കൊച്ചി: താളിയോലകളുടെ കാലപ്പഴക്കംകൊണ്ട് നശിച്ചുപോകാവുന്ന അമൂല്യവിവരങ്ങൾ സംരക്ഷിക്കാൻ സഹായകരമായ കണ്ടുപിടിത്തവുമായി എറണാകുളം സ്വദേശി ധന്യ സുദർശൻ. ദ്രവിച്ച താളിയോലകൾ പുതിയ ലിപിയിലാക്കി ഡിജിറ്റലൈസ് ചെയ്യുന്നതിനുള്ള കമ്പ്യൂട്ടറൈസ്ഡ് സംവിധാനമാണ് ധന്യ ഒരുക്കിയിരിക്കുന്നത്. കമ്പ്യൂട്ടർ അൽഗൊരിതത്തിലൂടെ ഓലകളിലെ വിവരം പകർത്തി ഡിജിറ്റലൈസ് ചെയ്യുന്നതിനെക്കുറിച്ച് ധന്യ പ്രബന്ധം തയ്യാറാക്കിയിരുന്നു. ഇതിന് കുസാറ്റിന്റെ ഡോക്ടറേറ്റും ലഭിച്ചു. കുസാറ്റ് ഇലക്ട്രോണിക്‌സ് വിഭാഗം മേധാവി ഡോ. ദീപ ശങ്കറായിരുന്നു ഗൈഡ്.
1800 മുതൽ 1908 വരെയുള്ള 3500 താളിയോലകളിലെ അക്ഷരങ്ങൾ ഇതിനോടകം ഡിജിറ്റലൈസ് ചെയ്തു. തൊടുപുഴയിൽ അമ്മയുടെ കുടുംബവീട്ടിൽ സൂക്ഷിച്ചിരുന്ന വിഷചികിത്സാ താളിയോലകളും ഇതിൽ ഉൾപ്പെടുന്നു. തിരുവനന്തപുരം ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് മാനുസ്‌ക്രിപ്റ്റ് ലൈബ്രറി, പഴയ തറവാടുകൾ, ചില ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽ നിന്നാണ് താളിയോല ശേഖരിച്ചത്.
വൈറ്റിലയ്‌ക്കടുത്ത് തേവാനത്ത് സുദർശന്റെയും ശാന്തകുമാരിയുടെയും മകളണ് ധന്യ. കുസാറ്റിൽ നിന്ന് ഐ.ടിയിൽ ബിരുദവും രാജഗിരി കോളേജിൽനിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദവും നേടി. മുത്തൂറ്റ്, രാജഗിരി എൻജിനിയറിംഗ് കോളേജുകളിലും ബഹ്റൈനിലും അദ്ധ്യാപികയായിരുന്നു. ബിസിനസുകാരനായ ഭർത്താവ് രതീഷ് രവിക്കൊപ്പം ഇപ്പോൾ ദുബായിൽ. മകൾ: ഗൗരി.
അഞ്ച് ഘട്ടങ്ങളിലെ പകർത്തിയെഴുത്ത്
ഇമേജ് അക്വിസിഷൻ, നോയ്‌സ് റിമൂവൽ, സെഗ്‌മന്റേഷൻ, ക്യാരക്ടർ റെക്കഗ്നിഷൻ, മാപ്പിംഗ് ഓൾഡ് സ്‌ക്രിപ്റ്റ് ടു ന്യൂ സ്‌ക്രിപ്റ്റ് എന്നീ ഘട്ടങ്ങളിലൂടെയാണ് ഡിജിറ്റൽ ഫോർമാറ്റിലാക്കുക. ഓല സ്‌കാൻ ചെയ്യുന്നതാണ് ആദ്യഘട്ടം. തുടർന്ന് പാടുകളും കറകളും ഒഴിവാക്കി വെള്ളപ്രതലത്തിൽ അക്ഷരങ്ങൾ വേർതിരിക്കും. ഇതിലെ ഓരോവരിയും വേർതിരിച്ചശേഷം ഏതൊക്കെ അക്ഷരങ്ങളാണെന്ന് സ്ഥിരീകരിച്ച് പുതിയ ലിപികളാക്കും.
'ഓരോ തലമുറയിലും അക്ഷരങ്ങൾ മാറുകയാണ്. പഴയ കൂട്ടക്ഷരങ്ങളും വള്ളി-പുള്ളികളും എല്ലാവർക്കും മനസിലാകില്ല. ഇവയെല്ലാം പുതിയ ലിപികളിലേക്ക് മാറ്റുന്നു".
ധന്യ സുദർശൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |