കൊച്ചി: സ്റ്റാർട്ടപ്പായി ആരംഭിച്ച് റോബോട്ടിക്‌സ് രംഗത്ത് ശ്രദ്ധ നേടിയ മലയാളികളുടെ കമ്പനിയായ ശാസ്ത്ര ഗ്ലോബൽ ബിസിനസ് ഇന്നൊവേഷൻസ് (എസ്.ജി.ബി.ഐ ) യു.കെയിൽ 90.29 കോടി രൂപ (എട്ടു മില്യൺ പൗണ്ട് ) നിക്ഷേപിക്കും. മൂന്നുവർഷം കൊണ്ടാണ് നിക്ഷേപം പൂർത്തിയാക്കുക.
യു.കെ സർക്കാരിന്റെ വെബ്‌സൈറ്റിലൂടെ (gov.uk) ബ്രിട്ടീഷ് ട്രേഡ് സെക്രട്ടറി ജൊനാഥൻ റെയ്‌നോൾഡ്‌സാണ് വിവരം പുറത്തുവിട്ടത്. ഇന്ത്യയിൽ നിന്ന് യു.കെയ്ക്ക് ലഭിക്കുന്ന 100 മില്യൺ പൗണ്ട് നിക്ഷേപങ്ങളുടെ ഭാഗമാണ് എസ്.ജി.ബി.ഐയുടെ വിവരം പ്രഖ്യാപിച്ചത്. റോബോട്ടിക്‌സ് ബിസിനസിന്റെ വികസനമാണ് പുതിയ നിക്ഷേപത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതിലൂടെ 75 തൊഴിലവസരങ്ങൾ യു.കെയിലുണ്ടാകും. ദക്ഷിണേന്ത്യയിൽ നിന്ന് യു.കെയിൽ നിക്ഷേപിക്കുന്ന ആദ്യ റോബോട്ടിക്‌സ് കമ്പനിയാണ് എസ്.ജി.ബി.ഐ.
യു.കെയിൽ നിന്ന് 2023ൽ ലഭിച്ച 150 ടെസ്റ്റിംഗ് റോബോട്ടുകൾക്കുള്ള ഓർഡറിന്റെ തുടർച്ചയാണ് പുതിയ നിക്ഷേപമെന്ന് സഹസ്ഥാപകനും സി.ഇ.ഒയുമായ ആരോണിൻ പൊന്നപ്പൻ പറഞ്ഞു. കളമശേരിയിൽ 40 പേർ ജോലി ചെയ്യുന്ന യൂണിറ്റാണ് ഓർഡർ നടപ്പാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
2013ൽ സ്റ്റാർട്ടപ്പ് വില്ലേജ് ആസ്ഥാനമായി സ്‌പെഷ്യലൈസ്ഡ് റോബോട്ടിക്‌സ്, എ.ഐ സൊലൂഷൻസ് കമ്പനിയായാണ് തുടക്കമെന്ന് സഹസ്ഥാപകനും സി.എഫ്.ഒയുമായ അഖിൽ അഖിൽ അശോകൻ പറഞ്ഞു. 2021ൽ യുറോപ്പിലേയ്ക്കും ഏഷ്യൻ രാജ്യങ്ങളിലേയ്ക്കും പ്രവർത്തനം വ്യാപിപ്പിച്ചു.
റോബർട് ബോഷ്, എച്ച്.സി.എൽ ടെക്‌നോളജീസ്, ഹണിവെൽ, ക്വാൽകോം, എ.ബി.ബി, ടെക് മഹീന്ദ്ര തുടങ്ങിയ സ്ഥാപനങ്ങൾ എസ്.ജി.ബി.ഐയുടെ ഇടപാടുകാരാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |