തിരുവനന്തപുരം: കോൺഗ്രസിന് തന്റെ സേവനം വേണ്ടെങ്കിൽ മുന്നിൽ മറ്റു വഴികളുണ്ടെന്ന് ഡോ. ശശി തരൂർ തുറന്നടിച്ചത്, നേതൃത്വത്തിന് ആഘാതമായി. നേതൃത്വത്തിന് വിധേയനായി നിഷ്ക്രിയനായി തുടരില്ലെന്ന മുന്നറിയിപ്പാണ് തരൂർ നൽകുന്നത്.
കോൺഗ്രസിലെ അനൈക്യം നിയമസഭാതിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ വിജയസാദ്ധ്യതയ്ക്ക് തിരിച്ചടിയാവുമെന്ന ആശങ്കയിലാണ് ഘടക കക്ഷിയായ മുസ്ലിംലീഗ്. 27ന് ചേരുന്ന യു.ഡി.എഫ് യോഗത്തിൽ ലീഗ് അതൃപ്തി അറിയിക്കും.
സാഹചര്യം മുതലെടുക്കാൻ സി.പി.എമ്മും ശ്രമം തുടങ്ങി. നരേന്ദ്ര മോദിയെയും സംസ്ഥാന വ്യവസായ വകുപ്പിനെയും പ്രശംസിച്ച് പാർട്ടിയെ വിവാദത്തിലാക്കിയ തരൂരിനെ അവഗണിക്കാമെന്നതായിരുന്നു കോൺഗ്രസിന്റെ തന്ത്രം. എന്നാൽ ഇന്നലെ ദി ഇന്ത്യൻ എക്സ്പ്രസ് പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് തരൂർ വീണ്ടും തുറന്നടിച്ചത്. കേരളത്തിൽ സമഗ്ര മാറ്റം കൊണ്ടുവരാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാമെന്ന് വ്യക്തമാക്കിയതിലൂടെ ലക്ഷ്യം എന്താണെന്നും പറഞ്ഞുവച്ചു.
കേരളത്തിൽ നേതാക്കളുടെ അപര്യാപ്തതയുണ്ടെന്ന് പറഞ്ഞതും വെറും വാക്കല്ല. അതിന്റെ പൊരുൾ ഗ്രഹിച്ചതുകൊണ്ടാണ് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പ്രതികരിച്ചത്. തരൂർ അതിരുവിടരുതെന്നാണ് ആഗ്രഹമെന്ന് സുധാകരൻ പറഞ്ഞുവച്ചു.
സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലോ, കോൺഗ്രസ് പ്രവർത്തക സമിതിഅംഗങ്ങളോ അത്തരത്തിൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. തരൂരിനെ നാല് തവണ എം.പി ആക്കിയതും മന്ത്രിയാക്കിയതുമൊക്കെ രമേശ് ചെന്നിത്തല ഓർമ്മപ്പെടുത്തുന്നുണ്ട്. കേരളത്തിൽ ഒരിക്കലും നേതൃദാരിദ്ര്യമുണ്ടായിട്ടില്ലെന്ന് കെ. മുരളീധരനും പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കൃത്യമായി പ്രതികരിച്ചിട്ടുമില്ല. അതേസമയം തരൂരിനെ ന്യായീകരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറിയടക്കം രംഗത്തെത്തി.
തരൂർ തർക്കം ഇടതിന് ആയുധം
# പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞ ഡോ. പി. സരിനെ സ്ഥാനാർത്ഥിയാക്കുകയും തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് മുമ്പ് മുതിർന്ന നേതാവ് കെ.വി. തോമസിനെ അടർത്തിയെടുക്കുകയും ചെയ്ത സി.പി.എം തരൂരിനെയും ഉന്നം വയ്ക്കുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനും കോൺഗ്രസിനുമെതിരെ മൂർച്ചയുള്ള ആയുധമാണ് തരൂരെന്ന് സി.പി.എം തിരിച്ചറിയുന്നുണ്ട്. ബി.ജെ.പി റാഞ്ചുമോ എന്ന ആശങ്കയുമുണ്ട്.
# കെ.വി. തോമസിനോ കരുണാകരന്റെ മകൾ പത്മജയ്ക്കോ കോൺഗ്രസിന് ആഘാതമേൽപ്പിക്കാൻ കഴിഞ്ഞില്ല. തരൂരിനും നേരിട്ട് അണികളെ വശത്താക്കാൻ കഴിയുമെന്ന് കോൺഗ്രസ് കരുതുന്നില്ല. പക്ഷേ തരൂരിനെ ആയുധമാക്കി സി.പി.എം ആക്രമണം കടുപ്പിച്ചാൽ അവർക്ക് വോട്ടർമാരുടെ വിശ്വാസം ആർജിക്കാനും കോൺഗ്രസിന്റെ വീര്യം ചോർത്താനും കഴിയും.
'ഇപ്പോൾ പ്രതികരണത്തിനില്ല. ഇന്ത്യൻ എക്‌സ്‌പ്രസിന് നൽകിയ പോഡ്കാസ്റ്റ് അഭിമുഖത്തിന്റെ പൂർണരൂപം 26ന് പുറത്തുവരും. അതു മുഴുവനും കേൾക്കൂ"
- ഡോ. ശശി തരൂർ.എം.പി
'ഇനിയും അദ്ദേഹത്തിന് തിരുത്താം. ആരും അദ്ദേഹത്തെ വിമർശിക്കുകയോ, പാർട്ടി വിട്ട് പോകണമെന്ന് പറയുകയോ ചെയ്തിട്ടില്ല.'
-കെ. സുധാകരൻ, കെ.പി.സി.സി അദ്ധ്യക്ഷൻ
`ശശി തരൂരിനെപ്പോലൊരാളെ അണ്ടർ എസ്റ്റിമേറ്റ് ചെയ്യരുത്.'
-എം.വി ഗോവിന്ദൻ, സി.പി.എം സംസ്ഥാന സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |