ന്യൂഡൽഹി: പ്രയാഗ്‌രാജിൽ അഞ്ചുവീടുകൾ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തിയെന്ന ഹർജിയിൽ ഉത്തർപ്രദേശ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. 2021ൽ കൊടും കുറ്റവാളിയും രാഷ്‌ട്രീയ നേതാവുമായിരുന്ന അതീഖ് അഹമ്മദുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് അഭിഭാഷകൻ, കോളേജ് അദ്ധ്യാപകൻ തുടങ്ങിയവർ താമസിച്ചിരുന്ന അഞ്ച് വീടുകൾക്ക് നേരെ ബുൾഡോസർ പ്രയോഗമുണ്ടായത്. അവരുടെ ഹർജികൾ പരിഗണിക്കവെ, ജസ്റ്റിസുമാരായ അഭയ് എസ്. ഓകയും എൻ. കോട്ടീശ്വർ സിംഗും അടങ്ങിയ ബെഞ്ച് യു.പി സർക്കാരിനെ രൂക്ഷമായി വിമർശിച്ചു. ഭരണഘടനയിൽ ജീവിക്കാനുള്ള അവകാശം എന്ന അനുച്ഛേദമുണ്ടെന്ന് കോടതി ഓർമ്മിപ്പിച്ചു. നോട്ടീസ് നൽകി മണിക്കൂറുകൾക്കകം വീടുകൾ തകർത്തു. അവരെ കേൾക്കാനോ, നിയമനടപടിക്ക് സാവകാശം നൽകാനോ തയ്യാറാകാത്തതിനെ കോടതി ചോദ്യം ചെയ്‌തു. ഇത്തരം നടപടികൾ ഞെട്ടിക്കുന്നതാണ്. തെറ്റായ സന്ദേശമാണ് സമൂഹത്തിന് നൽകുന്നത്. തിരുത്തേണ്ട പ്രധാന വിഷയമാണെന്നും വ്യക്തമാക്കി.
സർക്കാർ നിർമ്മിച്ചു കൊടുക്കേണ്ടി വരും
സർക്കാർ ചെലവിൽ അഞ്ചു വീടുകളും നിർമ്മിച്ചു കൊടുക്കേണ്ടി വരുമെന്നും, അതു സംബന്ധിച്ച് ഉത്തരവിടുമെന്നും കോടതി സൂചന നൽകി. കുടുംബാംഗം കേസിൽ പ്രതിയായെന്നോ, ശിക്ഷിക്കപ്പെട്ടെന്നോ ചൂണ്ടിക്കാട്ടി ബുൾഡോസർ ഉപയോഗിച്ചു വീട് പൊളിച്ചുമാറ്റുന്ന സംസ്ഥാനങ്ങളുടെ നടപടി ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രീംകോടതി 2024 നവംബറിൽ വിധിച്ചിരുന്നത് പരാമർശിച്ചു. മാർച്ച് 21ന് വിഷയം വീണ്ടും പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |