വർഷങ്ങളായി കേട്ടുകൊണ്ടിരിക്കുന്ന വയനാട് തുരങ്കപ്പാതയ്ക്ക് സംസ്ഥാന പരിസ്ഥിതി വകുപ്പ് അനുമതി നൽകിയെന്ന വാർത്ത സംസ്ഥാനത്തെ അടിസ്ഥാനസൗകര്യ വികസന രംഗത്ത് പുതിയൊരു ചുവടുവയ്പാകുമെന്ന കാര്യത്തിൽ സംശയമില്ല. കോഴിക്കോടിനും വയനാടിനുമിടയ്ക്ക് സ്ഥിരം യാത്രചെയ്യുന്നവർക്ക് യാത്രാദൂരം 40 കിലോമീറ്റർ കുറയുമെന്നത് നിസാര കാര്യമല്ല. ഒരു തുരങ്കപ്പാതയുടെ ഗുണങ്ങൾ അതു വന്നുകഴിഞ്ഞാലേ ശരിക്കും അനുഭവവേദ്യമാകൂ. പാരിസ്ഥിതിക ദുർബല മേഖലകൾ കൂടി ഉൾപ്പെടുന്ന പ്രദേശത്തു കൂടിയാണ് തുരങ്കപ്പാത നിർമ്മിക്കേണ്ടതെന്നതിനാൽ 25 കർശന ഉപാധികളോടെയാണ് പദ്ധതിക്ക് പരിസ്ഥിതി വകുപ്പ് അനുമതി നൽകിയിരിക്കുന്നത്.
മണ്ണിടിച്ചിൽ സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ സകല മുന്നൊരുക്കങ്ങളും സ്വീകരിച്ചുകൊണ്ടാകണം പണി നടത്താൻ. ഭൂമിയുടെ ഘടന അനുസരിച്ചേ ഏതു പ്രവൃത്തിയും ഏറ്റെടുക്കാവൂ. വംശനാശം നേരിടുന്ന ചിലപ്പൻ പക്ഷിയുടെ സംരക്ഷണവും ഉറപ്പാക്കണം. ഇരുവഴിഞ്ഞിപ്പുഴയുടെ സ്വാഭാവിക ഒഴുക്കിന് ഭംഗം വരുത്തരുത്. നിരന്തരം നിരീക്ഷണം നടത്തി ഇക്കാര്യം ഉറപ്പുവരുത്തണം തുടങ്ങിയവയാണ് ഉപാധികൾ. എട്ടുകിലോമീറ്റർ ദൈർഘ്യം വരുന്ന ഇരട്ടത്തുരങ്കപ്പാത രാജ്യത്ത് ഈ ഗണത്തിലെ മൂന്നാമത്തെ വലിയ തുരങ്കപ്പാതയാകും. കോഴിക്കോട് തിരുവമ്പാടിയിലെ ആനയ്ക്കാംപൊയിലിൽ നിന്നാരംഭിച്ച് വയനാട്ടിലെ മേപ്പാടി പഞ്ചായത്തിലെ കള്ളാടി വരെയാണ് തുരങ്കപ്പാത. 2134 കോടി രൂപ ചെലവു കണക്കാക്കുന്ന തുരങ്കപ്പാതയുടെ നിർമ്മാണം നാലുവർഷംകൊണ്ടു പൂർത്തിയാക്കാനാകുമെന്നാണ് പദ്ധതിരേഖയിൽ പറയുന്നത്. തുരങ്കനിർമ്മാണത്തിനും അപ്രോച്ച് റോഡ് നിർമ്മാണത്തിനുമുള്ള കമ്പനികളെയും കണ്ടെത്തിയിട്ടുണ്ട്. ഈ വർഷം തന്നെ നിർമ്മാണം തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്.
കോഴിക്കോടിനും വയനാടിനുമിടയ്ക്ക് ചുരം പാതകളാണ് പ്രധാന യാത്രാമാർഗമായി ഇന്നുള്ളത്. മഴക്കാലത്തും ഗതാഗതത്തിരക്ക് കൂടുന്ന ഘട്ടങ്ങളിലും അതീവ ദുഷ്‌കരമാണ് ചുരം യാത്ര. മണിക്കൂറുകളെടുക്കും ലക്ഷ്യസ്ഥാനങ്ങളിലെത്താൻ. ചുരം പാതകൾ നിലനിറുത്തിക്കൊണ്ട് തുരങ്കപ്പാത നിർമ്മിക്കണമെന്ന ആവശ്യം കുറേക്കാലമായി അന്തരീക്ഷത്തിലുണ്ടെങ്കിലും പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പരിസ്ഥിതിവാദികളുടെ ശക്തമായ എതിർപ്പും കാരണം പദ്ധതി നിർദ്ദേശം സ്തംഭിച്ചുനിൽക്കുകയായിരുന്നു. സംസ്ഥാനത്ത് ഏതു പുതിയ പദ്ധതി നടപ്പാക്കാനൊരുങ്ങുമ്പോഴും പരിസ്ഥിതിവാദികൾ തടസവാദങ്ങളുമായി മുന്നോട്ടുവരുന്നത് പതിവാണല്ലോ. കടൽമണൽ ഖനനത്തിനെതിരെ തെക്കൻ ജില്ലകളിൽ സമര കാർമേഘങ്ങൾ ഉരുണ്ടുകൂടിക്കൊണ്ടിരിക്കുകയാണ്. അതിനൊപ്പം വയനാട് തുരങ്കപ്പാതയും സമരത്തിന് നിമിത്തമാകുമോ എന്ന് അറിയാനിരിക്കുന്നതേയുള്ളൂ. പരിസ്ഥിതിക്ക് ഏതെങ്കിലും തരത്തിലുള്ള ദോഷമുണ്ടാക്കാതെ രാജ്യത്ത് ഒരു വികസന പ്രവർത്തനവും സാദ്ധ്യമല്ലെന്നതാണ് യാഥാർത്ഥ്യം. ദോഷം പരമാവധി കുറച്ച് പദ്ധതി നടപ്പാക്കലാണ് സർക്കാരിന്റെ ധർമ്മം.
ഇവിടെ തുരങ്കപ്പാതയെ എതിർക്കുന്നവർ ജമ്മുകാശ്‌മീരിലെ മുട്ടിനു മുട്ടുള്ള തുരങ്കപ്പാതകൾ ഒന്നു പോയി കാണേണ്ടതാണ്. അവിടെയും പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളുമുണ്ട്. ആകാശത്തോളം വരെ ഉയരത്തിലാണ് പല തുരങ്കപ്പാതകളും. ലോകത്തു തന്നെ ഏറ്റവും ഉയരത്തിൽ റെയിൽപ്പാത നിർമ്മിച്ചിട്ടുള്ളതും കാശ്മീരിലാണെന്ന് ഓർക്കണം. രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ തുരങ്കപ്പാതകളും അവിടെത്തന്നെ. കാശ്‌മീരിനെ പിന്തുടർന്ന് പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും ദുർഘടങ്ങളായ മലമടക്കുകൾ തുരന്ന് അത്യാധുനിക തുരങ്കപ്പാതകൾ നിർമ്മിക്കുന്നുണ്ട്. ദേശീയ പാതകൾ നവീകരിക്കുമ്പോൾ ഇതുപോലുള്ള തുരങ്കപ്പാതകളും ആകാശപ്പാതകളുമൊക്കെ അനിവാര്യമായി വരും. സംസ്ഥാനത്തെ ലക്ഷണമൊത്ത ആദ്യ തുരങ്കപ്പാത പാലക്കാട് വടക്കഞ്ചേരിക്കടുത്ത് കുതിരാനിലാണ്. അത് നിലവിൽ വന്നതോടെ കുതിരാൻ വഴിയുള്ള ഗതാഗതം എത്രമാത്രം സുഗമമായി എന്ന് അതിലൂടെ പോയവർക്കെല്ലാം അറിയാം. ഏറെ വർഷങ്ങളെടുത്താണ് കുതിരാൻ ലക്ഷ്യപ്രാപ്തി കൈവരിച്ചതെന്ന വസ്തുത മറക്കാവതല്ല. ആ സ്ഥിതി വയനാട് തുരങ്കപ്പാതയ്ക്കുണ്ടാകരുത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |