മുംബയ്: നഗരത്തിലെ ഹോട്ടൽ കേന്ദ്രീകരിച്ച് പ്രവർത്തിച്ച സെക്സ് റാക്കറ്റിലെ രണ്ട് പേർ അറസ്റ്റിൽ. ഇവരുടെ വലയിൽപ്പെട്ട നാല് സ്ത്രീകളെ അധികൃതർ രക്ഷിച്ചു. ഇതിൽ ഒരു സ്ത്രീ മുമ്പ് ഹിന്ദി സീരിയലിൽ അഭിനയിച്ചിട്ടുണ്ട്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പവായിലെ ഹോട്ടലിൽ നടത്തിയ പരിശോധനയിലാണ് നടപടി.
ഹോട്ടൽ നടത്തിപ്പുകാരൻ ശ്യാം സുന്ദർ അറോറയും സഹായിയുമാണ് അറസ്റ്റിലായത്. ഇവരുടെ കൈയിൽ നിന്ന് മൂന്ന് ലക്ഷം രൂപയും മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. സംഘത്തിലുണ്ടായിരുന്ന ഒരാൾക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ്. സെക്സ് റാക്കറ്റ് സ്ത്രീകളെ വലയിലാക്കുന്ന സംഭവങ്ങൾ തുടർക്കഥയായിക്കൊണ്ടിരിക്കുകയാണ്.
ചില മോഡലുകളും സീരിയൽ നടിമാരുമൊക്കെ സെക്സ് റാക്കറ്റിന്റെ ഇരകളായിട്ടുണ്ട്. സിനിമയിൽ അവസരം വാഗ്‌ദാനം ചെയ്‌താണ് ഇവർ പെൺകുട്ടികളെ വലയിലാക്കുന്നത്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
മുമ്പ് സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമായ സ്ഥലങ്ങളിലൊന്നായിരുന്നു മുംബയ്. ഏത് പാതിരാത്രിയിലും ഒറ്റയ്ക്ക് അടക്കം സഞ്ചരിക്കാൻ സാധിച്ചിരുന്നു. എന്നാൽ അടുത്തിടെ മുംബയിൽ സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളിൽ പന്ത്രണ്ട് ശതമാനം വർദ്ധനവാണുണ്ടായത്. കുട്ടികളെ ദുരുപയോഗം ചെയ്യുന്ന കേസുകളിൽ ഇരുപത്തിയൊന്ന് ശതമാനം വർദ്ധനവാണുണ്ടായത്.
മുമ്പത്തെ അപേക്ഷിച്ച് പീഡനത്തിനിരയായവർക്ക് പരാതി നൽകാൻ ഇന്ന് ധൈര്യമുണ്ടെന്ന് പൊലീസ് ചൂണ്ടിക്കാണിക്കുന്നു. പരിചയക്കാരിൽ നിന്നാണ് കൂടുതൽ സ്ത്രീകളും പീഡനം അനുഭവിക്കുന്നതെന്നും ഉദ്യോഗസ്ഥർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |