തിരുവനന്തപുരം: അടുത്ത പൊലീസ് മേധാവിയാവാൻ മുപ്പത് വർഷം സർവീസുള്ള ആറ് ഐ.പി.എസുകാർ പരിഗണനയിൽ. ഇവരുടെ പട്ടിക സർക്കാർ ഏപ്രിൽ 15നകം കേന്ദ്രത്തിന് കൈമാറും.
യു.പി.എസ്.സി ചെയർമാൻ അദ്ധ്യക്ഷനായും കേന്ദ്രസേനകളിലൊന്നിന്റെ മേധാവി, കേന്ദ്രആഭ്യന്തര സെക്രട്ടറി, സംസ്ഥാന ചീഫ്സെക്രട്ടറി, ഡി.ജി.പി എന്നിവർ അംഗങ്ങളുമായ സമിതി മൂന്നംഗ ചുരുക്കപ്പട്ടിക തയ്യാറാക്കും.
ഇതിനായി മേയ് അവസാനം യോഗം ചേരും.തുടർന്ന്
സംസ്ഥാനത്തിന് കൈമാറും. ഇതിലൊരാളെ സംസ്ഥാന സർക്കാരിന് പൊലീസ് മേധാവിയാക്കാം. നിലവിലെ മേധാവി ഷേഖ്ദർവേഷ് സാഹിബിന്റെ കാലാവധി ജൂൺ30ന് കഴിയും.
സീനിയോരിറ്റിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തിന്റെ ആറംഗപട്ടിക. എന്നാൽ യു.പി.എസ്.സിയുടെ മൂന്നംഗ പട്ടിക സീനിയോരിറ്റിയും മികച്ച പ്രവർത്തനവും സ്വഭാവശുദ്ധിയും പരിഗണിച്ചാണ് തയ്യാറാക്കുക. മൂന്നംഗപട്ടികയിൽ കയറിക്കൂടാൻ കേന്ദ്രത്തിൽ പലവഴിക്ക് സമ്മർദ്ദം ചെലുത്തുന്നവരുണ്ട്.
പാകിസ്ഥാൻ അതിർത്തിയിലെ നുഴഞ്ഞുകയറ്റം തടയുന്നതിൽ വീഴ്ചവരുത്തിയതിന് ബി.എസ്.എഫ് മേധാവിയായിക്കെ കേന്ദ്രം, കേരളത്തിലേക്ക് തിരിച്ചയച്ച നിതിൻഅഗർവാളാണ് പട്ടികയിലെ ഒന്നാമൻ. വകുപ്പുതല അന്വേഷണം നേരിടുന്നില്ല എന്നതിനാൽ പരിഗണിക്കും.
ആറംഗ പട്ടികയിൽ രണ്ടുപേർ കേന്ദ്രസർവീസിലാണ്. സുരേഷ് രാജ് പുരോഹിത് എസ്.പി.ജിയിലും റവാഡ ചന്ദ്രശേഖർ ഐ.ബിയിലും. പൊലീസ് മേധാവിയാക്കിയാൽ കേരളത്തിലേക്ക് തിരിച്ചെത്താൻ ഇരുവരും സന്നദ്ധത രേഖാമൂലം അറിയിച്ചിട്ടുണ്ട്.
ആറാമനായ എം.ആർ. അജിത്കുമാറിനെതിരെ വിജിലൻസ്, ക്രൈംബ്രാഞ്ച് അന്വേഷണങ്ങളുണ്ട്. ആറുമാസമെങ്കിലും സർവീസ് ശേഷിക്കുന്നവരെയേ പൊലീസ് മേധാവിയാക്കൂ. രണ്ടുവർഷം കാലാവധി ഉറപ്പാക്കണം. 30 വർഷം സർവീസുള്ളവരില്ലെങ്കിൽ 25വർഷമായ എ.ഡി.ജി.പിമാരെയും പരിഗണിക്കും. കേരളത്തിൽ ഈ പ്രശ്നമില്ല.
ആറംഗ പട്ടികയിലുള്ളവരും
സർവീസ് കാലാവധിയും
1.നിതിൻഅഗർവാൾ-------------2026 ജൂലായ്
2. റവാഡചന്ദ്രശേഖർ-------------2026 ജൂലായ്
3. യോഗേഷ്ഗുപ്ത-----------------2030 ഏപ്രിൽ
4.മനോജ്എബ്രഹാം--------------2031 ജൂൺ
5.എസ്.സുരേഷ്---------------------2027 ഏപ്രിൽ
6.എം.ആർ.അജിത്കുമാർ-------2028 ജനുവരി
2,05,400--2,24,400
ഡിജിപിയുടെ ശമ്പളസ്കെയിൽ
(പുറമെ അരലക്ഷത്തോളം അലവൻസും)
മൂന്നിൽ കടക്കാതെ തച്ചങ്കരി
പിണറായി സർക്കാരിന്റെ വിശ്വസ്തനായിരുന്ന ഡി.ജി.പി ടോമിൻതച്ചങ്കരിക്ക് സീനിയോരിറ്റിയുണ്ടായിട്ടും അന്തിമപട്ടികയിൽ ഇടംപിടിക്കാനായിരുന്നില്ല. വിജിലൻസ് കേസുകളിലടക്കം കുരുങ്ങിയതാണ് വിനയായത്. മനുഷ്യാവകാശ കമ്മിഷൻ ഇൻവെസ്റ്റിഗേഷൻ ഡയറക്ടറായാണ് വിരമിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |