ന്യൂഡൽഹി: പാകിസ്ഥാൻ ഭീകരതയുടെ പ്രഭവകേന്ദ്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തനിക്കെതിരെയുള്ള വിമർശനങ്ങളെ സ്വാഗതം ചെയ്ത മോദി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ ആത്മസുഹൃത്താണെന്നും പറഞ്ഞു. ഭീകരതയുടെ വേര് പാകിസ്ഥാനിലാണ്. അത് ലോകത്തിനു മുഴുവൻ ബോദ്ധ്യപ്പെട്ട കാര്യമാണെന്നും പോഡ്കാസ്റ്റ് അഭിമുഖത്തിൽ മോദി വ്യക്തമാക്കി.
പാകിസ്ഥാൻ ശത്രുതയാണ് പരിപോഷിപ്പിക്കുന്നത്. ഇന്ത്യയെ മാത്രമല്ല, ലോകത്തെ മുഴുവൻ ബുദ്ധിമുട്ടിക്കുകയാണ്. ഇന്ത്യ പലതവണ സമാധാനശ്രമങ്ങൾ നടത്തി. തെറ്രുകളിൽ നിന്ന് അവർ പാഠം പഠിക്കണം. ശരിയായപാത തിരഞ്ഞെടുക്കണം. വ്യത്യസ്‌ത അഭിപ്രായങ്ങളുണ്ടെങ്കിലും ചൈനയുമായി കുടുംബത്തിനകത്ത് എന്നപോലെ തർക്കങ്ങളിലേക്ക് പോകാതിരിക്കാനാണ് ശ്രമം.
ട്രംപ് മുന്നോട്ടു വയ്‌ക്കുന്നത് അമേരിക്ക ആദ്യം എന്ന മുദ്രാവാക്യമാണ്. തന്റേത് ഭാരതം ആദ്യമെന്നതും. ട്രംപിന്റെ സമീപനം തന്റെ തത്വവുമായി ഒത്തുപോകുന്നതാണ്.
വിമർശനങ്ങളെ ഭയപ്പെടുന്നില്ല. അത് ജനാധിപത്യത്തിന്റെ ആത്മാവാണ്. ഗോധ്ര കലാപവുമായി ബന്ധപ്പെട്ട് തനിക്കെതിരെ തെറ്റായ പ്രചാരണമുണ്ടായി. ദരിദ്ര ചുറ്റുപാടികളിലാണ് താൻ വളർന്നത്. ദാരിദ്ര്യത്തെ ഒരിക്കലും കഷ്‌ടപ്പാടായി കണ്ടിട്ടില്ല. ജീവിതത്തിലെ ഓരോഘട്ടത്തെയും നന്ദിയോടെയാണ് സ്വീകരിച്ചതെന്നും മോദി പറഞ്ഞു. അമേരിക്കൻ കമ്പ്യൂട്ടർ ശാസ്ത്രജ്ഞനും, പ്രമുഖ പോഡ്കാസ്റ്ററുമായ ലെക്‌സ് ഫ്രിഡ്മാനാണ് അഭിമുഖം നടത്തിയത്.
ഇടതുസംഘടനകൾക്ക് കുത്ത്
ഇടതു തൊഴിലാളി സംഘടനകൾ 'ലോക തൊഴിലാളികളെ ഒന്നിക്കുവിൻ' എന്നാണ് ആഹ്വാനം ചെയ്യുന്നത്. ആർ.എസ്.എസിന്റെ തൊഴിലാളി സംഘടനയായ ബി.എം.എസ് പറയുന്നത് 'തൊഴിലാളികളെ, ലോകത്തെ ഒന്നിപ്പിക്കൂ' എന്നാണ്.
ആർ.എസ്.എസിന്റെ ഭാഗമായി പ്രവർത്തിക്കാൻ സാധിച്ചത് തന്റെ സൗഭാഗ്യമാണെന്നും മോദി. ജീവിതലക്ഷ്യവും നിസ്വാർത്ഥ സേവനത്തിന്റെ മൂല്യങ്ങളും പഠിച്ചത് അവിടെ നിന്നാണ്. ലോകവ്യാപകമായി ആർ.എസ്.എസ് വിദ്യാഭ്യാസ, ആരോഗ്യ മേഖലയിൽ പ്രവർത്തനങ്ങൾ നടത്തുന്നു.
45 മണിക്കൂർ
നിരാഹാരം
അഭിമുഖത്തിന് അവസരം കിട്ടിയതിന്റെ ബഹുമാനാർത്ഥം 45 മണിക്കൂർ നിരാഹാരം അനുഷ്‌ഠിച്ച ശേഷമാണ് താൻ വന്നതെന്ന് ലെക്‌സ് ഫ്രിഡ്മാൻ മോദിയോട് പറഞ്ഞു. തന്റെ ജീവിതത്തിലെ ഏറ്റവും വികാരഭരിതവും ശക്തവുമായ അഭിമുഖങ്ങളിൽ ഒന്നാണിതെന്നും വ്യക്തമാക്കി. നിരാഹാരം ശാസ്ത്രീയ പ്രകിയയാണെന്ന് മോദി പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |