മലപ്പുറം: സാമ്പത്തിക വർഷം അവസാനിക്കാൻ രണ്ടാഴ്ച മാത്രം അവശേഷിക്കേ പദ്ധതി നിർവഹണത്തിൽ തദ്ദേശ സ്ഥാപനങ്ങൾ ഏറെ പിന്നിൽ. ബഡ്ജറ്റ് വിഹിതമായ 844.22 കോടി രൂപയിൽ ഇന്നലെ വരെ ചെലവഴിച്ചത് 461.97 കോടിയാണ്. 55.33 ശതമാനം തുകയാണ് ചെലവഴിച്ചത്. സാധാരണഗതിയിൽ മാർച്ച് പകുതി ആവുമ്പോഴേക്കും 70 ശതമാനത്തിന് മുകളിൽ തുക ചെലവഴിക്കാറുണ്ട്. വിവിധ വികസന പദ്ധതികൾക്കുള്ള 382 കോടിയോളം രൂപ ചെലവഴിക്കാൻ ബാക്കിനിൽക്കുന്നുണ്ട്.
ജനറൽ പദ്ധതികൾക്കായി 442 കോടി രൂപ വകയിരുത്തിയപ്പോൾ 263 കോടി രൂപ ചെലവഴിച്ചു. 59 ശതമാനമാണിത്. എസ്.സി പദ്ധതികൾക്കുള്ള 136 കോടിയിൽ 73 കോടിയാണ് ചെലവഴിച്ചത്. രണ്ടാഴ്ച കൊണ്ട് ശേഷിക്കുന്ന തുക ചെലവഴിക്കൽ അപ്രായോഗികമാണ്. പദ്ധതി തുക നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ ബില്ലുകൾ പാസാക്കി പണം പിന്നീട് നൽകാൻ ക്യൂവിലേക്ക് മാറ്റുന്ന പ്രവണത തുടർന്നേക്കും. സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലം ഏർപ്പെടുത്തിയിരുന്ന ട്രഷറി നിയന്ത്രണവും വിനയായി.
സർക്കാർ ഫണ്ടുകൾ യഥാസമയം കൈമാറാത്തതും തിരിച്ചടിയായി. ഫെബ്രുവരി അവസാനമാണ് പ്ലാൻ ഫണ്ടിന്റെ മൂന്നാംഗഡു അനുവദിച്ചത്. ജനറൽ പർപ്പസ് ഗ്രാൻഡിൽ രണ്ടുഗഡു ലഭിച്ചിട്ടില്ല. ഈ മാസമാണ് ഏറ്റവും കൂടുതൽ ബില്ലുകൾ പാസാക്കുക. പ്ലാൻ ഫണ്ടിന്റെ അവസാന ഗഡുവും മെയിന്റനൻസ് ഗ്രാൻഡും അനുവദിക്കാത്തത് റോഡ് പണികളുടെ ബില്ലുകൾ ഉൾപ്പടെ അനുവദിക്കുന്നതിന് തടസ്സമാവും. മാർച്ച് അവസാനമാവുമ്പോഴേക്കും തുക ചെലവഴിക്കലിൽ കാര്യമായ വർദ്ധനവ് ഉണ്ടാവുമെന്നാണ് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ അവകാശവാദം.
മാതൃകയാക്കാം ഇവരെ
പദ്ധതി നിർവഹണത്തിൽ 72 ശതമാനം തുകയും ചെലവഴിച്ച് മലപ്പുറം ജില്ലാ പഞ്ചായത്ത് മുന്നിലുണ്ട്. ജനറൽ പദ്ധതികൾക്കുള്ള മുഴുവൻ തുകയും ചെലവഴിച്ചു. മുനിസിപ്പാലിറ്റികളിൽ - മഞ്ചേരി (71.35 %), ബ്ലോക്ക് പഞ്ചായത്തുകളിൽ കുറ്റിപ്പുറം (69.34 %), ഗ്രാമപഞ്ചായത്തുകളിൽ കീഴാറ്റൂർ (68.56) എന്നിവയാണ് ഫണ്ട് ചെലവഴിക്കലിൽ മുന്നിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |