സനാ: യെമനിലെ ഹൂതി വിമത കേന്ദ്രങ്ങൾ ആക്രമിച്ച് യു.എസ്. 31 പേർ കൊല്ലപ്പെട്ടു. നൂറിലേറെ പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ ഏറെയും സ്ത്രീകളും കുട്ടികളുമാണ്. തലസ്ഥാനമായ സനാ, തൈസ്, ദാഹ്യാൻ നഗരങ്ങളിലാണ് ആക്രമണമുണ്ടായത്.ജനുവരിയിൽ യു.എസ് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് അധികാരമേറ്റ ശേഷമുള്ള ഏറ്റവും വലിയ സൈനിക ദൗത്യമായിരുന്നു ഇന്നലെ പുലർച്ചെയുണ്ടായ ആക്രമണം. ഹൂതികൾക്കെതിരെയുള്ള ആക്രമണ പരമ്പര യു.എസ് ആഴ്ചകളോളം തുടർന്നേക്കുമെന്നാണ് സൂചന. അതേസമയം, പ്രകോപനങ്ങളോട് അതേ നാണയത്തിൽ തിരിച്ചടിക്കുമെന്ന് ഹൂതികൾ പ്രഖ്യാപിച്ചു. യു.എസിന്റേത് യുദ്ധക്കുറ്റമാണെന്നും ആരോപിച്ചു. ഗാസയിലേക്ക് സഹായം എത്തിച്ചില്ലെങ്കിൽ ചെങ്കടലിലൂടെ പോകുന്ന കപ്പലുകളെ ആക്രമിക്കുന്നത് പുനരാരംഭിക്കുമെന്ന ഹൂതികളുടെ ഭീഷണിക്ക് പിന്നാലെയായിരുന്നു യു.എസിന്റെ നടപടി.
ഇതിനിടെ, ഹൂതികളെ പിന്തുണയ്ക്കുന്ന ഇറാന് ട്രംപ് മുന്നറിയിപ്പ് നൽകി. 'ഹൂതികൾക്ക് പിന്തുണ നൽകുന്നത് ഉടൻ അവസാനിപ്പിക്കണം. ഇറാൻ അമേരിക്കയ്ക്ക് ഭീഷണിയായാൽ പ്രതികരണം നല്ലതായിരിക്കില്ല." - ട്രംപ് പറഞ്ഞു. ഹൂതികളുടേത് അവരുടേതായ നിലപാടാണെന്നും തങ്ങൾക്കെതിരെ നടപടിയുണ്ടായാൽ പ്രതികരിച്ചിരിക്കുമെന്നും ഇറാൻ റെവലൂഷണറി ഗാർഡ് തിരിച്ചടിച്ചു.
അതേസമയം, ആക്രമണങ്ങൾ അവസാനിപ്പിച്ച് ചർച്ചകളുടെ പാത സ്വീകരിക്കണമെന്ന് റഷ്യ യു.എസിനോട് ആവശ്യപ്പെട്ടു. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി നടത്തിയ ഫോൺ സംഭാഷണത്തിനിടെ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലവ്‌റൊവ് ആണ് ഇക്കാര്യം അറിയിച്ചത്. യുക്രെയിനിലെ വെടിനിറുത്തൽ സംബന്ധിച്ച ചർച്ചയ്ക്കാണ് ഇരുവരും ഫോൺ സംഭാഷണം നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |