മേപ്പാടി: പുനരധിവാസം വൈകുന്നതിൽ പ്രതിഷേധിച്ച് ഉരുൾപൊട്ടിയ ചൂരൽമലയിൽ ദുരിതബാധിതർ കുടിൽകെട്ടി കഞ്ഞിവച്ച് സമരം തുടങ്ങി. ജനശബ്ദം ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം. ഇന്നലെ രാവിലെ ചൂരൽമല ടൗണിൽ നിന്ന് പ്രകടനമായെത്തിയ ദുരന്തബാധിതരെ ബെയ്ലി പാലത്തിനു സമീപം പൊലീസ് തടഞ്ഞു. തുടർന്ന് വാക്കേറ്റവും കൈയാങ്കളിയുമായി.
അരമണിക്കൂർ പ്രദേശത്ത് സംഘർഷാവസ്ഥയുണ്ടായി. സംഘർഷ സാദ്ധ്യതയെ തുടർന്ന് മേപ്പാടി സി.ഐ എ.യു. ജയപ്രകാശിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തുണ്ടായിന്നു. മറ്റൊരു വഴിയിലൂടെയാണ് സമരക്കാർ ദുരന്തഭൂമിയിലെത്തി കുടിൽ കെട്ടിയത്. വരും ദിവസങ്ങളിൽ കൂടുതൽ കുടിൽ കെട്ടുമെന്ന് സമരക്കാർ പറഞ്ഞു. ഇതിനിടെ പലരും പൊട്ടിക്കരഞ്ഞു. നിലവിൽ വയനാടിന്റെ വിവിധയിടങ്ങളിൽ വാടകയ്‌ക്ക് താമസിക്കുകയാണിവർ.
അതിനിടെ ദുരിതബാധിതരുടെ പുനരധിവാസത്തിനായുള്ള രണ്ടാംഘട്ട കരട് ലിസ്റ്റിനെതിരെയും വ്യാപക പരാതി. ദുരന്ത മേഖലയിൽ നോ ഗോ സോൺ പ്രദേശത്തെ 81 കുടുംബങ്ങളാണ് പട്ടികയിലുള്ളത്. അട്ടമലയുൾപ്പെട്ട പത്താം വാർഡിലെ 42 കുടുംബങ്ങളും മുണ്ടക്കൈയുൾപ്പെട്ട പതിനൊന്നാം വാർഡിൽ 29ഉം, ചൂരൽമലയുൾപ്പെട്ട പന്ത്രണ്ടാം വാർഡിൽ 10 കുടുംബങ്ങളുമാണ് പട്ടികയിലുള്ളത്. നേരത്തത്തെ ലിസ്റ്റിലുണ്ടായിരുന്ന പല കുടുംബങ്ങളും പുതിയതിൽ നിന്ന് പുറത്തായി. സബ് കളക്ടറുടെ നേതൃത്വത്തിൽ പുറത്തിറക്കിയ കരട് ലിസ്റ്റ് പ്രതിഷേധമുണ്ടായിരുന്നു. അതിനേക്കാൾ വലിയ അപാകത പുതിയ ലിസ്റ്റിലുണ്ടെന്ന് ദുരന്തബാധിതർ ആരോപിച്ചു.
ആക്ഷേപങ്ങൾ ഉന്നയിക്കാൻ അവസരം
പുതിയ ലിസ്റ്റിൽ ആക്ഷേപമുണ്ടെങ്കിൽ 10 ദിവസത്തിനകം അറിയിക്കണം. ഇതിനായി വൈത്തിരി താലൂക്ക് ഓഫീസ്, മേപ്പാടി ഗ്രാമപഞ്ചായത്ത്, വെള്ളരിമല വില്ലേജ് എന്നിവിടങ്ങളിൽ ഹെൽപ്പ് ഡെസ്‌ക്കുണ്ട്. ആക്ഷേപങ്ങളിൽ സ്ഥല പരിശോധന നടത്താൻ സബ് കലക്ടർക്കാണ് ചുമതല. ആദ്യ സമ്പൂർണ ലിസ്റ്റിൽ 242 പേരാണുണ്ടായിരുന്നത്. രണ്ട് ലിസ്റ്റിലുമായി 323 ഗുണഭോക്താക്കൾ മാത്രമാണ് ഉൾപ്പെട്ടിട്ടുള്ളത്. ഏറ്റവും അർഹരായ 100ലേറെ പേർ ഇനിയമുഉൾപ്പെടാൻ ഉണ്ടെന്നാണ് ദുരന്തബാധിതർ പറയുന്നത്. മേപ്പാടി ഗ്രാമപഞ്ചായത്ത് സർവകക്ഷിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ലിസ്റ്റിൽ 400ന് മുകളിൽ ആളുണ്ട്. അത് അംഗീകരിച്ചാൽ പ്രതിസന്ധി ഒഴിവാകുമെന്ന് മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |