വിതുര: വിതുര പഞ്ചായത്തിലെ കല്ലാർ മേഖലയിൽ വീണ്ടും കാട്ടാനകൾ. കഴിഞ്ഞ ദിവസം രാത്രിയിൽ ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാനകൾ വ്യാപകമായി നാശം വിതച്ചു. കല്ലാർ ഗവൺമെന്റ് എൽ.പി.എസിന്റെ മതിൽ തകർത്ത് അകത്ത് കയറി കാട്ടാനകൾ കൃഷി മുഴുവൻ നശിപ്പിച്ചു. മണിക്കൂറുകൾ സ്കൂൾ വളപ്പിൽ ചേക്കേറിയ കാട്ടാനകളെ തുരത്തി ഓടിക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും ആനകൾ പിൻവാങ്ങാൻ കൂട്ടാക്കിയില്ല. പൊൻമുടി റോഡിൽ നേരം പുലരുവോളം കാട്ടാനകളുടെ വിളയാട്ടമായിരുന്നു. പൊൻമുടി റോഡിൽ പുലർച്ചെ കെ.എസ്.ആർ.ടി.സി ബസെത്തി ഹോൺ മുഴക്കിയപ്പോഴാണ് കാട്ടാനകൾ കാട്ടിലേക്ക് മടങ്ങിയത്.
കൃഷികൾ നശിപ്പിച്ചു
കല്ലാർ മീൻമുട്ടി വെള്ളച്ചാട്ടത്തിലേക്ക് പോകുന്ന വഴിയിലെ മരങ്ങളും മറ്റും നശിപ്പിച്ചു. രണ്ട് ദിവസമായി കല്ലാർ മേഖലയിൽ കാട്ടാനശല്യം രൂക്ഷമാണ്. ആദിവാസിമേഖലകളിലെ അവസ്ഥയും വിഭിന്നമല്ല. രാത്രിയിൽ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു. മാത്രമല്ല ഉപജീവനത്തിനായി ഇറക്കിയ കൃഷി മുഴുവൻ നശിപ്പിച്ചു.
ആനശല്യം ഇവിടെ
കല്ലാർ, മൊട്ടമുൂട്, ഗോൾഡൻവാലി, മീൻമുട്ടി, ആറാനക്കുഴി, മംഗലകരിക്കകം, അല്ലത്താര, കൊമ്പ്രാംകല്ല്, ചണ്ണനിരവട്ടം, ചാമക്കര.
ഇതുവരെ മരണം 5
കാട്ടാനകളുടെ ആക്രമണത്തിൽ നേരത്തേ കല്ലാർ മേഖലയിൽ പദ്മശ്രീ ലക്ഷമിക്കുട്ടിയമ്മയുടെ മകൻ ധരണീന്ദ്രൻകാണി അടക്കം അഞ്ച് പേർ മരണമടഞ്ഞിട്ടുണ്ട്.
ടൂറിസ്റ്റുകൾ ജാഗ്രത
കല്ലാർ, മീൻമുട്ടി, മേഖലയിൽ കാട്ടാനശല്യം രൂക്ഷമാണ്. പകൽസമയത്തുപോലും കാട്ടാനകളെത്തുന്നുണ്ട്. മീൻമുട്ടി വെള്ളച്ചാട്ടം സന്ദർശിക്കാൻ പോകുന്നവർ ജാഗ്രത പാലിക്കണം. വനം വകുപ്പിന്റെ അറിയിപ്പുകൾ പാലിച്ച് സന്ദർശനം നടത്തണം. പൊൻമുടി-കല്ലാർ റോഡിലും ആനശല്യമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |