തിരുവനന്തപുരം: എൻഡോസൾഫാൻ പോലുള്ള സിനിമകളും ഈ കാലത്തുണ്ടാകുന്നുണ്ടെന്ന് ചലച്ചിത്ര അക്കാഡമി ചെയർമാൻ പ്രേംകുമാർ സംസ്ഥാന ടി.വി. അവാർഡ് ദാന ചടങ്ങിൽ ആമുഖപ്രഭാഷണം നടത്തവെ പറഞ്ഞപ്പോൾ സദസ് കരഘോഷത്തോടെയാണ് സ്വീകരിച്ചത്.
'' മനുഷ്യനുളളിൽ ഉറങ്ങിക്കിടക്കുന്ന വന്യതയേയും മൃഗീയവാസനകളേയും ഉണർത്തുന്ന കൊലപാതകങ്ങളെ ക്രൂരവിനോദങ്ങളായി ആസ്വദിക്കുന്ന സിനിമകൾ അപകടകരമാണ്'' അദ്ദേഹം പറഞ്ഞു. സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പ്രേംകുമാർ കേരളകൗമുദിയുമായി സംസാരിച്ചു.
മുമ്പെങ്ങുമില്ലാത്തവിധം വയലൻസാണല്ലോ മലയാള സിനിമയിൽ?
പുതിയ തലമുറയോടു കാണിക്കുന്ന ക്രൂരതയാണ് ഇത്തരം സിനിമകൾ.
അതിലെ ക്രൂരമായ കൊലപാതകദൃശ്യങ്ങൾ. സഹജീവികളായ മനുഷ്യരെ കൊന്നു തള്ളുന്നതിന്റെ ദൃശ്യങ്ങൾ ഏറ്റവും ബീഭത്സമായ രീതിയിൽ എങ്ങനെ ആവിഷ്കരിക്കാം എന്ന കാര്യത്തിലാണ് മത്സരം.
മാരകമായ ലഹരിയുടെ പിടിയിലമരുന്ന തലമുറയെക്കുറിച്ച് വല്ലാതെ ആശങ്കപ്പെടുന്ന കാലത്താണ് ഇത്തരം വയലൻസിന്റെ ദൃശ്യങ്ങൾ ഇവരിലേക്ക് വന്നെത്തുന്നത്.
അത്തരം സിനിമകൾ 'ആവേശ'പൂർവം ഈ പുതുതലമുറ സ്വീകരിക്കുകയും ആഘോഷിക്കുകയും ചെയ്യുമ്പോൾ ഈ കൊലപാതകങ്ങൾ എല്ലാം ക്രൂരവിനോദമായി കാണുന്നു. പൈശാചികമായ ദൃശ്യങ്ങൾ സ്വന്തം ജീവിതത്തിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നു. കൗമാരക്കാരിൽ അക്രമവാസന കൂടുന്നതിന് ഒരുപാട് മറ്റ് കാരണങ്ങൾ ഉണ്ട്. അതിനൊപ്പം എരിതീയിൽ എണ്ണ ഒഴിക്കുന്നതുപോലുള്ള വലിയ ഉത്തേജനമായി നമ്മുടെ സിനിമ മാറുന്നു.
സെൻസർ ബോർഡ് എന്ന സംവിധാനം ശരിയായ രീതിയിൽ പ്രവർത്തിക്കുന്നില്ലെന്ന അഭിപ്രായമുണ്ടോ?
സിനിമയുടെ കണ്ടന്റ് ഉൾപ്പെടെ നിരീക്ഷിക്കാനും അതിനു വേണ്ട തിരുത്തലുകൾ വരുത്താനുമുള്ളതാണ് സെൻസർ ബോർഡ് സിനിമയെ സംബന്ധിച്ചിടത്തോളം സെൻസറിംഗ് സംവിധാനം ഒരു ആശ്വാസമായിരുന്നു. ആ സെൻസറിംഗ് സംവിധാനങ്ങളെപ്പോലും മറികടന്നു കൊണ്ടാണ് ഇത്തരം സിനിമകൾ പ്രദർശനാനുമതി തേടുന്നത്.
ഇത്തരം സിനിമകൾ കൂടുതൽ ഉണ്ടാകുന്നതിനു പിന്നിലുള്ള കാരണമെന്താകാം?
സിനിമാ നിർമ്മാതാക്കളെ സംബന്ധിച്ചിടത്തോളം കോടി ക്ലബുകളിൽ കയറുക എന്ന ലക്ഷ്യം മാത്രമേ ഉള്ളൂ. എങ്ങനെയും പണം ഉണ്ടാക്കുക. സമൂഹത്തിന് എന്തു സംഭവിച്ചാലും കുഴപ്പമില്ല എന്ന ചിന്ത. പുതിയ തലമുറ തമ്മിൽത്തല്ലി ചത്താലും കുഴപ്പമില്ലെന്ന ചിന്ത ചലച്ചിത്ര പ്രവർത്തകരിൽ നിന്നും മാറേണ്ടിയിരിക്കുന്നു. ഏറ്രവും മികച്ച സിനിമകൾ ലോകത്തിന് സംഭാവന ചെയ്യാൻ മലയാളത്തിന് കഴിഞ്ഞിട്ടുണ്ട്.
ഇത്തരം പ്രവണത അവസാനിപ്പിക്കാൻ ചലച്ചിത്ര അക്കാഡമിക്ക് നേതൃത്വപരമായ പങ്കുവഹിച്ചുകൂടെ?
തീർച്ചയായും. പ്രമേയ കാര്യത്തിൽ ടി.വി മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ചാനൽ പ്രതിനിധികൾ സംഘടനകൾ, സമൂഹ്യ നിരീക്ഷകർ, പ്രേക്ഷകർ ഉൾപ്പെടെ പങ്കെടുപ്പിച്ചുകൊണ്ട് ചർച്ച നടക്കും
അതിന്റെ തുടർ പ്രവർത്തനമായി സിനിമാ മേഖലയിലും അക്കാഡമിക്ക് കഴിയുംപോലെ ഇടപെടുക തന്നെ ചെയ്യും. സിനിമ നയം രൂപീകരിക്കാൻ പോകുന്നു. ആ നയരൂപീകരണ സമിതിയിൽ ഞാനുണ്ട്. അവിടെ പ്രമേയത്തിന്റെ കാര്യത്തിൽ ഈ നിലപാടിൽ നിൽക്കും. നിയന്ത്രണം ഏതൊക്കെ രീതിയിൽ വേണമെന്ന് ചർച്ച ചെയ്ത് തീരുമാനിക്കും. അക്കാഡമി ഒറ്റയ്ക്ക് തീരുമാനമെടുത്താൽ അത് ഏകാധിപത്യമായിപ്പോകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |