കോഴിക്കോട്: കൊടും ചൂടും പച്ചപ്പുല്ലിന്റെ കടുത്ത ക്ഷാമവും ജില്ലയിലെ ക്ഷീര മേഖലയ്ക്ക് കനത്ത തിരിച്ചടി. വേനൽ കനത്തതോടെ ദിവസേനയുള്ള പാൽ ഉത്പാദനത്തിൽ 5000ത്തിലധികം ലിറ്ററിന്റെ കുറവാണ് വരുന്നത്. രണ്ടാഴ്ചക്കകം പ്രതിദിനം എട്ട് ശതമാനത്തിന്റെ കുറവുണ്ടായതായി ക്ഷീരവികസന വകുപ്പ് വ്യക്തമാക്കുന്നു. ഡിസംബർ വരെ ശരാശരി ഒരുലക്ഷത്തിലധികം ലിറ്റർ പാൽ ലഭിച്ചിരുന്നു. ജനുവരിയിൽ ചൂട് തുടങ്ങിയതോടെ പ്രതിദിനം 97,000 ലിറ്ററായി കുറഞ്ഞു. ഫെബ്രുവരിയിൽ 84, 000 ലിറ്ററിലേക്ക് താഴ്ന്നു. ജില്ലയിൽ 255 ക്ഷീരസംഘങ്ങൾ വഴിയാണ് പാൽ സംഭരിക്കുന്നത്. ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന 13ക്ഷീര വികസന യൂണിറ്രുകളിൽ പ്രതിദിനം ശരാശരി 200- 500 ലിറ്റർ പാലിന്റെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വേനൽ ചൂട് ഇനിയും കടുത്താൽ പാലിന്റെ അളവിൽ വൻ ഇടിവുണ്ടാകും.
പ്രതിസന്ധിയിൽ കർഷകർ
കാലാവസ്ഥ വ്യതിയാനം മൂലം പശുക്കൾക്ക് ഇടക്കിടെയുണ്ടാകുന്ന രോഗങ്ങളും വർദ്ധിച്ച ചെലവും കാരണം പലരും കാലിവളർത്തൽ ഉപേക്ഷിച്ചു. തീറ്റയുടെ വിലയും കൂടിയത് തിരിച്ചടിയായി. ശരാശരി 95000 പശുക്കൾ ജില്ലയിലുണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ കണക്ക്. പാൽ ഉത്പ്പാദനം കുറഞ്ഞത് ഒന്നും രണ്ടും പശുക്കളെ മാത്രം വളർത്തി വരുമാനം കണ്ടെത്തുന്നവരെയാണ് കൂടുതൽ പ്രതിസന്ധിയിലാക്കിയത്. പുല്ല് കിട്ടാതായതോടെ ധാന്യമടങ്ങിയ കട്ടിയുള്ള തീറ്റ നൽകുന്നതും ദഹനക്കേടിനും പാൽ ഉത്പാദനം കുറയാനും കാരണമായി.
തുണയായി മിൽമ
ചൂടിന്റെ കഠിന്യം അനുഭവപ്പെട്ട് തുടങ്ങിയെങ്കിലും പാൽ സംഭരണത്തിൽ കുറവ് വന്നിട്ടില്ലെന്നാണ് മലബാർ മിൽമ വ്യക്തമാക്കി. 6.10 ലക്ഷം ലിറ്റർ പാലാണ് പ്രതിദിനം സംഭരിക്കുന്നത്. വേനൽക്കാലത്തെ ക്ഷീരകർഷകുടെ നഷ്ടം പരിഹരിക്കാൻ മിൽമ കാലാവസ്ഥാ വ്യതിയാന ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കുന്നുണ്ട്. കർഷകന് ഒരു പശുവിന് 2000 രൂപവരെയാണ് ഇൻഷ്വറൻസ് ലഭിക്കുക. 40668 പശുക്കളാണ്പദ്ധതിയുടെ ഭാഗമായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. മാർച്ച് മുതൽ മേയ് വരെയാണ് പദ്ധതി. കൂടാതെ മിൽമ കാലിത്തീറ്റ, പുല്ല് എന്നിവ സബ്സിഡി നിരക്കിൽ നൽകുന്നുണ്ട്.
സൂര്യതാപം അഞ്ചു പശുക്കൾ ചത്തു
ഫെബ്രുവരി മുതൽ ഇതുവരെ സൂര്യതാപമേറ്റ് അഞ്ചു പശുക്കൾ ചത്തെന്നാണ് ജില്ലാ വെറ്ററിനറി ഓഫീസിൽ നിന്നുള്ള കണക്കുകൾ. വേനൽ കടുത്തതോടെ കുന്നുകലികളുടെ പരിപാലനത്തിനും പരിചരണത്തിനും പ്രത്യേക ശ്രദ്ധ ആവശ്യമാണ്. സൂര്യതാപം ഏൽക്കാൻ സാധ്യതയുളളതിനാൽ പകൽ 10 മുതൽ വൈകിട്ട് നാലു വരെ കന്നുകാലികളെ തുറസ്സായ സ്ഥലങ്ങളിലോ പാടത്തോ കെട്ടിയിടരുത്. ദിവസേന ഒന്നോ രണ്ടോ തവണ കുളിപ്പിക്കണം. ധാതുലവണ മിശ്രിതം, ഉപ്പ്, അപ്പക്കാരം, എ,ഡി,ഇ വൈറ്റമിനുകൾ ചേർന്ന മിശ്രിതങ്ങൾ തീറ്റയിൽ ചേർത്ത് നൽകണം. ശാരീരിക അസ്വസ്ഥത, കാലിടർച്ച, കിതപ്പ്, നാവ്പുറത്തേക്ക് തളളുക, പതയോട് കൂടിയ ഉമനീരൊലിപ്പ് തുടങ്ങിയ ലക്ഷണങ്ങൾ പശുക്കളിൽ കണ്ടാൽ ഉടൻ വെറ്ററിനറി ഡോക്ടറെ അറിയിക്കണം.
'വരും ദിവസങ്ങളിൽ ചൂട് ഉയരാനിടയുള്ളതിനാൽ പാൽ ഉത്പ്പാദനം കുറയുമെന്നാണ് മിൽമയുടെ വിലയിരുത്തൽ'-കെ.സി ജയിംസ്- മാനേജിംഗ് ഡയറക്ടർ, മലബാർ മിൽമ
''ചൂടു കൂടുന്നതിനാൽ പശുക്കൾക്ക് പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമാണ്- സുരേഖ നായർ, ഡെപ്യൂട്ടി ഡയറക്ടർ, ക്ഷീര വികസന വകുപ്പ്
' ചൂട് മാത്രമല്ല മറ്റ് പലതും പാലുല്പാദനത്തിൽ ഇടിവുണ്ടാകാൻ കാരണമാകുന്നുണ്ട്''- അബ്ദുൽ ആഷിഫ് -ക്ഷീരവികസന യൂണിറ്റ് കുന്നുമേൽ, ബ്ലോക്ക്
ജില്ലയിൽ ക്ഷീരസംഘങ്ങൾ
255
ക്ഷീരസംഘങ്ങളിൽ പാൽ അളക്കുന്ന കർഷകർ
1200
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |