കൊച്ചി: എൻ.സി.പി സംസ്ഥാന പ്രസിഡന്റായി കുട്ടനാട് എം.എൽ.എ തോമസ് കെ. തോമസ് നിയമിതനാകും. ദേശീയ പ്രസിഡന്റ് ശരദ് പവാർ നിയോഗിച്ച ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ 38 സംസ്ഥാന ഭാരവാഹികളിൽ ഭൂരിപക്ഷവും തോമസ് കെ. തോമസിനെ നിർദ്ദേശിച്ചു. ഔദ്യോഗിക പ്രഖ്യാപനം ശരദ് പവാർ മുംബയിൽ നടത്തും.
ദേശീയ ജനറൽ സെക്രട്ടറി ജിതേന്ദ്ര അവാദ്, കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയും ലക്ഷദ്വീപ് മുൻ എം.പിയുമായ മുഹമ്മദ് ഫൈസൽ എന്നിവരാണ് ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തിയത്. തോമസ് കെ. തോമസിനെ പ്രസിഡന്റാക്കണമെന്ന് ഒരുമിച്ച് കത്ത് നൽകിയിരുന്നതിനാൽ 14 ജില്ലാ പ്രസിന്റുമാർ നേരിട്ട് ചർച്ച നടത്തിയില്ല. മറ്റു ഭാരവാഹികളെയാണ് ദേശീയ നേതാക്കൾ കണ്ടത്.
നിലവിലെ ഭാരവാഹികളായ പി. സുരേഷ് ബാബു, പി.ജെ. കുഞ്ഞുമോൻ എന്നിവരുടെ പേരുകളും ചിലർ നിർദ്ദേശിച്ചു. മുൻ സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ, വനംമന്ത്രി എ.കെ. ശശീന്ദ്രൻ, തോമസ് കെ. തോമസ് തുടങ്ങിയ നേതാക്കളും ചർച്ചയിൽ പങ്കെടുത്തു. ചർച്ചയിലുയർന്ന പേരുകളും നിർദ്ദേശങ്ങളും ശരദ് പവാറിന് സമർപ്പിക്കും. സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവച്ച പി.സി. ചാക്കോ ദേശീയ വർക്കിംഗ് പ്രസിഡന്റായി തുടരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |