കോഴിക്കോട് : ദേശീയപാത വികസനത്തിന്റെ ഭാഗമായി വെങ്ങളം രാമനാട്ടുകര റീച്ചിൽ നിർമ്മാണം പൂർത്തിയായി വരുന്ന വേങ്ങേരി, മലാപ്പറമ്പ് മേൽപ്പാതകൾ മാർച്ച് രണ്ടാം വാരത്തോടെ ഗതാഗതത്തിനായി തുറന്ന് കൊടുക്കും. വേങ്ങേരി മേൽപ്പാതയുടെ കോൺക്രീറ്റ് പ്രവൃത്തികൾ പൂർത്തിയായി. വേങ്ങേരിയിൽ നിന്ന് മലാപ്പറമ്പിലേക്കുള്ള സർവീസ് റോഡിന്റെ പണി പുരോഗമിക്കുകയാണ്. സർവീസ് റോഡിന്റെ അഴുക്കുചാൽ നിർമാണത്തിനായി മണ്ണെടുക്കലാണ് നടക്കുന്നത്. മേൽപ്പാതയുടെ ഇരുവശത്തുമായി പണിയുന്ന സുരക്ഷാ ഭിത്തികളുടെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പുകൾ കടന്നുപോകുന്നതിനാൽ സുരക്ഷാഭിത്തി നിർമിച്ചശേഷമേ സർവീസ് റോഡ് നിർമാണം പൂർത്തിയാക്കാനാവൂ. പൈപ്പ് ലൈൻ
കടന്നുപോവുന്നതുകൊണ്ടാണ് ഇവിടെ അനുബന്ധപ്രവൃത്തികൾ വൈകാൻ കാരണം. കഴിഞ്ഞ ദിവസം കാമ്പുറത്ത് ക്ഷേത്ര ഉത്സവത്തിനെ തുടർന്ന് ഗതാഗതക്കുരുക്ക് രൂക്ഷമായപ്പോൾ മേൽപ്പാത വഴി താത്കാലികമായി വാഹനങ്ങൾ കടത്തിവിട്ടിരുന്നു. കോഴിക്കോട്-ബാലുശ്ശേരി റോഡിൽ ബൈപ്പാസിനു കുറുകെ 45 മീറ്ററിലാണ് വേങ്ങേരിയിൽ മേൽപ്പാത പണിയുന്നത്. 45 മീറ്റർ വീതിയിൽ നിർമിക്കാനിരുന്ന പാലത്തിൽ 13.5 മീറ്റർ വീതിയിലുള്ള ഭാഗമാണ് ആദ്യഘട്ടത്തിൽ നിർമിച്ചത്. പ്രദേശവാസികളുടെയും യാത്രക്കാരുടെയും നിരന്തര ആവശ്യത്തെ തുടർന്ന് 2024 സെപ്തംബറിലാണ് പണി പൂർത്തിയാക്കിയ 13.5 മീറ്റർ ഗതാഗതത്തിനായി തുറന്ന് കൊടുത്തത്. കോഴിക്കോട് ബാലുശേരി റോഡിന്റെ വീതി കൂട്ടിയാൽ മാത്രമേ മേൽപ്പാത പൂർണതോതിൽ പ്രയോജനപ്പെടൂവെന്നാണ് ദേശീയപാതാ അതോറിറ്റിയും പ്രദേശവാസികളും പറയുന്നത്. കെ.എം.സി കൺസ്ട്രക്ഷൻ കമ്പനിക്കാണ് നിർമാണ ചുമതല.
മലാപ്പറമ്പിലെ മേൽപ്പാതയുടെ കോൺക്രീറ്റ് പ്രവൃത്തികൾ നേരത്തെ പൂർത്തിയായിരുന്നു. അവസാനഘട്ട മിനുക്കുപണി മാത്രമാണ് ശേഷിക്കുന്നത്. നിർമാണം തുടങ്ങി 87ാം ദിവസമാണ് മലാപ്പറമ്പിൽ കോൺക്രീറ്റ് പൂർത്തിയാക്കിയത്. 27 മീറ്റർ നീളത്തിലും, 40 മീറ്റർ വീതിയിലും കോഴിക്കോട്–വയനാട് പാതയാണ് മേൽപ്പാതയായി പുനർ നിർമിക്കുന്നത്. ഇതിനടിയിലൂടെയാണ് നിലവിലെ ദേശീയപാത കടന്നുപോവുക.
'' മാർച്ച് രണ്ടാം വാരത്തോടെ രണ്ട് മേൽപ്പാതകളുടെയും മുഴുവൻ ജോലികളും പൂർത്തിയാക്കി ഗതാഗതത്തിന് തുറന്ന് കൊടുക്കും. മേയ് 30 ആണ് റീച്ചിന്റെ പ്രവൃത്തികൾ പൂർത്തിയാക്കാൻ അനുവദിച്ച സമയം. ഇതിനു മുമ്പ് തന്നെ പണി പൂർത്തിയാകും.
- വിശ്വനാഥൻ ( പി.ആർ.ഒ കെ.എം.സി കൺസ്ട്രക്ഷൻസ് )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |