ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്ഥാനെ 6 വിക്കറ്റിന് കീഴടക്കി ഇന്ത്യ, വിരാട് കൊഹ്‌ലിക്ക് സെഞ്ച്വറി
ദുബായ്: ചാമ്പ്യൻസ് ട്രോഫിയിൽ ക്രിക്കറ്റ് ലോകം ആകാംഷയോടെ കാത്തിരുന്ന ഗ്ലാമർ പോരാട്ടത്തിൽ പാകിസ്ഥാനെ ആറ് വിക്കറ്റിന് തകർത്ത് സെമി ഫൈനൽ ഉറപ്പിച്ച പോലെ ഇന്ത്യ. രണ്ടാം തോൽവിയോടെ ആതിഥേയരായ പാകിസ്ഥാൻ ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് ഏറെക്കുറെ പുറത്തായി.
ആദ്യംബാറ്റ് ചെയ്ത പാകിസ്ഥാൻ 49.4 ഓവറിൽ 241 റൺസിന് ഓൾഔട്ടായി.
മറുപടിക്കിറങ്ങിയ ഇന്ത്യ വിരാട് കൊഹ്‌ലിയുടെ സെഞ്ച്വറിയുടെ പിൻബലത്തിൽ 42.3 ഓവറിൽ വിജയലക്ഷ്യത്തിലെത്തി (244/4).
51-ാം ഏകദിന സെഞ്ച്വറി ഇന്ത്യയുടെ വിജയറണ്ണിലൂടെയാണ് വിരാട് കുറിച്ചത്.111 പന്തിൽ 7 ഫോറുൾപ്പെടെ കൊഹ്‌ലി 100 റൺസുമായി പുറത്താകാതെ നിന്നു. ഏകദിനത്തിൽ 14,000 റൺസ് തികയ്ക്കുന്ന മൂന്നാമത്തെ താരമെന്ന നേട്ടവും കൊഹ്‌ലി ഇന്നലെ സ്വന്തമാക്കി.
അനായാസം ഇന്ത്യ
പാകിസ്ഥാനുയർത്തിയ അത്രവലുതല്ലാത്ത വിജയലക്ഷ്യത്തിലേക്ക് ഇന്ത്യ അനായാസമാണ് എത്തിയത്. ഓപ്പണർമാരായ ക്യാപ്‌ടൻ രോഹിത് ശർമ്മയും (20), ശുഭ്‌മാൻ ഗില്ലും (46) ഭേദപ്പെട്ട തുടക്കം നൽകി. ടീം സ്കോർ31ൽ വച്ച് നന്നായി കളിച്ചുവരികയായിരുന്ന രോഹിതിനെ ഷഹീൻ അഫ്രീദി ക്ലീൻബൗൾഡാക്കി. തുടർന്ന് കൊഹ്‌ലിയും ഗില്ലും ഇന്ത്യയെ പ്രശ്നങ്ങളില്ലാതെ 100ൽ എത്തിച്ചു. വൈകാതെ ഗില്ലിനെ അബ്രാർ ബൗൾഡാക്കി.ശേഷം ക്രീസിൽ ഒന്നിച്ച കൊഹ്‌ലിയും ശ്രേയസ് അയ്യരും (56) 114 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യയുടെ വിജയമുറപ്പിച്ചു. വിജയത്തിനരികെ ശ്രേയസും ഹാർദികും (8)പുറത്തായെങ്കിലും അക്ഷറിനൊപ്പം (പുറത്താകാതെ 3) കൊഹ്‌ലി ഇന്ത്യയെ വിജയതീരത്തെത്തിച്ചു. ഫോറടിച്ചാണ് കൊഹ്‌ലി ഇന്ത്യയുടെ വിജയറണ്ണും തന്റ സെഞ്ച്വറിയും നേടിയത്. പാകിസ്ഥാനായി ഷഹീൻ 2 വിക്കറ്റ് വീഴ്‌ത്തി.
വൈഡ് സ്റ്റാർട്ട്
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാനെതിരെ ആദ്യ ഓവർ പൂർത്തിയാക്കാൻ ഇന്ത്യൻ പേസർ മുഹമ്മദ് ഷമിക്ക് 11 ബോളുകൾ വേണ്ടി വന്നു.അഞ്ച് വൈഡുകളാണ് ഷമി ആദ്യ ഓവറിൽ എറിഞ്ഞത്. അഞ്ച് വൈഡുകൾ എറിഞ്ഞെങ്കിലും ആദ്യ ഓവറിൽ ഷമി നൽകിയത് 6 റൺസ് മാത്രമാണ്.
പതിയെ പതിയെ പാക്
അർദ്ധ സെഞ്ച്വറി നേടിയ സൗദ് ഷക്കീലാണ് (76 പന്തിൽ 62) പാകിസ്ഥാന്റെ ടോപ് സ്‌കോർ. മുഹമ്മദ് റിസ്‌വാൻ (46),ഖുഷ്‌ദിൽ ഷാ (38) എന്നിവും ഭേദപ്പെട്ട പ്രകടനം കാഴ്‌ചവച്ചു. ദുബായ് അന്താരാഷട്ര സ്റ്റേഡിയത്തിൽ ഇന്ത്യൻ ബൗളർമാർ പ്രത്യേകിച്ച് സ്‌പിന്നർമാർ കളം പിടിച്ചപ്പോൾ പാക് ബാറ്റർമാർ പ്രതിസന്ധിയിലായി. സുഗമമായ റണ്ണൊഴുക്ക് ഒരുഘട്ടത്തിലും പാക് ഇന്നിംഗ്‌സിൽ ഉണ്ടായില്ല.നിർണായകമായ 3 വിക്കറ്റ് വീഴ്‌ത്തിയ കുൽദീപ് യാദവാണ് ഇന്ത്യൻ ബൗളർമാരിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത്. ഹാർദിക് പാണ്ഡ്യ രണ്ടും ജഡേജ,അക്ഷർ,ഹർഷിത് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി.
ഇമാം ഉൾഹഖും (10), ബാബർ അസമും (23) ശ്രദ്ധയോടെയാണ് തുടങ്ങിയത്. ആദ്യ എട്ടോവറുകളിൽ വിക്കറ്റുകളൊന്നും വീണില്ല. 9-ാം ഓവറിൽ ബാബറിനെ രാഹുലിന്റെ കൈയിൽ എത്തിച്ച് ഹാർദിക്കാണ് ഇന്ത്യയ്‌ക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകിയത്. പിന്നാലെ ഇമാമിനെ അക്ഷർ റണ്ണൗട്ടാക്കി. തുടർന്ന് ക്രീസിൽ ഒന്നിച്ച റിസ്‌വാനും സൗദും സാവധാനം പാകിസ്ഥാനെ കൂട്ടത്തകർച്ചയിൽ നിന്ന് രക്ഷിച്ച് മുന്നോട്ടുകൊണ്ടുപോയി. 3 -ാം വിക്കറ്റിൽ 144 പന്തിൽ ഇരുവരും കൂട്ടിച്ചർത്ത 104 റൺസാണ് പാക് ഇന്നിംഗ്‌സിന്റെ നട്ടെല്ലായത്. 10-ാം ഓവറിന് ശേഷം 24-ാം ഓവറിലാണ് പാകിസ്ഥാൻ ബൗണ്ടറി നേടുന്നത്. പാക് സ്കോർ 151ൽ വച്ച് റിസ്‌വാനെ ബൗൾഡാക്കി അക്ഷറാണ് കൂട്ടുകെട്ട് പൊളിച്ചത്. തൊട്ടുപുറകെ സൗദിനെ ഹാർദികിന്റെ പന്തിൽ അക്ഷർ പിടികൂടിയതോടെ പാകിസ്ഥാൻ പ്രതിസന്ധിയിലാവുകയായിരുന്നു.വാലറ്റത്ത് ഖുഷ്‌ദിലിന് (38) മാത്രമേ പിടിച്ചു നിൽക്കാനായുലള്ളൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |