കോട്ടയം : കൊയ്‌ത് കൂട്ടിയ പ്രതീക്ഷയാണ് ദാ കുന്നുകൂടി കിടക്കുന്നത്. വേനൽ മഴ കൂടി എത്തിയാൽ അദ്ധ്വാനം പതിരാകും. ഞങ്ങൾ എന്ത് ചെയ്യണം. മില്ലുടമകളുടെ വിലപേശലിൽ ആകെ തകർന്ന അവസ്ഥയിലാണ് ജെ ബ്ലോക്ക് 9000 പാടശേഖരത്തെ കർഷകർ. സഹികെട്ട് പലരും പ്രതിഷേധവുമായി തെരുവിലിറങ്ങി. പിന്തുണയുമായി രാഷ്ട്രീയ പാർട്ടികളും നേതാക്കളുമുണ്ട്. ഒരു പാടശേഖരത്തിലെ മാത്രം കാര്യമല്ലയിത് പലയിടങ്ങളിലും ഇതാണ് സ്ഥിതി. വിവിധ പഞ്ചായത്തുകളിലായി സ്ഥിതി ചെയ്യുന്ന ജില്ലയിലെ ഏറ്റവും വലിയ പാടശേഖരമാണ് ജെ ബ്ലോക്ക്. 400 ഏക്കറിലെ കൊയ്ത്ത് പൂർത്തിയായപ്പോഴാണ് ക്വിന്റലിന് മൂന്ന് കിലോ നെല്ല് കിഴിവ് വേണമെന്ന ആവശ്യവുമായി മില്ലുകാരെത്തിയത്. കർഷകർ ഇത് നിരാകരിച്ചതോടെ സംഭരണം തടസപ്പെട്ടു. നെൽകർഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ രണ്ട് ദിവസം കളക്ടറെ കണ്ടെങ്കിലും പരിഹാരമായില്ല. ഏറ്റവും മികച്ച നെല്ലെന്ന് കർഷകർ പറയുമ്പോൾ പതിരുണ്ടെന്നും കിഴിവിന്റെ കാര്യത്തിൽ കർഷകരുടെ ഭാഗത്തു നിന്നും വിട്ടുവീഴ്ച വേണമെന്നുമാണ് സപ്ലൈകോയുടെ നിലപാട്. കളക്ടറുടെ ഇടപെടലിനെത്തുടർന്ന് കഴിഞ്ഞ ദിവസം കൂടുതൽ മില്ലുകളെ സംഭരണ രംഗത്തേയ്ക്ക് എത്തിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
പിന്തുണയുമായി പ്രതിപക്ഷ നേതാവ്
നെൽ കർഷക സംരക്ഷണ സമിതിയും ബി.ജെ.പിയും ഇന്നലെ പാഡി മാർക്കറ്റിംഗ് ഓഫീസറെ ഉപരോധിച്ചു. കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഇന്നലെ എത്തി. കൃഷി മന്ത്രി അടക്കമുള്ളവർ വിഷയത്തിൽ ഇടപെട്ടെങ്കിലും കിഴിവ് നൽകില്ലെന്ന നിലപാടിലാണ് കർഷകർ. പാഡി മാർക്കറ്റിംഗ് ഓഫീസർ മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചെന്ന് നെൽകർഷക സംരക്ഷണ സമിതി ഭാരവാഹികൾ പറയുന്നു. ബി.ജെ.പി കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധത്തിന് പ്രസിഡന്റ് ലിജിൻ ലാൽ നേതൃത്വം നൽകി.
മഴക്കുറവ് വില്ലനായി
ഇടമഴ ലഭിക്കാതിരുന്നത് വിളവിനെ ദോഷകരമായി ബാധിച്ചു. സാധാരണ വിളവെത്താറാകുമ്പോൾ മഴ ലഭിക്കുകുകയും, നെല്ലിന് നല്ല ദൃഢതയുണ്ടാവുകയും ചെയ്യാറുണ്ട്. എന്നാൽ ഇത്തവണ മഴ കുറഞ്ഞതും ചൂട് കൂടിയതും വില്ലനായി. നെൽക്കതിരുകൾ ഉണങ്ങി. 23 മുതൽ 25 ഡിഗ്രി വരെ ചൂടാണ് നെൽച്ചെടികൾക്ക് താങ്ങാനാവുന്നത്. എന്നാൽ ഇപ്പോൾ പ്രതിദിനം 35 - 38 ഡിഗ്രി ചൂടാണ് ജില്ലയിൽ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഉണക്ക് ഇനിയും കൂടിയാൽ വിളവിൽ കാര്യമായ കുറവുണ്ടാകും.
കർഷകരുടെ ആവശ്യങ്ങൾ
സംഭരണകാര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപടെണം
കൂടുതൽ മില്ലുകളെ ഉൾപ്പെടുത്തി സംഭരണം വേഗത്തിലാക്കണം
കിഴിവിന്റെ പേരിൽ നെല്ല് സംഭരണം വൈകിപ്പിക്കുന്നത് തടയണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |