ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള മണ്ഡല പുനർനിർണയം, അതിനുള്ള പ്രക്രിയ ആരംഭിക്കും മുമ്പേ വലിയ വിവാദമായിരിക്കുകയാണ്. പുനർനിർണയം കഴിയുമ്പോൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ലോക്‌സഭാ സീറ്റുകൾ കുറയുമെന്നാണ് ആശങ്ക. അതേസമയം യു.പി പോലുള്ള വടക്കൻ സംസ്ഥാനങ്ങളിൽ കാര്യമായ വർദ്ധന വരികയും ചെയ്യും. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ രാഷ്ട്രീയ താത്പര്യങ്ങൾക്കാകും മണ്ഡല പുനർ നിർണയത്തിൽ പ്രഥമ പരിഗണന ലഭിക്കുകയെന്ന ആക്ഷേപം ശരിവയ്ക്കുന്നതാണ് നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ. ഹിന്ദിഭാഷ അടിച്ചേല്പിക്കുന്നു എന്ന ആക്ഷേപവുമായി കേന്ദ്രത്തിനെതിരെ യുദ്ധമുഖത്തു നിൽക്കുന്ന തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് മണ്ഡല പുനർനിർണയത്തിലെ അനീതിക്കെതിരെ ആദ്യം രംഗത്തുവന്നത്. ഭാഷാ പ്രശ്നത്തിനു പുറമെ ദേശീയ വിദ്യാഭ്യാസ നയവും തങ്ങൾക്കു സ്വീകാര്യമല്ലെന്ന നിലപാടിലാണ് തമിഴ്‌നാട്.
ഈ പ്രശ്നത്തിൽ എത്ര വലിയ സഹായം നഷ്ടമായാലും തങ്ങൾ അതു കാര്യമാക്കുന്നില്ലെന്നാണ് സ്റ്റാലിൻ പറയുന്നത്. കേന്ദ്ര മാനദണ്ഡങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ദേശീയ വിദ്യാഭ്യാസ നയമനുസരിച്ച് തമിഴ്‌നാടിനു ലഭിക്കേണ്ട രണ്ടായിരത്തിൽപ്പരം കോടി രൂപയുടെ സഹായം നഷ്ടപ്പെടുമെന്ന കേന്ദ്ര മുന്നറിയിപ്പിനെത്തുടർന്നാണ് സ്റ്റാലിൻ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി മുന്നോട്ടുവന്നത്. മണ്ഡല പുനർനിർണയം നടന്നാലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ഇപ്പോഴുള്ളതിൽ നിന്ന് ഒരൊറ്റ സീറ്റ് പോലും കുറയില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉറപ്പുനൽകിയിട്ടുണ്ട്. പ്രശ്നത്തിൽ പ്രധാനമന്ത്രിയുടെ വാക്കുകളെ ഉദ്ധരിച്ചാണ് അമിത് ഷായുടെ ഉറപ്പ്. എന്നാൽ ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാർക്ക് ഷായുടെ വാക്കുകളിൽ അത്ര വിശ്വാസം പോരാ. കുടുംബാസൂത്രണ വിഷയത്തിൽ ഏറെ മുന്നിൽ നിൽക്കുന്ന ദക്ഷിണ സംസ്ഥാനങ്ങളിൽ ജനസംഖ്യാ വർദ്ധന പടിപടിയായി കുറഞ്ഞുകൊണ്ടിരിക്കുകയാണ്.
20 ലക്ഷം ജനങ്ങൾക്ക് ഒരു ലോക്‌സഭാ മണ്ഡലം എന്ന മാനദണ്ഡം നടപ്പിലാകുമ്പോൾ സ്വാഭാവികമായും ജനസംഖ്യാവർദ്ധന ഇല്ലാത്ത ദക്ഷിണ സംസ്ഥാനങ്ങൾക്ക് മണ്ഡലങ്ങൾ കുറയും. മാനദണ്ഡം കൃത്യമായി പാലിക്കപ്പെട്ടാൽ തമിഴ്‌നാടിന് ഇപ്പോഴത്തെ 39 ലോക്‌സഭാ സീറ്റിൽ കുറവു വരും. കേരളത്തിന് രണ്ടു സീറ്റിന്റെ കുറവുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. അതുപോലെ കർണാടക, തെലങ്കാന, ആന്ധ്ര എന്നിവയ്ക്കും സീറ്റ് നഷ്ടമുണ്ടാകും. 2026-ൽ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടേണ്ട തമിഴ്നാട് ഒരു മുഴം മുന്നേ എറിഞ്ഞ് രാഷ്ട്രീയ നേട്ടം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെയാകെ പിന്തുണയും അദ്ദേഹത്തിനുണ്ട്.
20 ലക്ഷം ജനങ്ങൾക്ക് ഒരു മണ്ഡലമെന്ന മാനദണ്ഡം നടപ്പിൽ വന്നാൽ ലോക്‌സഭയിലെ ഇപ്പോഴത്തെ 545 അംഗസംഖ്യ 750-ലധികമാകാൻ സാദ്ധ്യതയുണ്ട്. ഇരുനൂറിലധികം സീറ്റുകളുടെ ഈ വർദ്ധനയുടെ ഗുണം ലഭിക്കാൻ പോകുന്നത് സ്വാഭാവികമായും ബി.ജെ.പിക്കാകും. കാരണം വടക്കൻ സംസ്ഥാനങ്ങളിൽ ഇപ്പോൾത്തന്നെ മേൽക്കൈ ബി.ജെ.പിക്കാണ്.
യു.പിയിൽ മാത്രം 40 സീറ്റിന്റെ വർദ്ധന മണ്ഡല പുനർനിർണയത്തിന് ജനസംഖ്യാ മാനദണ്ഡം സ്വീകരിക്കുകയാണെങ്കിൽ ഉണ്ടാകും. അതുപോലെ ബീഹാർ, മദ്ധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലും സീറ്റുകൾ കൂടും. ഈ അസന്തുലിതാവസ്ഥ ഒഴിവാക്കാൻ പുതിയ മാനദണ്ഡങ്ങൾ കണ്ടുപിടിക്കണമെന്നാണ് ദക്ഷിണ സംസ്ഥാനങ്ങളിലെ ഭരണാധികാരികൾ ആവശ്യപ്പെടുന്നത്. അവരുടെ ആവശ്യം തികച്ചും ന്യായവുമാണ്. പാർലമെന്റിലെ പ്രാതിനിദ്ധ്യം ഏതെങ്കിലുമൊരു പാർട്ടിക്കോ കൂട്ടായ്മയ്ക്കോ മാത്രം പ്രയോജനപ്പെടുന്ന തരത്തിലാകരുത്. രാജ്യത്തെ എല്ലാ കക്ഷികൾക്കും തുല്യത ലഭിക്കണമെങ്കിൽ അതിനു പറ്റിയ മാനദണ്ഡങ്ങൾ ആവിഷ്കരിച്ച് മണ്ഡല പുനർനിർണയം നടത്തണം. ഇതിനായി കേന്ദ്രം സർവകക്ഷിയോഗം വിളിച്ചുകൂട്ടി അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കേൾക്കണം. കേവലം ജനസംഖ്യ മാത്രം ആധാരമാക്കി മണ്ഡല പുനർനിർണയം നടത്തുന്നത് സ്വാഭാവിക നീതിയുടെ ലംഘനമാകും. രാജ്യത്ത് വലിയ തോതിലുള്ള രാഷ്ട്രീയ സംഘർഷങ്ങൾക്കും വിവാദങ്ങൾക്കും അത് കാരണമായിത്തീരുകയും ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |