SignIn
Kerala Kaumudi Online
Saturday, 10 May 2025 2.00 AM IST

അതിർത്തി കടന്ന് ചക്ക

Increase Font Size Decrease Font Size Print Page
jack-fruit

ചക്കയുടെ ടൈം നല്ല ബെസ്റ്റ് ടൈം.... ഉത്തരേന്ത്യൻ വിപണിയിലേക്കാണ് കേരളത്തിലെ ചക്കയുടെ യാത്രകൾ. നാട്ടിൻപുറങ്ങളിലും മലയോര മേഖലയിലും പ്ലാവ് കായ്ച്ചു തുടങ്ങിയതോടെ ചക്ക വിപണിയും സജീവമാവുകയാണ്. മൂപ്പ് എത്താത്ത ചക്കയാണ് കച്ചവടക്കാർ നാട്ടിൻപുറങ്ങളിലെത്തി വാങ്ങി അന്യസംസ്ഥാനങ്ങളിലേക്ക് എത്തിക്കുന്നത്. രണ്ടുകിലോ തൂക്കമുള്ള ഇടിച്ചക്ക ഒന്നിന് 20 രൂപയാണ് നൽകുന്നത്. വലിപ്പം കൂടുന്നതിന് ആനുപാതികമായ വിലയും കൂട്ടിനൽകുന്നുണ്ട്. പെട്ടി ഓട്ടോ പോലെയുള്ള ചെറു വാഹനങ്ങളിൽ മരം കയറുന്ന ആളെയും കൂട്ടിയാണ് മിക്കപ്പോഴും വ്യാപാരികളെത്തുന്നത്. കച്ചവടക്കാർ തന്നെ മരങ്ങളിൽ കയറി ചക്ക വെട്ടിയിറക്കും. പ്രത്യേക അദ്ധ്വാനമോ കരുതലോ ഇല്ലാതെ ലഭിക്കുന്ന ആദായമായതിനാൽ പ്ലാവ് ഉടമകൾ വ്യാപാരികൾ പറയുന്ന വിലയ്ക്ക് ചക്ക നൽകുന്നു. മധുരം ഇല്ലാത്തവ, കൂഴച്ചക്ക തുടങ്ങിയവയ്ക്കും ആവശ്യക്കാരുണ്ട്. പഴുക്കാറായ ചക്ക ഒഴിവാക്കിയാണ് സംഭരണം. തീരെ ചെറിയ ചക്കകൾ മരത്തിൽ തന്നെ നിറുത്തി ആഴ്ചകൾക്കുശേഷം വീണ്ടുംവന്ന് വെട്ടിയെടുക്കും. മൂപ്പെത്തുന്നതിന് മുമ്പുതന്നെ ഇവർ ചക്ക പറിക്കുന്നതിനാൽ കാട്ടാന, കുരങ്ങ്, മലയണ്ണാൻ, മയിൽ തുടങ്ങിയവയുടെ ശല്യവും ഒഴിവാകുന്നു. മൊത്ത കച്ചവടക്കാർക്ക് പ്രാദേശിക വ്യാപാരികൾക്ക് ചക്ക എത്തിച്ചുനൽകുന്നു. ദിവസവും മൂന്നും നാലും ലോറി ചക്കയാണ് അതിർത്തി കടക്കുന്നത്. തമിഴ്നാട്, പൂനെ, ഡൽഹി, മുംബായ്, ഹൈദരാബാദ് എന്നിവയാണ് ചക്കയുടെ പ്രധാന വിപണി.

വടക്കഞ്ചേരി കേന്ദ്രമായുള്ള മൊത്ത കച്ചവടക്കാർക്ക് പ്രാദേശികമായി സംഭരിക്കുന്ന ചക്കകൾ ചെറുകിട വ്യാപാരികൾ വൈബ്രിഡ്ജ് തൂക്കത്തിനാണ് നൽകുന്നത്. വടക്കഞ്ചേരിയിൽ നിന്ന് ദിവസവും മൂന്നും നാലും ലോറി ചക്കയാണ് അന്യസംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നത്. പഴുക്കാത്ത പച്ചചക്ക പൊടിച്ച് ഉണക്കപ്പൊടിയായും, ചില ഭക്ഷ്യ പദാർത്ഥങ്ങളിലേക്കും പ്രത്യേക വിഭവങ്ങൾ ഉണ്ടാക്കാനും ഉപയോഗിക്കുന്നുണ്ട്.

എന്തായാലും വീട്ടാവശ്യം കഴിഞ്ഞ് ബാക്കി സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന 50 ശതമാനം നാടൻ ചക്കയും പാഴായി പോകുന്നതിൽ നിന്ന് ചെറിയ ആദായവും ഗ്രാമീണ മേഖലക്ക് ഇതുമൂലം ലഭിക്കുന്നുണ്ട്.

അഞ്ചു വർഷങ്ങളായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കുള്ള പച്ച ചക്കയുടെ ആവശ്യം അധികരിച്ചത് ഗ്രാമീണമേഖലയിലും ചെറുകിട കച്ചവടക്കാർക്കും നേട്ടമായി. ചെറുകിട വ്യാപാരികളിൽ നിന്ന് സംഭരിച്ച് കൊണ്ടുപോവുന്ന വൻകിട വ്യാപാരികൾക്ക് അന്യസംസ്ഥാനങ്ങളിലെ വിലയിടിവു മൂലവും പലപ്പോഴും നഷ്ടത്തിലാണ് കച്ചവടം നടത്തുന്നതെന്ന് വടക്കഞ്ചേരിയിലെ മൊത്തവ്യാപാരികൾ പറയുന്നു.


ചക്കയിൽ നിന്നും

അനവധി വിഭവങ്ങൾ

ചക്കയിൽ നിന്ന് നൂതനമായി വികസിപ്പിച്ചെടുത്ത വൈവിധ്യമാർന്ന മൂല്യ വർദ്ധിത ഉത്പ്പന്നങ്ങളുടെ ശ്രേണിയുണ്ട്. ചക്ക ഹൽവ, ചക്ക ചമ്മന്തിപ്പൊടി, ചക്ക അച്ചപ്പം, ചക്ക പപ്പടം, ചക്ക കൊണ്ടാട്ടം, ചക്കമടൽ അച്ചാർ, സ്‌ക്വാഷ് തുടങ്ങിയവയെല്ലാം വിപണിയിലുണ്ട്. ശ്രീലങ്കയിലെ പെറാഡെനിയ കാർഷിക സർവകലാശാല ഈ മേഖലയിൽ കൂടുതൽ ഗവേഷണം നടത്തുന്നുണ്ട്. ജാക്ക് ഫ്രൂട്ട് കുക്കീസ്, മധുരിക്കുന്ന ചക്കപ്പഴം സ്നാക്ക്, സ്‌പൈസി ജാക്ക് ഫ്രൂട്ട് സ്നാക്ക്, ജാക്ക് ഫ്രൂട്ട് ഫ്‌ളേവേർഡ് സോയാമീറ്റ്, ചക്ക അച്ചാർ, പായ്ക്കറ്റിലാക്കിയ ഗ്രീൻ ഫ്രൂട്ട് ചക്കക്കറി, വൈറ്റ് ജാക്ക് ഫ്രൂട്ട് കറി, ചക്കക്കുരുപൊടി, ചക്കക്കുരു കോഫി, ചക്ക ജാം, ചക്ക സിറപ്പ് എന്നിവ മുന്തിയ നിലവാരത്തിൽ പാക്കറ്റുകളിലാക്കിയാണ് ശ്രീലങ്ക ചക്കയുടെ ഉത്പന്നങ്ങളെ വിപണനം ചെയ്യുന്നത്.

പ്ലാവിന്റെ പ്രചരണാർത്ഥം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, ചക്കയുമായി ബന്ധപ്പെട്ട ഗവേഷണ പ്രവർത്തനങ്ങൾ, ഭാവിയിലെ ഗവേഷണ പ്രവർത്തനങ്ങൾ ശ്രദ്ധചെലുത്തേണ്ട മേഖലകൾ എന്നീ വിഷയങ്ങൾക്ക് ശ്രീലങ്ക ഇപ്പോൾ ഊന്നൽ നൽകുന്നുണ്ട്. ചക്കയെ മുഖ്യധാരാ വിളകളുടെ ഗണത്തിലേക്ക് എത്തിക്കാൻ കഴിഞ്ഞാൽ ദാരിദ്ര്യ നിർമ്മാർജ്ജനത്തിൽ ഒരു മുഖ്യ പങ്ക് വഹിക്കാൻ ചക്കയ്ക്കാകുമെന്നാണ് ശ്രീലങ്കയും പറയുന്നത്. മലേഷ്യൻ ജെ. 33 ,നിന്നിക്കല്ല് ഡ്വാർഫ് ,ജാക്ക് ഡ്വാൻ സൂര്യ, പശ്ചിമബംഗാളിൽ നിന്നുള്ള സിന്ദൂരം ചുവപ്പ്, പിങ്ക് ഇനങ്ങൾ, റോസ് വരിക്ക, ഗംലെസ്സ്, ഓൾ സീസൺ പ്ലാവ്, തേൻ വരിക്ക, തായ്ലൻഡ് പ്ലാവ്, ദുരിയാൻ തുടങ്ങി പടർന്ന് പന്തലിക്കാത്തതും മൂന്നുമുതൽ നാല് വർഷം കൊണ്ട് വിളവ് ലഭിക്കുന്നതുമായ പ്ലാവിനങ്ങൾ ഇന്ന് ലഭ്യമാണ്.

ചക്കയിലെ

പോഷക ഗുണങ്ങൾ

ചക്കയിലെ ആരോഗ്യപോഷക ഗുണങ്ങൾ പ്രചരിപ്പിച്ച്, ഇക്കാലത്ത് നാം നേരിടുന്ന രോഗങ്ങൾക്ക് ഒരു പരിധി വരെ പ്രതിരോധം തീർക്കാനാകുമെന്ന് പഠനങ്ങൾ പറയുന്നു. സക്കരായ പട്ടണത്തിൽ മാത്രം കാണപ്പെടുന്ന വളരെ വ്യത്യസ്തമായ ഇനമാണ് ബ്രഫ് വണക ചക്ക. ചുവപ്പു നിറത്തിലുള്ള ചുളയാണ് ഇതിനുള്ളത്. ഇവിടെ കണ്ടുവരുന്ന മറ്റൊരു ഇനമാണ് രുദ്രാക്ഷ. വലിപ്പം കുറഞ്ഞതും നിരനിരയായ് കുലച്ചു നിൽക്കുന്നതുമായ കായ്കളാണ് ഇതിന്റെ പ്രത്യേകത. ഇത് കൈകൊണ്ട് നിഷ്പ്രയാസം പൊളിക്കാവുന്നതാണ്. താരതമ്യേന പശ കുറഞ്ഞ ഇനമാണ് രുദ്രാക്ഷ ചക്ക. ഇവ നിരയായി ഉണ്ടാവുന്നില്ല. വിവിധ ചക്കകളിൽ ധാതുലവണങ്ങളുടെ അളവ് വ്യത്യസ്തമാണ്. കാത്സ്യം, പൊട്ടാസ്യം, മഗ്‌നേഷ്യം, കോപ്പർ, അയേൺ തുടങ്ങിയ നിരവധി ധാതുക്കളിൽ സമ്പന്നമാണ് ചക്ക.

ഏകദേശം 100ഗ്രാം ചക്കയിൽ 8294 കിലോ കലോറിയാണ് അടങ്ങിയിരിക്കുന്നത്. അതിനാൽ തന്നെ കൊളസ്‌ട്രോൾ, ഹൈപ്പൻടെൻഷൻ പോലെയുള്ള രോഗങ്ങൾ ഉള്ളവർക്കും കഴിക്കാവുന്നതാണ്.

ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ആവശ്യമായ വിറ്റാമിൻ സി യും ചക്കയിൽ അടങ്ങിയിരിക്കുന്നു. ശരീരത്തിലെ അർബുദ സെല്ലുകളുടെ വളർച്ചയെ തടയാനും രക്തസമ്മർദ്ദം കുറക്കാനും ശരീരത്തിലെ കോശങ്ങളുടെ നാശത്തെ തടയാനും ചക്കയിലെ ഫൈറ്റോന്യൂട്രിയൻസിന്റെ സാന്നിദ്ധ്യം മൂലം സാധിക്കുന്നു.

സ്ത്രീകൾക്ക് ശരീരത്തിൽ ദിവസവും 14 എം.ജി. നിയാസിനും പുരുഷൻമാർക്ക് 12 എം.ജി. യും ആവശ്യമാണ്. എന്നാൽ, 100 ഗ്രാം ചക്കയിൽ 4മി.ഗ്രാം നിയാസിൻ അടങ്ങിയിരിക്കുന്നു. ശരീരത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ആവശ്യമായ എല്ലാ പോഷകങ്ങളും അടങ്ങിയ ഒരു സമീകൃത ആഹാരമാണ് ചക്ക എന്നതും ശ്രദ്ധേയമാണ്.

നടപടിയാകാതെ

ചക്ക സംഭരണം

ചക്ക കേരളത്തിന്റെ സംസ്ഥാന ഫലമായി പ്രഖ്യാപിച്ചെങ്കിലും സംസ്‌കരണത്തിനും വിപണനത്തിനും സംഭരണത്തിനും നടപടിയായില്ല. ഇതുമൂലം ഏറെ വിപണി സാദ്ധ്യതയുള്ള ചക്ക വേണ്ടവിധം ഉപയോഗിക്കാൻ സാധിക്കുന്നില്ല. ചക്കയിൽ നിന്ന് നൂതനമായി വികസിപ്പിച്ചെടുത്ത നിരവധി മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ ശ്രേണിയുണ്ട്. ഹലുവ, ചമ്മന്തിപ്പൊടി, അച്ചപ്പം, പപ്പടം, കൊണ്ടാട്ടം, ചക്കമടൽ അച്ചാർ തുടങ്ങിയവയെല്ലാം വിപണിയിലുണ്ട്.

സംസ്ഥാനത്ത് ചെറുകിട സംരംഭകർക്ക് കരുത്തേകാൻ സാങ്കേതികവിദ്യയും ധനസഹായവും വിപണന സൗകര്യങ്ങളും ഒരുക്കാനായിരുന്നു തീരുമാനമെങ്കിലും പദ്ധതി ചുവപ്പുനാടയിലാണ്. ചക്കയിൽ നിന്നുള്ള മൂല്യവർധിത ഉത്പന്നങ്ങളുടെ വിപണന സാദ്ധ്യതകൾ ഉപയോഗപ്പെടുത്തിയാൽ കോടികളുടെ വരുമാനമുണ്ടാക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ. കോടിക്കണക്കിന് ചക്ക ഇവിടെ പ്രതിവർഷം ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. പൂർണമായും ആരോഗ്യദായകമായ ജൈവ ഉത്പന്നം എന്നനിലയിൽ ചക്കയ്ക്ക് വരും കാലത്ത് വലിയ സാദ്ധ്യതകളുണ്ട്.

TAGS: JACKFRUIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.