പത്തനാപുരം: പിറവന്തൂരിലെ മൂന്ന് വീടുകളിലടക്കം പൂട്ടിക്കിടക്കുന്ന വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന അന്തർ സംസ്ഥാന മോഷ്ടാവും നിരവധി മോഷണ കേസുകളിലെ പ്രതിയുമായ യുവാവ് പുനലൂർ പൊലീസിന്റെ പിടിയിലായി. കുന്നിക്കോട് വിളക്കുടി ധർമ്മപുരി ഷീജ ഭവനിൽ ഷിബുവാണ് (33) പിടിയിലായത്.
ഷിജു, സുജിത്ത് എന്നീ പേരുകളിലും അറിയപ്പെടുന്ന പ്രതി കേരളത്തിലെ വിവിധ ജില്ലകൾക്ക് പുറമേ തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും നൂറിലേറെ മോഷണം നടത്തിയിട്ടുണ്ടെന്ന് പുനലൂർ എസ്.എച്ച്.ഒ രാജേഷ് പറഞ്ഞു. കേസുകളിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.ഇളമ്പൽ പാപ്പാരംകോട് വച്ചാണ് പൊലീസ് പ്രതിയെ പിടികൂടിയത്. ഈ സമയം ഷിബുവിനൊപ്പമുണ്ടായിരുന്ന സനോജ് ഓടി രക്ഷപ്പെട്ടു.
ആന്ധ്രാപ്രദേശിലെ തുരുപ്പതിയിൽ നടന്ന മോഷണക്കേസിൽ ഷിബു അറസ്റ്റിലായിരുന്നു. ഡിസംബറിൽ ജയിലിൽ നിന്നിറങ്ങിയ ശേഷമാണ് ഇപ്പോൾ വീണ്ടും പിടിയിലായത്. വീടിന്റെ ചുറ്റുപാടുകൾ നിരീക്ഷിച്ച് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് മോഷണം.
എളുപ്പത്തിൽ കൈക്കലാക്കാവുന്ന വിലപിടിപ്പുള്ള സാധനങ്ങളാണ് മോഷ്ടിച്ചിരുന്നത്. മോഷണ വസ്തുക്കൾ വിൽക്കാൻ സാഹായിച്ചിരുന്ന ആളാണ് സനോജ്. കഴിഞ്ഞ ദിവസം പുനലൂർ ഫയർ സ്റ്റേഷന് എതിർവശത്തുള്ള വീട്ടിലെ മോഷണത്തിന് പിന്നിൽ ഷിബുവാണെന്ന് പൊലീസിന് സംശയമുണ്ടായിരുന്നു. ഇവിടെ നിന്ന് ലഭിച്ച വിരലടയാളവും പൊലീസിന്റെ ഡാറ്റാബേസിലുള്ള വിരലടയാളവും യോജിച്ചിരുന്നു.
അന്വേഷണത്തിൽ ഷിബു ഇളമ്പലിൽ ഉള്ളതായി വിവരം ലഭിച്ചു. പൊലീസ് എത്തിയതറിഞ്ഞ് അക്രമാസക്തനായ ഷിബു ബ്ലേഡും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് പൊലീസ് സംഘത്തെ ആക്രമിച്ചു. ഏറെ പണിപ്പെട്ടാണ് പൊലീസ് പ്രതിയെ കീഴ്പ്പെടുത്തിയത്.
മാത്രയിലെ ടാക്സി ഡ്രൈവറുടെ വീട്, പിറവന്തൂർ വാഴത്തോപ്പിലേതടക്കം രണ്ട് വീട്, വെഞ്ചേമ്പിലുള്ള സ്വകാര്യ ആയുർവേദ ആശുപത്രി എന്നിവിടങ്ങളിലും സമാന രീതിയിൽ മോഷണം നടന്നിരുന്നു. ഇതിന് പിന്നിലും ഷിബു തന്നെയാണെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |