തിരുവനന്തപുരം: കേരളത്തിൽ സ്വകാര്യ സർവകലാശാല ആരംഭിക്കാനൊരുങ്ങി വമ്പൻവിദ്യാഭ്യാസ ഗ്രൂപ്പുകൾ. പഞ്ചാബിലെ ലവ്‌ലി പ്രൊഫഷണൽ യൂണിവേഴ്സിറ്റി, ബംഗളുരുവിലെ ജെയിൻ യൂണിവേഴ്സിറ്റി, കോഴിക്കോട്ടെ മർക്കസ്, മലപ്പുറത്ത് എം.ഇ.എസ്, തൃശൂർരൂപത, നെഹ്‌റുഗ്രൂപ്പ് എന്നിവരെല്ലാം സ്വകാര്യ സർവകലാശാല തുടങ്ങാനൊരുങ്ങുന്നു. സ്വാശ്രയമെഡിക്കൽ കോളേജുകൾ തങ്ങളുടെ അനുബന്ധ സ്ഥാപനങ്ങളും കൂട്ടിച്ചേർത്ത് സർവകലാശാലയാവും. തിരുവനന്തപുരത്തെ മാർഇവാനിയോസ്, കൊച്ചിയിലെ രാജഗിരിയടക്കം സ്ഥാപനങ്ങളും സർവകലാശാലയായേക്കും. കർണാടകത്തിലെയടക്കം മെഡിക്കൽ യൂണിവേഴ്സിറ്റികളും ഗുജറാത്തിൽ സർവകലാശാലയുള്ള അദാനിഗ്രൂപ്പും കേരളത്തിലേക്കെത്തും. മെഡിക്കൽകോഴ്സുകളിലാണ് എല്ലാവർക്കും താത്പര്യം.
500കോടി മുതൽമുടക്കിൽ തൃശൂരിലാണ് നെഹ്‌റുഗ്രൂപ്പിന്റെ സർവകലാശാല. 2000തൊഴിലവസരങ്ങളുണ്ടാവും. താത്പര്യപത്രം സർക്കാരിന് കൈമാറിയിട്ടുണ്ട്. 350കോടി മുടക്കിലാണ് കോഴിക്കോട്ട് ജെയിൻഗ്ലോബൽ യൂണിവേഴ്സിറ്റി വരുന്നത്. തിരുവനന്തപുരം,കോട്ടയം, തൃശൂർ,കണ്ണൂർ എന്നിവിടങ്ങളിൽ ഉപക്യാമ്പസുകളുമുണ്ടാവും. സമസ്തയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഏകോപിപ്പിച്ചാണ് കോഴിക്കോട്ട് കാന്തപുരത്തിന്റെ നേതൃത്വത്തിൽ യൂണിവേഴ്സിറ്റി വരുന്നത്. പെരിന്തൽമണ്ണയിലാണ് എം.ഇ.എസിന്റെ യൂണിവേഴ്സിറ്റി. കോഴിക്കോട്ടും പാലക്കാട്ടും മെഡിക്കൽകോളേജുകളുള്ള മലബാർഗ്രൂപ്പും സർവകലാശാലയ്ക്കൊരുങ്ങുന്നു. ഇരുപത് കോളേജുകളുള്ള മാർഇവാനിയോസ്, രാജഗിരി എന്നിവ എയ്ഡഡ് പദവിയുള്ള സ്ഥാപനങ്ങളെ ഒഴിവാക്കി സർവകലാശാലയാവും. പുഷ്പഗിരി മെഡിക്കൽകോളേജും മാർഇവാനിയോസിന്റെ സർവകലാശാലയോട് കൂട്ടിച്ചേർത്തേക്കും.
ഫീസിൽ നിയന്ത്രണമില്ലാതാവും
1)നിലവിൽ സ്വാശ്രയഎം.ബി.ബി.എസിന് മെരിറ്റിൽ 8.87ലക്ഷം വരെയാണ് ഫീസ്. എൻ.ആർ.ഐ ക്വോട്ടയിൽ 21,54,720 രൂപയും. ഫീസ് നിശ്ചയിക്കാൻ ജസ്റ്റിസ് കെ.കെ.ദിനേശന്റെ സമിതിയുണ്ട്.
2)സ്വാശ്രയമെഡിക്കൽകോളേജുകൾ സർവകലാശാലയാവുന്നതോടെ ഈനിയന്ത്രണം ഇല്ലാതാവും. അവർക്ക് ഇഷ്ടമുള്ളത്ര ഫീസീടാക്കാം. എൻട്രൻസ് കമ്മിഷണറുടെ മെരിറ്റിലെ അലോട്ട്മെന്റുംകുറയും.
25കോടിയും 10ഏക്കറും
25കോടി രൂപയും,പത്തേക്കർ ഭൂമിയുമുള്ള ട്രസ്റ്റുകൾക്കും ഏജൻസികൾക്കും ഗ്രൂപ്പുകൾക്കുമെല്ലാം സർവകലാശാല അനുവദിക്കും. മെഡിക്കൽ,ഡെന്റൽ,എൻജിനിയറിംഗ്,നിയമം, മാനേജ്മെന്റ്, സയൻസ്,പാരാമെഡിക്കൽ എന്നിവയെല്ലാമുള്ള മൾട്ടിഡിസിപ്ലിനറി യൂണിവേഴ്സിറ്രികളാണ് വരുന്നത്.
എസ്.എൻ.ഡി.പി യോഗം, എൻ.എസ്.എസ്,എം.ഇ.എസ്, ക്രൈസ്തവ സഭകൾ എന്നിവയ്ക്ക് മുൻഗണന നൽകണമെന്ന് പ്രതിപക്ഷം നിയമസഭയിൽ ആവശ്യപ്പെട്ടിരുന്നു. സർവകലാശാലകൾക്ക് അഫിലിയേറ്റഡ് കോളേജുകൾ പാടില്ല. സർക്കാർ അനുമതിയോടെ ഉപക്യാമ്പസുകൾ ആരംഭിക്കാം.
ടൗൺഷിപ്പുകളായി വികസിക്കും
സർവകലാശാലകളോട് ചേർന്ന് ഷോപ്പിംഗ്,വിനോദ, പാർപ്പിടകേന്ദ്രങ്ങൾ, ആശുപത്രികൾ,സ്കൂളുകൾ, ഗവേഷണകേന്ദ്രങ്ങൾ, തൊഴിൽശാലകൾ എന്നിവവരും. ഇവസംയോജിതടൗൺഷിപ്പുകളായി വളരും. വൻതോതിൽ നിക്ഷേപവും അടിസ്ഥാനസൗകര്യ വികസനവുമുണ്ടാവും.
502
സ്വകാര്യസർവകലാശാലകളാണുള്ളത്. ഗുജറാത്ത്-66, മദ്ധ്യപ്രദേശ്-54, രാജസ്ഥാൻ-53, മഹാരാഷ്ട്ര-33, കർണാടക-29, ഉത്തരാഖണ്ഡ്-27, ഹരിയാന-25
സർവകലാശാലാ ഭേദഗതി:
ബിൽ അവതരിപ്പിക്കാൻ അനുമതി
തിരുവനന്തപുരം: കുസാറ്റ്, മലയാളം, സാങ്കേതിക സർവകലാശാലാ നിയമങ്ങൾ ഭേദഗതി ചെയ്യാനുള്ള ബിൽ നിയമസഭയിൽ അവതരിപ്പിക്കാൻ ഗവർണറുടെ അനുമതി. ഇന്നലെയാണ് ഗവർണർ അനുമതി നൽകിയത്. കഴിഞ്ഞ മൂന്നിന് അവതരിപ്പിക്കാൻ ബില്ലിന്റെ ഇംഗ്ലീഷ് പരിഭാഷയടക്കം രാജ്ഭവനിലെത്തിച്ചിട്ടും ഗവർണർ അനുമതി നൽകാതെ തടഞ്ഞുവച്ചിരുന്നു. മന്ത്രിമാരായ പി.രാജീവ്, ആർ.ബിന്ദു എന്നിവർ ഗവർണറെ കണ്ട് അനുമതി നൽകണമെന്ന് അഭ്യർത്ഥിച്ചിരുന്നു. 20ന് ബിൽ സഭയിൽ അവതരിപ്പിക്കും. ബിൽ അവതരിപ്പിച്ചാലും ഗവർണർ ഒപ്പിട്ടാലേ നിയമമാവൂ. ചാൻസലറുടെയും വൈസ്ചാൻസലറുടെയും അധികാരങ്ങൾ വെട്ടിക്കുറയ്ക്കുന്ന ബില്ലാണ്.
നാലു വർഷ ബിരുദം --
കോഴ്സ് മാറ്റത്തിന്
രൂപരേഖയുണ്ടാക്കുന്നു
തിരുവനന്തപുരം: നാലു വർഷ ബിരുദത്തിന്റെ മൂന്നാം സെമസ്റ്ററിൽ വിദ്യാർത്ഥികൾക്ക് പ്രോഗ്രാം, കോളേജ്, യൂണിവേഴ്സിറ്റി എന്നിവ മാറുന്നതിന് രൂപരേഖയുണ്ടാക്കാൻ രജിസ്ട്രാർമാരുടെ സമിതി 11ന് യോഗം ചേരും. എം.ജി സർവകലാശാലയിലാണ് യോഗം. മൂന്നാം സെമസ്റ്ററിലേക്ക് കടക്കുന്നവർക്കാണ് കോഴ്സ് അടക്കം മാറാനുള്ള (സ്വിച്ചിംഗ്) സൗകര്യം. സയൻസിൽ നിന്ന് ആർട്സ് പ്രോഗ്രാമുകളിലേക്കടക്കം മാറ്റം അനുവദിക്കും. സർക്കാരിന്റെ രൂപരേഖയ്ക്കുള്ളിൽ നിന്നുകൊണ്ട് സ്വിച്ചിംഗിന് സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യർ (എസ്.ഒ.പി) തയ്യാറാക്കുകയാണ് ലക്ഷ്യം.
കോളേജുകളിൽ ഇല്ലാത്ത കോഴ്സുകൾ ഓൺലൈനായി പഠിച്ച് അധിക ക്രെഡിറ്റ് നേടാനും സൗകര്യമുണ്ട്. ഏതൊക്കെ ഏജൻസികളുടെ കോഴ്സുകൾ പഠിക്കണമെന്ന് ഇതുവരെ നിശ്ചയിച്ചിരുന്നില്ല. ഈ പട്ടികയ്ക്കും യോഗത്തിൽ അന്തിമരൂപം നൽകും. ഇതോടെ അക്കാഡമിക്, കരിയർ അഭിരുചിക്കനുസരിച്ച് പാഠ്യവിഷയങ്ങൾ തിരഞ്ഞെടുത്ത് ബിരുദകോഴ്സ് സ്വയം രൂപകൽപ്പന ചെയ്യാൻ വിദ്യാർത്ഥികൾക്ക് അവസരമുണ്ടാവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |