* കേസിൽ അറസ്റ്റിലായവരുടെ എണ്ണം പത്തായി
കൊച്ചി: ഒമാനിൽനിന്ന് കേരളത്തിലേക്ക് എം.ഡി.എം.എ കള്ളക്കടത്ത്. മലയാളികൾ നിയന്ത്രിക്കുന്ന റാക്കറ്റിന് രാസലഹരി കൈമാറുന്നത് ഒമാൻ പൗരൻ. പൊലീസിന്റെ ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകൾക്ക് പിന്നാലെ വിവിധ കേന്ദ്ര ഏജൻസികൾ അന്വേഷണസംഘത്തിൽനിന്ന് വിവരം ശേഖരിച്ചു. വിദേശബന്ധം സ്ഥിരീകരിച്ച സാഹചര്യത്തിൽ കള്ളക്കടത്ത് കേസ് കേന്ദ്ര ഏജൻസികൾ ഏറ്റെടുത്തേക്കും.
പശ്ചിമകൊച്ചി, ആലുവ എന്നിവിടങ്ങളിൽ 400ലധികം ഗ്രാം എം.ഡി.എം.എ.എ പിടികൂടിയ അഞ്ച് കേസുകളിലെ തുടരന്വേഷണത്തിലാണ് ഒമാൻ കണക്ഷൻ കണ്ടെത്തിയത്. ഒമാനിൽ ലഹരിഇടപാടിന് ചുക്കാൻപിടിച്ച മലപ്പുറം സ്വദേശിയെ അറസ്റ്റുചെയ്തു. ഇതോടെ ഒമാൻ ലഹരിക്കടത്ത് സംഘം പൊലീസ് വലയിലായി.
ഒമാനിൽ സൂപ്പർമാർക്കറ്റിലെ ജീവനക്കാരനായ മലപ്പുറം നെടിയിരിപ്പ് സ്വദേശി ആഷിഖാണ് (27) ലഹരി ഇടപാട് നിയന്ത്രിച്ചിരുന്നത്. കഴിഞ്ഞദിവസം നാട്ടിലെത്തിയ പ്രതിയെ വീടുവളഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിൽ വൈപ്പിൻ എളങ്കുന്നപ്പുഴ സ്വദേശി മാഗി ആഷ്ന, മട്ടാഞ്ചേരി സ്വദേശി ഇസ്മായിൽ സേഠ് എന്നിവരെ നേരത്തെ അറസ്റ്റുചെയ്തിരുന്നു. ഇവരാണ് വിമാനത്തിൽ ലഹരി എത്തിച്ചിരുന്നത്. ജോലിക്കായി ഒമാനിൽ എത്തിയതായിരുന്നു മാഗി. സംഘത്തിന്റെ കൂടെക്കൂടി ലഹരിക്കടത്തുകാരിയായി. ഇസ്മായിൽ സേഠാണ് കൊച്ചിയിലെ ലഹരി ഇടപാടിന് ചുക്കാൻ പിടിക്കുന്നത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം പത്തായി.
ജനുവരി അവസാനമാണ് 443.16 ഗ്രാം എം.ഡി.എം.എയും 6.8ഗ്രാം കഞ്ചാവും 9.41 ഗ്രാം ഹാഷിഷ് ഓയിലും 4.64 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമടക്കം കോടികൾ വിലമതിക്കുന്ന മയക്കുമരുന്നുകളുമായി മഹാരാഷ്ട്ര പൂനെ സ്വദേശിനി ആയിഷ ഗഫാർസെയ്ത് (39), ലിവിംഗ് ടുഗെതർ പങ്കാളിയായ മട്ടാഞ്ചേരി സ്വദേശി റിഫാസ് റഫീക്ക് (27), മട്ടാഞ്ചേരി സ്വദേശികളായ സജീർ (28), അദിനാൻ സവാദ് (22), ഷഞ്ജൽ (34), മുഹമ്മദ് അജ്മൽ (28), പള്ളുരുത്തിവെളി സ്വദേശി ബാദുഷ (29) എന്നിവർ അറസ്റ്റിലായത്.
ഡി.സി.പി അശ്വതി ജിജി, മട്ടാഞ്ചേരി അസി. കമ്മിഷണർ ഉമേഷ് ഗോയൽ, നാർകോട്ടിക് സെൽ അസി. കമ്മിഷണർ കെ.എ. അബ്ദുൾ സലാം, മട്ടാഞ്ചേരി എസ്.എച്ച്.ഒ കെ.എ. ഷിബിൻ എന്നിവരുടെ നിർദ്ദേശാനുസരണം എസ്.ഐമാരായ ജിമ്മി ജോസ്, മിഥുൻ അശോക്, എസ്.സി.പി.ഒമാരായ എഡ്വിൻ റോസ്, ധനീഷ്, അനീഷ്, സി.പി.ഒ ബേബിലാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |