വർക്കല: കരുനിലക്കോട് അഞ്ചുവരമ്പുവിള വീട്ടിൽ സുനിൽദത്തിനെ (57) വെട്ടിക്കൊലപ്പെടുത്തിയത് കുടുബവഴക്കും മുൻവൈരാഗ്യത്തിലുമാണെന്ന് പൊലീസ്. സംഭവത്തിൽ കസ്റ്റഡിയിലുണ്ടായിരുന്ന പ്രതികളുടെ അറസ്റ്റ് വർക്കല പൊലീസ് രേഖപ്പെടുത്തി.
തിരുവനന്തപുരം വെള്ളൈക്കടവ് കരിമൺകുഴി വീട്ടിൽ ഷാനി (48), വട്ടിയൂർക്കാവ് കൊടുങ്ങാനൂർ മാത്തവിള പുത്തൻവീട്ടിൽ മനു (36) എന്നിവരാണ് അറസ്റ്റിലായത്. കേസിലുൾപ്പെട്ട 16കാരനെ ജുവൈനൽ കോടതിയിൽ ഹാജരാക്കും.
സുനിൽദത്തിന്റെ സഹോദരി ഉഷാകുമാരിയുടെ ഭർത്താവാണ് കേസിലെ ഒന്നാം പ്രതിയായ ഷാനി. ഇക്കഴിഞ്ഞ 13ന് വൈകിട്ട് 5ഓടെ പ്രതികൾ സുനിൽദത്തിന്റെ വീട്ടിലെത്തി.കൊലപാതകത്തിനായി ആയുധവും കൈയിൽ കരുതിയാണ് എത്തിയത്.
സംഭവസമയം വീടിന് പുറത്തായിരുന്നുവെന്നും ഉച്ചത്തിലുള്ള നിലവിളികേട്ട് ഓടി അകത്തെത്തുമ്പോൾ, സുനിൽദത്ത് നിലത്ത് രക്തത്തിൽ കുളിച്ച് കിടക്കുന്നതും, മനു വെട്ടുകത്തിയുമായി നിൽക്കുന്നതുമാണ് കണ്ടതെന്ന് ഉഷാകുമാരി മൊഴി നൽകിയിട്ടുണ്ട്. കൊലപാതകത്തിനുശേഷം 50 മീറ്ററോളം ദൂരത്തിൽ പ്രതികൾ നടന്നുപോകുന്നതും, അതിനുശേഷം സ്കൂട്ടറിൽ കയറി രക്ഷപ്പെടുന്നതുമായുള്ള സി.സി ടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. കൊലയ്ക്ക് ഉപയോഗിച്ച കൊങ്കി ആകൃതിയിലുള്ള വെട്ടുകത്തി മനുവിന്റെ വീട്ടിൽ നിന്ന് കണ്ടെത്തി. ഭാര്യയുമായി സൗഹൃദം സ്ഥാപിച്ചതിന് സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിലും മനു പ്രതിയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |