ന്യൂഡൽഹി: കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന് ഭോപ്പാൽ-ഡൽഹി യാത്രയിൽ പൊട്ടിയതും കുഴിഞ്ഞതുമായ സീറ്റ് അനുവദിച്ചത് വിവാദമായതോടെ മാപ്പുപറഞ്ഞ് എയർഇന്ത്യ. ടാറ്റ ഏറ്റെടുത്തിട്ടും എയർഇന്ത്യയ്‌ക്ക് മാറ്റമില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി.
സിവിൽ വ്യോമയാന മന്ത്രാലയത്തോട് സംഭവം അന്വേഷിക്കാൻ കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹൻ നായിഡു ഉത്തരവിട്ടിട്ടുണ്ട്. എക്‌സിലെ പോസ്റ്റിലൂടെയാണ് ചൗഹാൻ ഇന്നലെ യാത്രയ്‌ക്കിടെ സംഭവിച്ച മോശം അനുഭവത്തെക്കുറിച്ച് സൂചിപ്പിച്ചത്. ' തനിക്ക് അനുവദിച്ച സീറ്റിലിരുന്നപ്പോളാണ് പ്രശ്‌നം മനസിലായത്. സീറ്റ് പൊട്ടിയതും കുഴിഞ്ഞതുമായിരുന്നു.ഇരിക്കാൻ ബുദ്ധിമുട്ടി '- അദ്ദേഹം കുറിച്ചു.
സംഭവത്തിൽ എയർ ഇന്ത്യ എക്‌സിലൂടെ ക്ഷമാപണം നടത്തി. ' അസൗകര്യത്തിൽ ഞങ്ങൾ ഖേദിക്കുന്നു. ഭാവിയിൽ ഇത്തരം സംഭവങ്ങളുണ്ടാകാതിരിക്കാൻ ശ്രദ്ധ ചെലുത്തും. മന്ത്രിയുമായി നേരിട്ട് ബന്ധപ്പെടുമെന്നും എയർ ഇന്ത്യ മറുപടിയിൽ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |