'നാൻസി റാണി' എന്ന സിനിമയുടെ പ്രമോഷനിൽ നിന്നും നടി അഹാന കൃഷ്ണ വിട്ടുനിന്നത് അടുത്തിടെ ഏറെ ചർച്ചയായിരുന്നു. സംവിധായകന്റെ അപ്രതീക്ഷിത വിയോഗം കാരണം ഭാര്യയായിരുന്നു പിന്നീട് സിനിമയുടെ റിലീസ് കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്. മാനുഷിക പരിഗണന നൽകണമെന്നാണ് സംവിധായകന്റെ ഭാര്യ നെെന നടിയോട് പറഞ്ഞത്.
പിന്നാലെ കാര്യങ്ങൾ വ്യക്തമാക്കി അഹാന തന്നെ രംഗത്ത് വന്നു. താനും മനു ജെയിംസും ഭാര്യ നൈനയും തമ്മിൽ നിലനിൽക്കുന്നത് ചെറിയ പ്രശ്‌നങ്ങൾ അല്ലെന്നാണ് അഹാന പങ്കുവച്ച കുറിപ്പിൽ പറയുന്നത്. രണ്ട് ദിവസം മുൻപായിരുന്നു മുഴുനീള പോസ്റ്റിലൂടെ അഹാന കാര്യങ്ങൾ വിശദീകരിച്ചത്.
'സിനിമയുടെ ചിത്രീകരണ സമയത്ത് മനു തീർത്തും അൺപ്രൊഫഷണലായി പെരുമാറി. ഞാൻ അറിയാതെ മറ്റൊരാളെകൊണ്ട് തന്റെ കഥാപാത്രത്തിന് ഡബ്ബ് ചെയ്യിപ്പിച്ചു. ചിത്രം എത്ര മോശം ആണെങ്കിലും ഞാൻ പ്രൊമോഷൻ ചെയ്യുമായിരുന്നു. അത് എന്റെ കടമയായതുകൊണ്ടാണ്. എന്നാൽ ഇവിടെ സംഭവിച്ചത് അതിനും അപ്പുറമാണ്. സംവിധായകനും ഭാര്യയും ചേർന്ന് എന്റെയും കുടുംബത്തിന്റേയും മേൽ മയക്കുമരുന്ന് ആരോപണം ഉന്നയിച്ചു. അത് അവരുടെ തെറ്റുകൾ മറയ്ക്കാനായിരുന്നു',- നടി പറഞ്ഞത്.
ഇപ്പോഴിതാ ഈ സംഭവത്തിൽ തന്നെ പിന്തുണച്ചവർക്ക് നന്ദി പറഞ്ഞെത്തിയിരിക്കുകയാണ് അഹാന. തന്റെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരം നന്ദി അറിയിച്ചത്. തനിക്ക് പറയാനുള്ള കാര്യങ്ങൾ കേൾക്കും മുൻപ് തന്നെ ആളുകൾ എന്നെ പിന്തുണയ്ക്കുന്നുണ്ടായിരുന്നുവെന്നാണ് അഹാന പറഞ്ഞത്.
'എനിക്ക് പറയാനുള്ള കാര്യങ്ങൾ കേൾക്കും മുൻപ് തന്നെ ആളുകൾഎന്നെ പിന്തുണയ്ക്കുന്നുണ്ടായിരുന്നു. രണ്ടാഴ്ചയായി കമന്റ് ബോക്സുകളിലൂടെയായി ആ സ്നേഹവും പിന്തുണയും ഞാൻ കാണുന്നുണ്ടായിരുന്നു. എന്റെ ക്യാരക്ടറിനെക്കുറിച്ച് മോശം പറയുന്നവരെ പ്രതിരോധിക്കുന്നത് ഞാൻ നേരിട്ട് കണ്ടു. എന്റെ സുഹൃത്തുക്കൾ എന്നെ സംരക്ഷിക്കുന്നത് പോലെയാണ് ആളുകൾ എന്റെ കൂടെ നിന്നത്. അക്കാര്യത്തിൽ എനിക്ക് സന്തോഷമുണ്ട്. ഇത്രയും പിന്തുണ നൽകിയതിന് നന്ദി',- നടി കുറിച്ചു. പോസ്റ്റിന് താഴെ ഛായാഗ്രാഹകനും അഹാനയുടെ സുഹൃത്തുമായ നിമിഷ് രവിയും പിന്തുണ അറിയിച്ച് എത്തിയിട്ടുണ്ട്. കരിയറിന്റെ കയറ്റത്തിലും ഇറക്കത്തിലും നീ ദയയുള്ള കുട്ടിയായിരുന്നുവെന്നാണ് നിമിഷിന്റെ കമന്റ്.
മുൻപ് സഹോദരി ദിയയുടെ വിവാഹത്തിന് നിമിഷുമായി അഹാന എടുത്ത ചിത്രങ്ങൾ വെെറലായിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ നിരവധി അഭ്യൂഹങ്ങളുമുണ്ട്. എന്നാൽ തങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണെന്ന് നിമിഷ് രവി വെളിപ്പെടുത്തിയിരുന്നു. അഹാന കൃഷ്ണ നായികയായ ലൂക്ക എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകനും നിമിഷ് രവിയായിരുന്നു. റോഷാക്, കുറുപ്പ്, കിംഗ് ഓഫ് കൊത്ത തുടങ്ങിയ സിനിമകളുടെ ക്യാമറ ചെയ്തതും നിമിഷാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |