ഡോസിന് 670 രൂപ, നേരത്തെ 140
കേരളകൗമുദി ചൂണ്ടിക്കാട്ടിയത് ശരിയായി
തിരുവനന്തപുരം: മാരക രോഗമായ ഹെപ്പറ്റൈറ്റിസ് ബി (മഞ്ഞപ്പിത്തം) പ്രതിരോധ വാക്സിൻ വില മൂന്നിരട്ടി കൂട്ടി മരുന്നു കമ്പനി. ഒരു വർഷത്തിലേറെയായി മരുന്ന് വിതരണമില്ലായിരുന്നു. മരുന്ന് ക്ഷാമമുണ്ടാക്കുന്നത് വില കൂട്ടാനുള്ള കമ്പനിയുടെ കള്ളക്കളിയാണെന്ന് കഴിഞ്ഞ ജൂലായിൽ കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് വില വർദ്ധന.
670 രൂപയാണ് പുതിയ വില. നേരത്തെ ഇത് 140 രൂപയായിരുന്നു. ഭാരത് ബയോടെക് ആണ് നിർമ്മതാക്കൾ. സർക്കാർ കേന്ദ്രങ്ങളിലാണ് മരുന്ന് എത്തിയത്. ഒരു മാസത്തിനുള്ളിലേ എല്ലാ മെഡിക്കൽ സ്റ്റോറുകളിലും ലഭ്യമാകൂ.
ഇപ്പോൾ മരുന്നും സിറിഞ്ചും ഉൾപ്പെടെയാണ് ലഭ്യമാകുക. നേരത്തെ മരുന്ന് മാത്രമായിരുന്നു. അസംസ്കൃത വസ്തുക്കളുടെ ക്ഷാമം പറഞ്ഞാണ് വാക്സിൻ വിതരണം നിറുത്തിവച്ചിരുന്നത്.
നവജാത ശിശുക്കൾക്ക് ഹെപ്പറ്റൈറ്റിസ് ബി വാക്സിനേഷൻ സംസ്ഥാനത്ത് നിർബന്ധമാണ്. സർക്കാർ ആശുപത്രികളിൽ കരുതൽ ശേഖരത്തിൽ നിന്ന് പരമാവധി ലഭ്യമാക്കി. എന്നാൽ, സ്റ്റോക്ക് തീർന്നിട്ടും മരുന്ന് എത്തിക്കാത്തത് ആശങ്ക സൃഷ്ടിച്ചിരുന്നു.
അതേസമയം, വേനൽ കടുത്തതോടെ കേരളത്തിൽ ഹെപ്പറ്റൈറ്റിസ് - എ ബാധിതരുടെ എണ്ണം കുത്തനേ കൂടുകയാണ്. രണ്ടു മാസത്തിനിടെ 4500 പേർക്ക് രോഗം വന്നെന്ന് കേരളകൗമുദി ഇന്നലെ വാർത്ത നൽകിയിരുന്നു. മലിനജലമാണ് പ്രധാന വില്ലൻ.
നിസാരനല്ല ബി
കരളിനെ ബാധിക്കുന്ന, മരണത്തിനു വരെ കാരണമാകുന്ന രോഗമാണ് ഹെപ്പറ്റൈറ്റിസ് ബി
ആരോഗ്യ പ്രവർത്തകർ, മെഡിക്കൽ-നഴ്സിംഗ് വിദ്യാർത്ഥികൾ, വിദേശത്തേക്ക് പോകുന്നവർ എന്നിവർക്ക് വാക്സിൻ നിർബന്ധം
വിദേശത്തേക്ക് പോകുന്നവരടക്കം പുറത്തു നിന്ന് വാക്സിൻ വാങ്ങിയാണ് സർക്കാർ ആശുപത്രികളിൽ കുത്തി വയ്പ് എടുക്കുന്നത്
കുട്ടികൾക്ക് അഞ്ചുവയസിനിടെ മൂന്നു ഡോസ് എടുക്കണം. സർക്കാർ ആശുപത്രികളിൽ ഇത് സൗജന്യമാണ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |