തൊടുപുഴ: റമദാൻ വ്രതം ആരംഭിച്ചതും ചൂട് കൂടിയതും പൈനാപ്പിളിന്റെ ഡിമാൻഡ് ഇരട്ടിയാക്കി. ദിവസം ശരാശരി ആയിരം ടൺ പൈനാപ്പിൾ കേരളത്തിലെ പ്രധാന ഉത്പാദന കേന്ദ്രമായ വാഴക്കുളത്ത് നിന്ന് കയറ്റുമതി ചെയ്യുന്നുണ്ട്. പൈനാപ്പിളിന്റെ പ്രധാന വിപണി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും മിഡിൽ ഈസ്റ്റുമാണ്. ആന്ധ്ര, ബാംഗ്ലൂർ തുടങ്ങിയ സ്ഥലങ്ങളും പ്രധാന മാർക്കറ്റാണ്. പൈനാപ്പിൾ പച്ചയെക്കാൾ പഴത്തിനാണ് ഉത്തരേന്ത്യൻ നഗരങ്ങളിലും ആവശ്യം. പ്രാദേശിക വിപണിയിലും ഡിമാൻഡ് വർദ്ധിച്ചിട്ടുണ്ട്.
പത്ത് ദിവസം, കൂടിയത് കിലോയ്ക്ക് 10 രൂപ
പത്ത് ദിവസം കൊണ്ട് കിലോയ്ക്ക് 10 രൂപയാണ് പൈനാപ്പിൾ പഴത്തിന് കൂടിയത്. ഇപ്പോൾ കൊച്ചിയിൽ കിലോയ്ക്ക് 53 രൂപയാണ് വില. കഴിഞ്ഞ വർഷങ്ങളിൽ വില കിലോയ്ക്ക് 40 രൂപയ്ക്ക് താഴെയായിരുന്നു. ആദ്യമായാണ് മാർച്ച് മാസത്തിൽ വില 50 രൂപ കടക്കുന്നത്.
ഉത്പാദനത്തിലെ കുറവും വിലയെ സ്വാധീനിച്ചു. പച്ച, സ്പെഷ്യൽ പച്ച എന്നിവയുടെ വിലകൾ ഇപ്പോൾ 45ഉം 47രൂപയുമാണ് വരും ദിവസങ്ങളിൽ വില ഉയരുമെന്ന് കർഷകർ പറഞ്ഞു.
അതേസമയം, ചില്ലറ വിപണിയിൽ പൈനാപ്പിൾ പഴത്തിന്റെ തരവും ലഭ്യതയും അനുസരിച്ച് കിലോയ്ക്ക് 65 മുതൽ 75 രൂപ വരെ വിലയുണ്ട്. ഇത്തവണ റമദാൻ വിപണി മുന്നിൽ കണ്ട് കർഷകർ വിളവെടുപ്പ് നേരത്തെയാക്കിയിരുന്നു.
ചൂട് കനത്താൽ വിപണി തളരും
കഴിഞ്ഞ വർഷത്തെ പോലെ ചൂട് ഇനിയും കനത്താൽ കൈതച്ചെടികൾ ഉണങ്ങി ഉത്പാദനം കുറയും. തോട്ടത്തിലെ പുല്ല് ശേഖരിച്ച് കൈതയ്ക്ക് മുകളിലിട്ടും ഓലയും പച്ചനെറ്റും വിരിച്ചും കർഷകർ പ്രതിരോധം തീർക്കുന്നുണ്ട്.
മുൻ വർഷങ്ങളിൽ മികച്ച വില ലഭിച്ചതിനാൽ ഇത്തവണ കൂടുതൽ കർഷകർ പൈനാപ്പിൾ കൃഷിയിലേക്കു തിരിഞ്ഞിരുന്നു. പകൽ താപനില കുത്തനെ കൂടുന്നതാണു കർഷകരെ നിരാശരാക്കുന്നത്. 35 ഡിഗ്രി സെൽഷ്യസാണ് പൈനാപ്പിളിന് അനുകൂല കാലാവസ്ഥ. എന്നാൽ, പൈനാപ്പിൾ കൃഷി ഏറെയുള്ള മദ്ധ്യകേരളത്തിൽ 38ന് മുകളിലാണ് താപനില. ഇതോടെ, വിളവെടുക്കാറായ പൈനാപ്പിളിന്റെ പോലും തൂക്കം കുറയുന്നതായി കർഷകർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |