16 കോടിയുടെ കനാൽ നവീകരണ പദ്ധതി ഫലം കണ്ടു
പാലക്കാട്: വാളയാർ ഡാമിൽ നിന്നും കനാൽ വഴി ജലസേചനത്തിനായി മാർച്ച് മാസത്തിലും വെള്ളം നൽകും. ഡാം നിറഞ്ഞാലും ജലസേചനത്തിന് ആവശ്യാനുസരണം വെള്ളം എത്തിക്കാൻ കഴിയാതിരുന്ന ദുരിതത്തിന് ശാശ്വത പരിഹാരമായി മാറിയിരിക്കുകയാണ് വാളയാർ ഡാം കനാലുകളുടെ നവീകരണം. കനാലുകൾ പൊളിഞ്ഞു കിടന്നിരുന്നത് മൂലം ധാരാളം വെള്ളം കൃഷിയിടങ്ങളിലേക്ക് എത്താതെ പാഴായി പോവുന്ന സ്ഥിതിയാണ് മുമ്പുണ്ടായിരുന്നത്. ഇതുമൂലം അവസാനം വരെ കർഷകർ പരിപാലിച്ച് പോരുന്ന നെൽകൃഷി ജല ദൗർലഭ്യം മൂലം ഉണങ്ങിപ്പോവുന്ന സ്ഥിതിയായിരുന്നു. വാളയാർ ഡാം ജലസേചനത്തെ ആശ്രയിച്ച് കൃഷി ചെയ്യുന്ന കർഷകരുടെ ബുദ്ധിമുട്ട് പ്രഭാകരൻ എം.എൽ.എ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് 16 കോടി രൂപ വാളയാർ ഡാം കനാലുകളുടെ നവീകരണത്തിന് സർക്കാർ അനുവദിച്ചത്.
ഡാമിന്റെ സംഭരണശേഷിയും വർദ്ധിക്കും
സ്ലൂയിസുകൾ നന്നാക്കാനും പൊളിഞ്ഞു കിടന്നിരുന്ന കനാലുകൾ നവീകരിക്കാനുമുള്ള സമഗ്ര പദ്ധതി തയ്യാറാക്കിയതിന്റെ അടിസ്ഥാനത്തിലുള്ള പ്രവൃത്തികൾ അന്തിമ ഘട്ടത്തിലാണ്. ഈ പ്രവൃത്തിയുടെ ഗുണഫലമാണ് കർഷകർക്ക് ഇപ്പോൾ ലഭ്യമായിരിക്കുന്നത്. മുൻവർഷങ്ങളിൽ പരമാവധി ഫെബ്രുവരി മാസത്തിനപ്പുറം വാളയാർ ഡാമിൽ നിന്നു ജലസേചനം നടത്താൻ വെള്ളം തികഞ്ഞിരുന്നില്ല. എന്നാൽ, കനാലുകൾ നവീകരിച്ചതോടെ വെള്ളം പാഴായി പോവുന്നത് തടയാൻ കഴിഞ്ഞു. ഇതുമൂലം ഇപ്പോൾ വാളയാർ ഡാമിൽ നിന്നും മാർച്ച് മാസത്തിലും ജലസേചനം നടത്താൻ സാധിക്കും. വാളയാർ ഡാമിലെ ചെളിയും മണ്ണും മണലും നീക്കം ചെയ്യുന്ന ഡീസിൽറ്റേഷൻ പ്രവർത്തികൾ പുരോഗമിക്കുകയാണ്. ഇത് പൂർത്തിയാകുന്നതോടെ ഡാമിന്റെ സംഭരണശേഷി വർദ്ധിക്കുകയും ജലസേചനം കൂടുതൽ കാര്യക്ഷമമാവുകയും ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |