ലോസാഞ്ചലസ്: 97-ാമത് ഒസ്കാർ പ്രഖ്യാപനത്തിൽ അവാർഡുകൾ വാരിക്കൂട്ടി അമേരിക്കൻ സംവിധായകൻ ഷോൺ ബേക്കറിന്റെ ചിത്രം അനോറ. മികച്ച ചിത്രം, സംവിധാനം. എഡിറ്റിംഗ്, ഒറിജിനൽ തിരക്കഥ, മികച്ച നടി എന്നിവ ഉൾപ്പെടെ അഞ്ചോളം പുരസ്കാരങ്ങളാണ് അനോറ സ്വന്തമാക്കിയത്. മൈക്കി മാഡിസനാണ് മികച്ച നടി. ബ്രാഡി കോർബെറ്റ് സംവിധാനം ചെയ്ത് ദി ബ്രൂട്ടലിസ്റ്റ് എന്ന ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയ ഏഡ്രിയൻ ബ്രോഡിയാണ് മികച്ച നടൻ. ഇത് രണ്ടാം തവണയാണ് ഒസ്കാറിൽ ഏഡ്രിയൻ ബ്രോഡി മികച്ച നടനായി തിരഞ്ഞെടുക്കപ്പെടുന്നത്.
ഒസ്കാർ നിശയിൽ മികച്ച സഹനടനെയാണ് ആദ്യമായി പ്രഖ്യാപിച്ചത്. ജെസി ഐസൻബെർഗ് സംവിധാനം ചെയ്ത ‘എ റിയൽ പെയ്ൻ’ എന്ന ചിത്രത്തിലെ അഭിനയത്തിന് കീരൺ കൾക്കിൻ ആണ് മികച്ച സഹനടനായി തിരഞ്ഞെടുത്തത്. 42കാരനായ കീരൺ ‘ഹോം എലോൺ’ സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ്. എമിലിയ പെരസിലെ അഭിനയത്തിലൂടെ സോയി സൽദാന മികച്ച സഹനടിയായി. ‘ഫ്ലോ’ ആണ് മികച്ച അനിമേറ്റഡ് ചിത്രം. ലാത്വിയയിൽ നിന്നും ഓസ്കാർ നേടുന്ന ആദ്യത്തെ ചിത്രമാണ് ‘ഫ്ലോ'.
'വിക്കഡ്’ മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരം നേടി. മികച്ച വസ്ത്രാലങ്കാരത്തിനുള്ള ഓസ്കാർ നേടുന്ന ആദ്യ കറുത്ത വർഗക്കാരനായി പോൾ ടേസ്‌വെൽ ചരിത്രം കുറിച്ചു. ബ്രസീലിയൻ ചിത്രമായ 'ഐ ആം സ്റ്റിൽ ഹിയർ' ആണ് മികച്ച ഇതര ഭാഷാ ചിത്രം. അതേസമയം ഏറ്റവുമധികം നോമിനേഷുകൾ ലഭിച്ച എമിലിയെ പെരെസ്, ദി ബ്രൂട്ടലിസ്റ്റ് എന്നീ സിനിമകൾക്ക് നിരാശയായിരുന്നു ഫലം. മികച്ച സിനിമയ്ക്കുള്ള ഓസ്കാറിനായി മത്സരിച്ച പത്ത് ചിത്രത്തിൽ ഷാക് ഓഡിയയുടെ സ്പാനിഷ് മ്യൂസിക്കൽ ‘എമിലിയ പെരസി’നു 13 നാമനിർദ്ദേശങ്ങളാണ് ലഭിച്ചത്. ഇംഗ്ലിഷ് ഇതര ഭാഷാ സിനിമയ്ക്ക് ഇത്രയധികം നാമനിർദേശം ഇതാദ്യമായിരുന്നു.
ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന ആദം ജെ ഗ്രേവ്‌സ് സംവിധാനം ചെയ്ത ഷോർട്ട് ഫിലിം അനുജ പുറത്താക്കപ്പെട്ടു. പ്രിയങ്ക ചോപ്രയും ഗുനീത് മോങ്കയും ചേർന്നു നിർമിച്ച ചിത്രമായിരുന്നു. അനുജ മികച്ച ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം വിഭാഗത്തിലായിരുന്നു മത്സരിച്ചിരുന്നത്. പുരസ്‌കാരം നേടിയിരുന്നെങ്കിൽ ഗുനീത് മോങ്ക ചരിത്രം കുറിക്കുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |