ്ച് വിലയിരുത്തി. തുടർന്ന്,
ഡാമുകളിലെയും റിസർവോയറുകളിലെയും നദികളിലെയും സെഡിമെന്റെഷൻ പഠന റിപ്പോർട്ട് ഹാജരാക്കാൻ നിർദ്ദേശിക്കണമെന്നാവശ്യപ്പെടുന്ന ഹർജിയിലെ തുടർനടപടികൾ കോടതി അവസാനിപ്പിച്ചു.
അണക്കെട്ടുകളിലടക്കം മണ്ണടിഞ്ഞതിന്റെ പഠന റിപ്പോർട്ടിനായി കുമളി സ്വദേശി എസ്. പ്രസാദാണ് അഡ്വ. പി.സി. ചാക്കോ മുഖേന ഹർജി നൽകിയത്.
കോടതി നിർദ്ദേശങ്ങൾ
1. മണ്ണ് അടിഞ്ഞതിനാൽ ജല സംഭരണശേഷി പകുതിയോളം കുറഞ്ഞ ഡാം റിസർവോയറുകളടക്കമുണ്ടെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യത്തിൽ പ്രത്യേകം ഉന്നയിക്കേണ്ട വിഷയങ്ങളുണ്ടെങ്കിൽ ഹർജിക്കാരന് സർക്കാരിന് മുമ്പാകെ അറിയിക്കാം.
2. ഹർജിയുടെ പകർപ്പ് ജലവിഭവ വകുപ്പ് സെക്രട്ടറിക്ക് കൈമാറണം.
3. നദികളിലെ മണ്ണു നീക്കത്തിനുള്ള നിർദ്ദേശങ്ങളും ഹർജിക്കാരന് സമർപ്പിക്കാം.
4. ഗവ. സെക്രട്ടറി ഇത് ചട്ടപ്രകാരം പരിഗണിക്കണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |