ന്യൂഡൽഹി : അനധികൃത കുടിയേറ്റത്തിന് അമേരിക്ക നാടുകടത്തിയ 11 ഇന്ത്യക്കാർക്ക് നോട്ടീസയച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇന്ത്യയിൽ നിന്ന് ആളുകളെ ഡങ്കി റൂട്ടുകൾ വഴി യു.എസിൽ എത്തിക്കുന്ന ഏജന്റുമാർക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായാണ് ഇ.ഡിയുടെ നടപടി.
പഞ്ചാബ് സ്വദേശികളായ പത്തുപേർക്കും ഒരു ഹരിയാന സ്വദേശിക്കുമാണ് ഇ.ഡി നോട്ടീസയച്ചത്. ഇ.ഡിയുടെ ജലന്ധർ ഓഫീസിൽ ഹാജരാകാനാണ് ഇവർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമാണ് നടപടിയെന്നും അധികൃതർ വ്യക്തമാക്കി. അനധികൃത മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് 15 ഏജന്റുമാർക്കെതിരായ കേസിന്റെ ഭാഗമായാണ് അന്വേഷണം.
അതേസമയം അനധികൃത കുടിയേറ്റക്കാരെ സൈനിക വിമാനത്തിൽ നാടുകടത്തുന്നത് യു.എസ് നിറുത്തിവച്ചെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഉയർന്ന ചെലവ് മൂലമാണ് നടപടിയെന്നാണ് സൂചന. ഇതു സംബന്ധിച്ച് യു.എസ് ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. നാടുകടത്തലിന് സൈനിക വിമാനം ഉപയോഗിക്കുന്നത് ദീർഘ കാലത്തേക്ക് നിറുത്തിവയ്ക്കാൻ സാദ്ധ്യതയുണ്ടെന്ന് ചില വിദേശ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മാർച്ച് 1നാണ് നാടുകടത്തലിന് അവസാനമായി ഒരു സൈനിക വിമാനം ഉപയോഗിച്ചത്.e
ജനുവരിയിൽ ഡൊണാൾഡ് ട്രംപ് പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെയാണ് യു.എസ് അനധികൃത കുടിയേറ്റക്കാരെ അവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചയക്കാൻ തുടങ്ങിയത്. ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിലേക്ക് ഇത്തരത്തിൽ കുടിയേറ്റക്കാരുമായി വിമാനങ്ങൾ എത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |