വിജേന്ദർ ഗുപ്‌ത സ്‌പീക്കർ
ന്യൂഡൽഹി: കേജ്‌രിവാളിനെ പ്രതികൂട്ടിലാക്കുമെന്ന് സൂചനയുള്ള നിർണായക സി.എ.ജി റിപ്പോർട്ടുകൾ ഡൽഹിയിലെ ബി.ജെ.പി സർക്കാർ ഇന്ന് നിയമസഭയിൽ വയ്‌ക്കും. മദ്യനയ ഇടപാട്, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി മോടി പിടിപ്പിക്കൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാമർശങ്ങളുണ്ടെന്നാണ് സൂചന. 14 സി.എ.ജി റിപ്പോർട്ടുകൾ മേശപ്പുറത്തു വയ്‌ക്കാൻ രേഖാ ഗുപ്‌ത സർക്കാരിന്റെ ആദ്യ ക്യാബിനറ്റ് യോഗത്തിൽ തീരുമാനിച്ചിരുന്നു.
മൂന്നു ദിവസത്തെ നിയമസഭാ സമ്മേളനത്തിന് ഇന്നലെ തുടക്കമിട്ടു. രാവിലെ എം.എൽ.എമാർ സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേറ്റപ്പോൾ, ഉച്ചയ്‌ക്ക് രണ്ടിന് സ്‌പീക്കറായി മുതിർന്ന ബി.ജെ.പി നേതാവ് വിജേന്ദർ ഗുപ്‌തയെ ശബ്‌ദ വോട്ടോടെ തിരഞ്ഞെടുത്തു. വിജേന്ദറിന്റെ പേര് മുഖ്യമന്ത്രി നിർദ്ദേശിച്ചപ്പോൾ, വ്യവസായ മന്ത്രി മൻജീന്ദർ സിംഗ് സിർസ പിന്താങ്ങുകയായിരുന്നു.
പ്രതിഷേധവുമായി ആംആദ്മി
സ്ത്രീകൾക്ക് മാസം 2500 രൂപ നൽകുമെന്ന വാഗ്ദാനം നടപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് അതിഷിയുടെ നേതൃത്വത്തിൽ ആംആദ്മി എം.എൽ.എമാർ മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു. ആദ്യ കാബിനറ്റിൽ തന്നെ തീരുമാനമെടുക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പു നൽകിയിരുന്നു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ഒരുമാസം തികയുന്ന മാർച്ച് 8ന് തുക സ്ത്രീകളുടെ അക്കൗണ്ടിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അതിഷി പറഞ്ഞു. കാലിയായ ഖജനാവ് ബാക്കിയാക്കിയാണ് ആംആദ്മി സർക്കാർ പുറത്തുപോയതെന്ന് മുഖ്യമന്ത്രി രേഖാ ഗുപ്‌ത തിരിച്ചടിച്ചു. വാഗ്ദാനം നടപ്പാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |