□അനുകൂല നിലപാടുമായി ഫെഫ്ക
കൊച്ചി: സിനിമാ ഷൂട്ടിംഗ് സ്ഥലത്ത് ലഹരി ഉപയോഗിക്കില്ലെന്ന കരാറിൽ അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും ഒപ്പിടണമെന്ന നിർമ്മാതാക്കളുടെ നിർദ്ദേശം നാളെ ചേരുന്ന താര സംഘടനയായ അമ്മയുടെ പൊതുയോഗം ചർച്ച ചെയ്യും. പുതിയ സിനിമകളുടെ കരാറിൽ ലഹരി ഉപയോഗിക്കില്ലെന്ന വ്യവസ്ഥയും ഉൾപ്പെടുത്താനാണ് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തീരുമാനം.
സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്‌ക, അമ്മ എന്നിവയെ അസോസിയേഷൻ തീരുമാനം അറിയിച്ചിട്ടുണ്ട്. സെറ്റിലെ ലഹരിക്കെതിരെ കർശനനിലപാട് നേരത്തെതന്നെ സ്വീകരിച്ച ഫെഫ്‌ക പുതിയ തീരുമാനത്തിന് അനുകൂലമാണ്. താരങ്ങളുടെയും സാങ്കേതിക പ്രവർത്തകരുടെയും ലഹരി ഉപയോഗം ഷൂട്ടിംഗ് തടസപ്പെടാനും നിർമ്മാതാവിന് നഷ്‌ടം വരാനും കാരണമാകുന്ന സാഹചര്യത്തിലാണിത്.അടിയന്തര മറുപടി നിർമ്മാതാക്കൾ ആവശ്യപ്പെട്ട സാഹചര്യത്തിൽ അമ്മയുടെ പൊതുയോഗ അജണ്ടയിൽ വിഷയം ഉൾപ്പെടുത്തുകയായിരുന്നു. നിർമ്മാതാക്കളുടെ തീരുമാനം അംഗീകരിക്കാനാണ് സാദ്ധ്യത.
സമീപ കാലത്ത് താരങ്ങൾ ലഹരിക്കേസിൽ ഉൾപ്പെടുകയും അധികൃതർ കർശനനിലപാട് സ്വീകരിക്കുകയും ചെയ്‌ത സാഹചര്യവും യോഗം ചർച്ച ചെയ്യും. കേന്ദ്ര നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥൻ അമ്മ യോഗത്തിൽ ലഹരി വിരുദ്ധ ക്ളാസെടുക്കുന്നുണ്ട്.
ലഹരി വിരുദ്ധ ദിനമായ ഈ മാസം 26 മുതൽ പുതിയ കരാർ നടപ്പാക്കാനാണ് നിർമ്മാതാക്കളുടെ തീരുമാനം. പ്രതിഫലം ഉൾപ്പെടെ നിശ്ചയിക്കുന്ന കരാറിലാണ് പുതിയ വ്യവസ്ഥ ഉൾപ്പെടുത്തുക. ലഹരിയുപയോഗം മൂലം ഷൂട്ടിംഗ് തടസപ്പെടുകയോ മുടങ്ങുകയോ ചെയ്‌താൽ ഉത്തരവാദികൾ നഷ്‌ടപരിഹാരം നൽകണമെന്നും വ്യവസ്ഥ ചെയ്യും.
അമ്മയുടെ പൊതുയോഗം നാളെ രാവിലെ 10ന് കലൂരിലെ ഗോകുലം കൺവെൻഷൻ സെന്ററിൽ ആരംഭിക്കും. അഡ്ഹോക്ക് കമ്മിറ്റിക്ക് പകരം പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും. പ്രസിഡന്റായി മോഹൻലാലും ഭാരവാഹികളായി മറ്റു ചിലരും തുടരുമെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |