കൊല്ലം: കഴിഞ്ഞ പതിനൊന്നിന് രാത്രി മാടൻനട ജംഗ്ഷൻ സമീപം 90ഗ്രാം എം.ഡി.എം.എ പിടികൂടിയ സംഭവത്തിൽ രണ്ടാം പ്രതി ഇരവിപുരം പൊലീസിന്റെ പിടിയിലായി. ഇരവിപുരം മുണ്ടയ്ക്കൽ കൊല്ലൂർവിള നഗർ 124, അറഫ മൻസിലിൽ അസീം ഖാനാണ് (47) അറസ്റ്റിലായത്. ഡൽഹിയിൽ നിൽക്കുകയായിരുന്ന ഒന്നാം പ്രതിക്ക് എം.ഡി.എം.എ എടുക്കുന്നതിന് ആവശ്യമായ ഒരു ലക്ഷം രൂപ കൊല്ലത്ത് നിന്ന് വിമാന മാർഗം ഡൽഹിയിൽ എത്തിച്ചത് ഇയാളാണ്. കാഷ് ഏതെങ്കിലും അക്കൗണ്ട് വഴി കൊടുത്താൽ തെളിവാകുമെന്നതിനാൽ വിമാന മാർഗം എത്തിക്കുകയായിരുന്നു. ഒന്നാം പ്രതിയുടെ അക്കൗണ്ട് വഴി എടുത്തുകൊടുത്ത തിരുവനന്തപുരം- ന്യൂഡൽഹി വിമാന ടിക്കറ്റ് രണ്ടാം പ്രതിയുടെ വാട്സാപ്പിലേക്ക് അയച്ചുകൊടുത്തു. തുടർന്ന് രണ്ടാംപ്രതി വിമാനമാർഗം കാഷ് ഒന്നാം പ്രതിക്ക് എത്തിക്കുകയായിരുന്നു. കാഷ് നൽകിയശേഷം ഒന്നാം പ്രതി എടുത്തുകൊടുത്ത ട്രെയിൻ ടിക്കറ്റ് ഉപയോഗിച്ച് രണ്ടാംപ്രതി തെങ്കാശിയിലുള്ള ഇയാളുടെ ഫ്രൂട്സ് കടയിലേക്ക് പോയി. രണ്ടാം പ്രതിയിൽ നിന്ന് ലഭിച്ച കാഷ് ഉപയോഗിച്ച് ഒന്നാംപ്രതി എം.ഡി.എം.എ വാങ്ങി വിമാനം മാർഗം തിരുവനന്തപുരത്ത് എത്തി ടാക്സി കാറിൽ മാടൻനടയിൽ ഇറങ്ങി വീട്ടിലേക്ക് നടന്നുപോകുന്നതിനിടയിലാണ് പൊലീസ് പിടികൂടിയത്. ഒന്നാം പ്രതി പിടിയിലായ ദിവസം തന്നെ കമ്മിഷണർ കിരൺ നാരായണിന്റെ നിർദ്ദേശ പ്രകാരം കൊല്ലം എ.സി.പി എസ്.ഷെരീഫിന്റെ നേതൃത്വത്തിൽ ഇരവിപുരം സി.ഐ ആർ.രാജീവ്, എസ്.ഐ മാരായ ജയേഷ്, രാജ് മോഹൻ എന്നിവർ ഉൾപ്പെട്ട പ്രത്യേക സംഘത്തെ ഈ കേസിന്റെ അന്വേഷണത്തിന് നിയോഗിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ടാം പ്രതി പിടിയിലായത്. എം.ഡി.എം.എയുടെ ഉറവിടം കണ്ടെത്താൻ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |