കോട്ടയം: പാലാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ ഇത്തവണയും ബി.ജെ.പി തന്നെ മത്സരിക്കുമെന്ന് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള വ്യക്തമാക്കി. കഴിഞ്ഞ തവണ ബി.ജെ.പി മത്സരിച്ച പാലാ സീറ്റ് ഘടകകക്ഷികൾക്ക് കൈമാറില്ല. ഇവിടെ സ്ഥാനാർത്ഥി ആരാകണമെന്ന കാര്യത്തിൽ പാർട്ടി ചർച്ച പൂർത്തിയാക്കിയിട്ടുണ്ട്. സാധ്യതാ പട്ടിക കേന്ദ്രനേതൃത്വത്തിന് കൈമാറും. കേന്ദ്രനേതൃത്വമാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കേണ്ടതെന്നും ശ്രീധരൻപിള്ള വ്യക്തമാക്കി. നേരത്തെ പാലായിൽ പി.സി.തോമസിനെ സ്ഥാനാർത്ഥിയാക്കുമെന്ന സൂചനകളുണ്ടായിരുന്നെങ്കിലും മണ്ഡലത്തിലെ ബി.ജെ.പി നേതാക്കൾ ഇതിനെ എതിർക്കുകയായിരുന്നു.
പി.സി.തോമസിന് പാലായിൽ വിജയസാദ്ധ്യതയുണ്ടെന്ന വാദം എൻ.ഡി.എയിൽ ശക്തിപ്പെടുന്നതിനിടയിലാണ് ചില ബി.ജെ.പി നേതാക്കൾ എതിർപ്പുമായി രംഗത്ത് വന്നത്. നേരത്ത മുവാറ്രുപുഴ ലോക്സഭാ മണ്ഡലത്തിൽ നിന്നും എൻ.ഡി.എ സ്ഥാനാർത്ഥിയായി തോമസ് വിജയിച്ചിരുന്നു. കെ.എം.മാണിയാണ് തോമസിനെ സജീവ രാഷ്ട്രീയത്തിലിറക്കിയതെന്നും മാണിയുടെ ആദ്യ ശിഷ്യന്മാരിലൊരാളെന്ന നിലയിലും പാലായിൽ തോമസിന് വലിയ സാദ്ധ്യതയുണ്ടെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ വാദം. പ്രത്യേകിച്ചും മാണിഗ്രൂപ്പിൽ ജോസ്. കെ.മാണിയും പി.ജെ.ജോസഫും തമ്മിലുള്ള വടംവലി ശക്തമാവുമ്പോൾ അത് പി.സി.തോമസിനനുകൂലമായ അന്തരീക്ഷമുണ്ടാക്കുമെന്നും തോമസ് അനുകൂലികൾ പറയുന്നത്.
എന്നാൽ കഴിഞ്ഞ ദിവസം പാലായിൽ നടന്ന ബി.ജെ.പി മണ്ഡലം പ്രവർത്തക യോഗത്തിൽ പി.സി.തോമസിന് സീറ്ര് നൽകുന്നതിനെതിരെ ശക്തമായ വിമർശനം ഉയർന്നു. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ളയും യോഗത്തിൽ പങ്കെടുത്തിരുന്നു. കോട്ടയം ലോക്സഭാ മണ്ഡലത്തിലെ ഭൂരിഭാഗം മണ്‌ഡലങ്ങളും ഘടകകക്ഷികൾക്ക് നൽകുന്നതിനെതിരെ പ്രവർത്തകർ ശബ്ദമുയർത്തി. കഴിഞ്ഞ തവണ ബി.ജെ.പി മത്സരിച്ച സീറ്ര് മറ്രാർക്കും വിട്ടുകൊടുക്കേണ്ട എന്നാണ് നേതാക്കളുടെ നിലപാട്. പാലാ സീറ്രും ഘടകകക്ഷികൾക്ക് കൊടുത്താൽ പാർട്ടി പ്രവർത്തകർ നിർജ്ജീവമാകുമെന്നും അവർ മുന്നറിയിപ്പ് നൽകി. ബി.ജെ.പി നേതാക്കളായ നാരയണൻ നമ്പൂതിരി, എസ്. ജയസൂര്യൻ , ജില്ലാ പ്രസിഡന്റ് എൻ.ഹരി എന്നിവരുടെ പേരുകളാണ് പ്രാദേശിക ഘടകം മുന്നോട്ട് വയ്ക്കുന്നത്. എന്നാൽ കരുത്തനായ ഏതെങ്കിലും ഒരു പ്രമുഖ സംസ്ഥാന നേതാവ് മത്സരിച്ചാൽ അതായിരിക്കും മെച്ചമെന്ന് വാദിക്കുന്നവരും ഉണ്ട്. 2016ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിയായ എൻ.ഹരിക്ക് 24,821 വോട്ട്ലഭിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |