ബീജിംഗ്: 'പരസ്പരം തളർത്തുന്നതിനുപകരം പിന്തുണയ്‌ക്കണം. പരസ്പരം ജാഗ്രതയോടെ നിരീക്ഷിക്കുന്നതിനു പകരം സഹകരണം ശക്തിപ്പെടുത്തണം"...യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് ഭീഷണിയ്ക്കെതിരെ ഇന്ത്യയും ചൈനയും ഒന്നിച്ചുനിൽക്കണമെന്ന ആഹ്വാനവുമായി ചൈനീസ് വിദേശകാര്യമന്ത്റി വാംഗ് യീ. ബീജിംഗിൽ പാർലമെന്റ് യോഗത്തിന് ശേഷമായിരുന്നു പ്രസ്താവന. ഇരുരാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കണം. ആധിപത്യത്തെയും അധികാര രാഷ്ട്രീയത്തെയും എതിർക്കാൻ നേതൃത്വം വഹിക്കണം. ഏഷ്യയിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകൾ ഒന്നിച്ചാൽ, ഗ്ലോബൽ സൗത്തിന്റെ വികസനത്തിനും ശക്തിപ്പെടുത്തലിനും ശോഭനമായ ഭാവി ഉണ്ടാകുമെന്നും യീ പ്രഖ്യാപിച്ചു.
ഇന്ത്യ - ചൈന ബന്ധത്തിൽ കഴിഞ്ഞ ഒരു വർഷത്തിനിടെയുണ്ടായ ശുഭകരമായ മുന്നേറ്റങ്ങളും യീ പരാമർശിച്ചു. കഴിഞ്ഞ വർഷം ഒക്ടോബറിൽ റഷ്യയിലെ കസാനിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും കൂടിക്കാഴ്ച നടത്തി. അതിർത്തി പ്രശ്‌നം കൊണ്ട് ഉഭയകക്ഷി ബന്ധത്തെ നിർവചിക്കാൻ അനുവദിക്കരുതെന്നും യീ വ്യക്തമാക്കി.
യീയുടെ പ്രസ്താവനയോട് ഇന്ത്യ പ്രതികരിച്ചിട്ടില്ല. എന്നാൽ, ചൈനയുമായുള്ള ബന്ധത്തിൽ ശുഭകരമായ ഒരു ഗതി ആസൂത്രണം ചെയ്യാൻ ഇരു സർക്കാരുകളും പ്രവർത്തിക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. കൈലാസ് - മാനസ സരോവർ യാത്രയും നേരിട്ടുള്ള വിമാന സർവീസും പുനരാരംഭിക്കുന്നതും മറ്റും ഇതിന് കീഴിൽ വരുന്നതാണെന്നും വ്യക്തമാക്കിയിരുന്നു.
ചൈനയ്ക്ക് ഇരട്ടി താരിഫ്
ട്രംപ് അധികാരത്തിലേറിയ ശേഷം യു.എസിലെ ചൈനീസ് ഇറക്കുമതിക്ക് രണ്ട് തവണയായി 20 ശതമാനം താരിഫാണ് ചുമത്തിയത്. ഫെന്റാനിൽ ലഹരിയുടെ ഒഴുക്ക് തടയുന്നില്ലെന്ന് കാട്ടിയാണ് നടപടി. തിരിച്ചടിയായി യു.എസിൽ നിന്നുള്ള ക്രൂഡ് ഓയിലിനും മറ്റും 10 - 15 ശതമാനം താരിഫ് ചൈനയും ചുമത്തി. 'യുദ്ധമാണ് യു.എസ് ആഗ്രഹിക്കുന്നതെങ്കിൽ... അത് താരിഫ് ആയാലും വ്യാപാരമായാലും മറ്റേതെങ്കിലും തരത്തിലുള്ളതായാലും അവസാനം വരെ പോരാടാൻ ഞങ്ങൾ തയ്യാറാണ്." എന്നാണ് ചൈന പ്രതികരിച്ചത്.
ഇന്ത്യയ്ക്കും മുന്നറിയിപ്പ്
ഇന്ത്യ, ചൈന, ബ്രസീൽ അടക്കം രാജ്യങ്ങളിൽ നിന്ന് യു.എസിലേക്കുള്ള ഇറക്കുമതിക്ക് 'പരസ്പര താരിഫ്" (റെസിപ്രോക്കൽ താരിഫ് ) ഏപ്രിൽ 2ന് പ്രാബല്യത്തിൽ വരാനിരിക്കെയാണ് ചൈനയുടെ ഇന്ത്യാ അനുകൂല നീക്കം. യു.എസ് ഉത്പന്നങ്ങൾക്ക് ഉയർന്ന താരിഫ് ചുമത്തുന്ന രാജ്യങ്ങൾക്ക് അതേ നിരക്കിലെ താരിഫ് തിരിച്ച് ചുമത്തുന്നതാണ് പരസ്പര താരിഫ്. ഇന്ത്യ വളരെ ഉയർന്ന താരിഫ് ഈടാക്കുന്നെന്ന് ഇന്നലെ അടക്കം നിരവധി തവണ ട്രംപ് കുറ്റപ്പെടുത്തിയിരുന്നു.
കരുതലോടെ ഇന്ത്യ
ഏപ്രിൽ 2 മുതൽ പരസ്പര താരിഫുകൾ ഏർപ്പെടുത്തുമെന്ന ട്രംപിന്റെ മുന്നറിയിപ്പിനെ കരുതലോടെ നിരീക്ഷിച്ച് ഇന്ത്യ. താരിഫ്, നോൺ-താരിഫ് തടസങ്ങൾ പരിഹരിക്കുന്നതിനും വിപണി പ്രവേശനം വർദ്ധിപ്പിക്കുന്നതിനുമായി ഇരുപക്ഷവും ഒരു ബഹു-മേഖലാ വ്യാപാര കരാറിനായി ചർച്ചയിലാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതു സംബന്ധിച്ച ചൈനയുടെ നിർദ്ദേശത്തിൽ പ്രതികരിച്ചതുമില്ല.
ഇരു രാജ്യങ്ങളും ബഹുമേഖലാ ഉഭയകക്ഷി വ്യാപാര കരാറിനെക്കുറിച്ചുള്ള ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകുകയാണെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
ചരക്കുകളിലും സേവനങ്ങളിലും ഇരുവശത്തുമുള്ള വ്യാപാരം ശക്തിപ്പെടുത്തുകയും ആഴത്തിലാക്കുകയും ചെയ്യുക, വിപണി പ്രവേശനം വർദ്ധിപ്പിക്കൽ, താരിഫ്, താരിഫ് ഇതര തടസ്സങ്ങൾ കുറയ്ക്കുക, ഇരു രാജ്യങ്ങളും തമ്മിലുള്ള വിതരണ ശൃംഖല സംയോജനം എന്നിവയാണ് ഉഭയകക്ഷി വ്യാപാര കരാറിലൂടെ ഇന്ത്യയുടെ ലക്ഷ്യം. വ്യാപാരം, താരിഫ്, മറ്റ് വിഷയങ്ങൾ എന്നിവ സംബന്ധിച്ച് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ യു.എസിൽ ചർച്ചകൾ നടത്തി. വരും ദിവസങ്ങളിൽ കൂടുതൽ പുരോഗതിയുണ്ടാകുമെന്നും രൺധീർ വിശദീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |