ആലുവ: 25 വർഷമായി മൂന്നു തലമുറകളെയൊരു സർവേക്കല്ല് എത്രത്തോളം ബുദ്ധിമുട്ടിച്ചിരുന്നുവെന്ന നീറുന്ന അനുഭവത്തിൽ നിന്നാണ് സജീർ ചെറാട്ടിന്റെ 'സീപോർട്ട് എയർപോർട്ട് റോഡ്' എന്ന നോവലിന്റെ പിറവി.
കൊച്ചുവീട് നെടുകെ പിളർത്തി കടന്നു പോകേണ്ട സീപോർട്ട് - എയർപോർട്ട് റോഡിനായി റവന്യു വകുപ്പ് വീട്ടുമുറ്റത്ത് കല്ലിട്ടിട്ടു. ടെമ്പോ ഡ്രൈവറായിരുന്ന പിതാവ് അലിക്കുഞ്ഞ് മകൾ സജീറയുടെ വിവാഹാവശ്യത്തിനും പിന്നീട് സജീറയുടെ മകളുടെ വിവാഹാവശ്യത്തിനും വായ്പയെടുക്കാൻ പോലുമാകാതെ കല്ല് വിലങ്ങുതടിയായി.
മരവിച്ച ജീവിതാനുഭവത്തിൽ നിന്നുമാണ് തോട്ടുമുഖം മഹിളാലയം സ്വദേശി സജീർ ചെറാട്ട് ആദ്യമായി എന്ന പേരിൽ നോവൽ എഴുതിയത്. സീപോർട്ട്എയർപോർട്ട് റോഡ് പദ്ധതിക്ക് സ്വന്തം കിടപ്പാടം വരെ വിട്ടുനൽകിയവരെ ചതിക്കുന്ന അധികൃതരുടെ നിലപാടിന്റെ ഇരയാണ് സജീർ ചെറാട്ട്.
മഹളിലായം പാലം പെരുമ്പാവൂർ റോഡിൽ സംഗമിക്കുന്നിടത്താത്ത് സജീറിന്റെ പിതാവിന് 12 സെന്റ് ഭൂമിയിലൊരു വീടുണ്ടായിരുന്നത്. വീടിന്റെ ഭൂരിഭാഗവും ഉൾപ്പെടെ നാല് സെന്റ് റോഡിനായി ഏറ്റെടുത്ത് 1998ൽ കല്ലിട്ടു. 84 പേജ് വരുന്ന നോവലിൽ മറ്റ് നാല് ഭൂവുടമകളുടെ ദുരിതവുമുണ്ട്. കൈവശമുള്ള 13 സെന്റ് ഭൂമിയും നഷ്ടമാകുന്ന വിധവയായ ആൻസി ജോസഫിന്റെ ജീവിതവും വിവരിക്കുന്നു. രണ്ട് പെൺമക്കളുടെ പഠനത്തിനായി ഏറെ കഷ്ടപ്പെട്ടു. മകൾക്ക് വിദേശത്ത് ജോലിയായതോടെ അവർ ഇവിടം വിട്ടു.
പുസ്തക പ്രകാശനം
'സീപോർട്ട് - എയർപോർട്ട് റോഡ്' സാഹിത്യകാരൻ ശ്രീമൂലനഗരം മോഹൻ പ്രകാശിപ്പിച്ചു. സീപോർട്ട് എയർപോർട്ട് റോഡ് പൗരസമിതി ചെയർമാൻ അബ്ദുൾ നാസർ ഏറ്റുവാങ്ങി. കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതിലാലു, പഞ്ചായത്ത് അംഗം നജീബ് പെരിങ്ങാട്ട്,എൻ.ഇ. അഷ്‌റഫ്, തോപ്പിൽ അബു, വി.വി. മന്മഥൻ, മാരിയാ അബു, ഗീതമോഹനൻ എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |