കൊച്ചി: ഉപയോഗ ശൂന്യമായ ക്വാർട്ടേഴ്സ് ലക്ഷങ്ങൾ മുടക്കി മോടി പിടിപ്പിക്കാനും, നാലു വർഷം മാത്രം പഴക്കമുള്ള ഔദ്യോഗിക കാറിനു പകരം പുത്തൻ കാർ വാങ്ങാനും മറ്റും 34 ലക്ഷം രൂപ ധൂർത്തടിച്ചതായി കൊച്ചിൻ ദേവസ്വം ബോർഡ് സ്പെഷ്യൽ കമ്മിഷണർ എസ്.ആർ. ഉദയകുമാറിനെതിരെ അദ്ദേഹത്തിന്റെ കീഴിലുള്ള ചീഫ് വിജിലൻസ് ഓഫീസർ
സി.ടി. ശിവദാസിന്റെ റിപ്പോർട്ട്.
ക്ഷേത്രങ്ങൾ നിത്യനിദാനത്തിന് വകയില്ലാതെ ചോർന്നൊലിക്കുമ്പോഴുള്ള
ധൂർത്തിനെക്കുറിച്ച് കേരളകൗമുദി വാർത്ത നൽകിയിരുന്നു.തുടർന്ന് എൻ.കെ. മോഹൻദാസ് സമർപ്പിച്ച പരാതിയിൽ ദേവസ്വം ഓംബുഡ്സ്മാന്റെ ഉത്തരവു പ്രകാരമായിരുന്നു വിജിലൻസ് അന്വേഷണം. കമ്മിഷണർക്ക് തന്നെ സമർപ്പിച്ച റിപ്പോർട്ട് ഇപ്പോൾ ഓംബുഡ്സ്മാന്റെ
പരിഗണനയിലാണ്.
മുടക്കിയ
ലക്ഷങ്ങൾ
• ക്വാർട്ടേഴ്സ് അറ്റകുറ്റപ്പണി : 14,27,234
• ഗൃഹോപകരണങ്ങൾ : 4,20,150
• മാരുതി ഗ്രാന്റ് വിറ്റാര കാർ : 14,45,151
വിജിലൻസ്
റിപ്പോർട്ടിൽ നിന്ന് :
1. ക്വാർട്ടേഴ്സുകൾ ദേവസ്വം ചെലവിൽ റിപ്പയർ ചെയ്യരുതെന്ന ഉത്തരവ്, കമ്മിഷണറുടെ അപേക്ഷയ്‌ക്ക് ബോർഡ് അനുമതി നൽകിയപ്പോൾ പരിഗണിച്ചില്ല.
2. നാല് വർഷം മുമ്പ് വാങ്ങിയ ഫോർഡ് ഇക്കോസ്പോർട്ട് കാറിന് മൈലേജ് കുറവും ബ്രേക്ക് തകരാറുമുണ്ടെന്ന് ഡ്രൈവർ റിപ്പോർട്ട് നൽകിയിരുന്നു. ബ്രേക്കിന് തകരാറില്ലെന്ന് സാങ്കേതിക വിദഗ്ദ്ധരുടെ റിപ്പോർട്ടുണ്ട്. മൈലേജ് പരിശോധിക്കാൻ ചാലക്കുടി പൊതുമരാമത്ത് മെക്കാനിക്കൽ ഡിവിഷൻ വർക്ക്ഷോപ്പിന് ഓർഡർ നൽകിയെങ്കിലും നടന്നില്ല.
3. ക്വാർട്ടേഴ്സ് റിപ്പയറിംഗിനും കാറും ഗൃഹോപകരണങ്ങളും വാങ്ങാനും അനുമതി നൽകേണ്ട ദേവസ്വം ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് ഓഫീസർ എതിർത്തില്ല. 2024-25ലെ ഓഡിറ്റിന് ശേഷമേ അനുമതിയിൽ ക്രമക്കേടുണ്ടോയെന്നും സാമ്പത്തിക ദുരുപയോഗം
നടന്നിട്ടുണ്ടോയെന്നും അറിയാൻ സാധിക്കൂ.
ഓണത്തിന്
ബത്ത തടഞ്ഞു
കമ്മിഷണർക്കെതിരെ റിപ്പോർട്ട് നൽകിയതിന് പിന്നാലെ കൊച്ചിൻ ദേവസ്വം ബോർഡിലെ 11 വിജിലൻസ് ഉദ്യോഗസ്ഥർക്ക് കഴിഞ്ഞ വർഷം വരെ ഓണത്തിന് നൽകി വന്ന 3,000 രൂപ ഉത്സവബത്ത ഇക്കുറി നിറുത്തലാക്കി. പ്രതിഷേധിച്ച് ഓണാഘോഷത്തിൽ നിന്ന് ഇവർ
വിട്ടു നിന്നു. ധൂർത്തിനെക്കുറിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന് കമ്മിഷണർ ഫെബ്രുവരി 18ന് സസ്പെൻഡ് ചെയ്ത എറണാകുളം ദേവസ്വം കൗണ്ടർ അസിസ്റ്റന്റ് എസ്. അഭിലാഷ് ഇപ്പോഴും പുറത്താണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |